മാമ്പഴ പുളിശ്ശേരി വേറെ ആർക്കാണ് ഇഷ്ടം? കൊതിയൂറും രുചിയുമായി അപര്‍ണ ദാസ്

Mail This Article
ഞാൻ പ്രകാശൻ, ബീസ്റ്റ്, ദാദ തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് അപര്‍ണ ദാസ്. നടന്‍ ദീപക് പറമ്പോലുമായുള്ള വിവാഹ ശേഷം, ഒരുപാട് യാത്രകള്‍ ചെയ്തതിന്‍റെ ഒട്ടേറെ ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ പുതിയ പാചക വിഡിയോയുമായി എത്തിയിരിക്കുകയാണ് താരം.
ഒരു ചട്ടിയില്‍ നല്ല പഴുത്ത മാമ്പഴങ്ങള്‍ തൊലി കളഞ്ഞ് വച്ചിരിക്കുന്നത് കാണാം. ഇതിലേക്ക് മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്, ശര്‍ക്കര പൊടി മുതലായവ ഇടുന്നു. തുടര്‍ന്ന് കുറച്ചു വെള്ളമൊഴിക്കുന്നു. ഇത് അടുപ്പില്‍ വച്ചു വേവിക്കുന്നു. ഒരു ജാറില്‍ അല്‍പ്പം തേങ്ങ, ജീരകം എന്നിവ ഇട്ടു നന്നായി അടിച്ചെടുക്കുന്നു. ഇതിലേക്ക് അല്‍പ്പം തൈര് ഒഴിച്ച് വീണ്ടും അടിക്കുന്നു.
വെന്ത മാങ്ങ കൂട്ടിലേക്ക് ഈ തേങ്ങ മിശ്രിതം ഒഴിക്കുന്നു. നന്നായി മിക്സ് ചെയ്ത് തിളപ്പിക്കുന്നു. ഇനി ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുന്നു, ഇതിലേക്ക് അല്‍പ്പം ഉലുവ, ചുവന്ന മുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് താളിച്ച് കറിയില്‍ ഒഴിക്കുന്നു. മാമ്പഴ പുളിശ്ശേരി റെഡി.
ഇത് ചോറില്‍ ഒഴിച്ച് കഴിക്കുന്നതും വിഡിയോയില്‍ ഉണ്ട്.
പുളിശ്ശേരിയും പച്ചടിയുമല്ല... ഇതാണ് ലോകത്തിലെ ഏറ്റവും രുചിയേറിയ ഇന്ത്യന്‍ മാമ്പഴ വിഭവം
ടേസ്റ്റ് അറ്റ്‌ലസ് നടത്തിയ തിരഞ്ഞെടുപ്പില്‍ ലോകത്തിലെ ഏറ്റവും മികച്ച മാമ്പഴ വിഭവങ്ങളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനം നേടിയത് മഹാരാഷ്ട്രയില്‍ നിന്നുള്ള ആംരസ് ആയിരുന്നു. ഗുജറാത്തിലും മഹാരാഷ്ട്രയിലുമൊക്കെ വിവാഹസദ്യയില്‍ ഇത് വിളമ്പാറുണ്ട്. പൂരിയുടെ ഒപ്പവും ഇത് കഴിക്കും.
ആംരസ് ഉണ്ടാക്കാനായി അല്‍ഫോണ്‍സ മാമ്പഴമാണ് ഉപയോഗിക്കുന്നത്. നന്നായി പഴുത്ത മാമ്പഴത്തിന്‍റെ പള്‍പ്പെടുത്ത് മിക്‌സിയില്‍ ഇട്ടടിക്കുന്നു. മധുരത്തിനായി പഞ്ചസാരയോ ശര്‍ക്കരയോ ചേര്‍ക്കും. കുങ്കമപ്പൂവ്, ചുക്ക്, അല്ലെങ്കില്‍ ഏലയ്ക്ക് എന്നിവയും ഇതിനൊപ്പം ചേര്‍ക്കും. ഇത് തണുപ്പിച്ച് കഴിക്കാന്‍ നല്ലതാണ്. അല്ലാതെയും കഴിക്കാറുണ്ട്.