കാറ്ററിങ്ങുകാരുടെ ചിക്കൻപെരട്ട്; ആ രഹസ്യകൂട്ട് ഇതാണ്

Mail This Article
കല്യാണ വീട്ടിൽ പോകുമ്പോൾ മിക്കവരും പറയുന്ന കാര്യമാണ്, അന്നത്തെ ഭക്ഷണം. വീട്ടിൽ വച്ചതാണോ അതോ കാറ്ററിങ്ങിനു കൊടുത്തതാണോ? എന്തായാലും വിഭവങ്ങൾ സൂപ്പറാണ്. കാറ്ററിങ്ങിലെ മീൻകറിയും ചിക്കനും ബീഫും ഊണുമൊക്കെ കിടിലൻ രുചിയാണ്. കാറ്ററിങ്ങുകാർ ഉണ്ടാക്കുന്ന ചിക്കൻപെരട്ടിന്റെ രഹസ്യകൂട്ട് അറിയണോ? ഇനി ഇങ്ങനെ ചിക്കൻപെരട്ട് വയ്ക്കാം.
ഗ്യാസിൽ ചെറിയ തീയിൽ പാൻ വച്ച് വെളിച്ചെണ്ണ ഒഴിക്കാം. ചൂടാകുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂണ്‍ മല്ലിപ്പൊടി, ഒന്നര ടീസ്പൂൺ ചിക്കൻമസാല രണ്ടു ടേബിൾ സ്പൂൺ കശ്മീരി മുളക്പൊടി, ഒരു ടീസ്പൂൺ മഞ്ഞപൊടി, അര ടീസ്പൂൺ കുരുമുളക്പൊടി ചെറിയ തീയിൽ ഈ പൊടികളുടെ പച്ചമണം മാറുന്നിടം വരെ നന്നായി വഴറ്റാം. അതിലേക്ക് കഴുകി വൃത്തിയാക്കി ചെറുതായി അരിഞ്ഞ ചിക്കൻ കഷണങ്ങൾ ചേർക്കാം. പൊടിയുമായി ചേർത്ത് നന്നായി ഇളക്കി, അടച്ച് വച്ച് വേവിക്കാം. വെള്ളം ചേർക്കേണ്ടതില്ല. അഞ്ചു മിനിറ്റിനു ശേഷം അടപ്പ് മാറ്റാം, ചിക്കനിലെ വെള്ളം ഇറങ്ങിയതായി കാണാം. ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് ഇളക്കി വീണ്ടും അടച്ച് വച്ച് ചിക്കൻ വേവിച്ചെടുക്കാവുന്നതാണ്.
ചിക്കൻ വെന്ത് വരുമ്പോൾ അതിലേക്ക് ചെറുതായി അരിഞ്ഞ സവാളയും ഇഞ്ചി വെളുത്തുള്ളി അരച്ചതും എരിവിന് അനുസരിച്ച് പച്ചമുളകും ഇത്തിരി ഗരംമസാലയും തക്കാളി അരച്ചതും കറിവേപ്പിലയും ചേർത്തത് നന്നായി യോജിപ്പിച്ച് വേവിച്ചെടുക്കാം. സവാളയും കൂട്ടും നന്നായി ചിക്കനിൽ വെന്ത് ചേരും. വെള്ളം വറ്റിച്ചെടുത്താൽ കാറ്ററിങ് സ്പെഷൽ ചിക്കൻ പെരട്ട് റെഡി.