പാവയ്ക്ക ചായ കുടിച്ചിട്ടുണ്ടോ? നെറ്റി ചുളിക്കാൻ വരട്ടെ

Mail This Article
കഴിക്കാൻ ഒട്ടും ഇഷ്ടമില്ലാത്തതും എന്നാൽ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നതുമായ പച്ചക്കറിയാണ് പാവയ്ക്ക. ഗുണകണങ്ങൾ പറഞ്ഞ് മിക്ക അമ്മമാരും മക്കളെ കഴിപ്പിക്കാൻ നോക്കിയ ഐറ്റം കൂടിയാണ് ഇത്. കയ്പ്പാണ് പ്രശ്നം. ചോറിന്റെ കൂടെ മാത്രമല്ല സ്മൂത്തികളിലും ജൂസുകളിലും പാവയ്ക്ക ചേർക്കും. എന്നാൽ പാവയ്ക്ക കൊണ്ടുണ്ടാക്കുന്ന ചായ അറിയുമോ? ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് അറിയാമോ?
കൊളസ്ട്രോൾ കുറയ്ക്കാൻ പാവയ്ക്കയ്ക്ക് സാധിക്കും. പാവയ്ക്കയുടെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ രക്തത്തിലെ ചീത്ത കോളസ്ട്രോളിന്റെ അളവു കുറയ്ക്കാനുംഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഗുണങ്ങളേറെയുണ്ട്.
പാവയ്ക്ക ചായ അല്ലെങ്കിൽ ഗോഹിയ ചായ എന്നാണ് ഇത് അറിയപ്പെടുന്നത്ത്. പാവയ്ക്കയുടെ ഉണങ്ങിയ കഷ്ണങ്ങൾ വെള്ളത്തിൽ കലർത്തി ഉണ്ടാക്കുന്ന ഔഷധ പാനീയമാണ് പാവയ്ക്ക ചായ. വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റും. പാവയ്ക്കയുടെ ഇലകൾ, പഴങ്ങൾ, വിത്തുകൾ എന്നിവ ഉപയോഗിച്ചും പാവയ്ക്ക ചായ ഉണ്ടാക്കാം.
എങ്ങനെയാണ് പാവയ്ക്ക ചായ ഉണ്ടാക്കുന്നത്, നോക്കാം
ചേരുവകൾ
ഉണങ്ങിയതോ അല്ലെങ്കിൽ പുതുതായി മുറിച്ചെടുത്തതോ ആയ പാവയ്ക്ക കഷ്ണങ്ങൾ
വെളളം
തേൻ (ആവശ്യമെങ്കിൽ)
ഉണ്ടാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്ത് തിളപ്പിക്കുക. അതിലേക്ക് ഉണക്കികവച്ചതോ അല്ലാത്തയോ ആയ പാവയ്ക്ക കഷ്ണങ്ങൾ ഇടുക. മീഡിയം ഫ്ലെയിമിൽ ഒരു 10 മിനുട്ട് വെള്ളം തിളയ്ക്കാന്‍ അനുവദിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ പാവയ്ക്കയിലെ പോഷകങ്ങൾ വെള്ളത്തിൽ ചേരും. ശേഷം പാത്രം മാറ്റിവയ്ക്കുക . പാവയ്ക്ക കഷ്ണങ്ങൾ കുറച്ച് സമയം വെള്ളത്തിൽ കൂടെ കിടക്കുന്നതാണ് നല്ലത്. പിന്നീട് വെള്ളം അരിച്ചെടുത്ത് പാത്രത്തിലോ കപ്പിലോ ഒഴിച്ചുവയ്ക്കുക. ആവശ്യമെങ്കിൽ തേനോ മറ്റ് മധുരമോ ചേർക്കുക. ചായ റെഡി. ഇനി നിങ്ങൾ മധുരം കഴിക്കാത്തവരാണെങ്കിൽ മധുരം ചേർക്കേണ്ടതില്ല.