കല്യാണ മീൻ കറി വയ്ക്കാം; ഒരാഴ്ചയോളം കേടാകില്ല

Mail This Article
മീൻ പലരുചിക്കൂട്ടിൽ തയാറാക്കാറുണ്ട്. മുളകരച്ചും തേങ്ങയരച്ചുള്ള പീരയും വറുത്തരച്ചുമൊക്കെ വയ്ക്കാറുണ്ട്. എന്നാലും ഷാപ്പിൽ നിന്നു കിട്ടുന്ന മീൻകറിയും കല്യാണ മീൻകറിയുമൊക്കെ വ്യത്യസ്ത രുചിയിലാണ് ഉണ്ടാക്കുന്നത്. ഇതിന്റെ രുചി രഹസ്യം അറിഞ്ഞാലോ? കല്യാണ തലേന്ന് കോട്ടയം ഭാഗത്ത് തയാറാക്കുന്ന കിടിലൻ മുളകിട്ട മീൻകറിയുടെ പാചകക്കൂട്ട് അറിയാം.
അടുപ്പിൽ ചട്ടിവച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിക്കാം. അതിലേക്ക് കടുകും ഉലുവയും ചേർക്കണം. കടുക് പൊട്ടി
കഴിഞ്ഞാൽ നീളത്തിൽ അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും കറിവേപ്പിലയും ചേർത്ത് നന്നായി മൂപ്പിക്കണം. ഇളം ബ്രൗൺ നിറമാകുമ്പോൾ തീ കുറച്ച്‍വച്ച് കശ്മീരി മുളക്പൊടിയും മഞ്ഞപ്പൊടിയും ചേർത്ത് നന്നായി വഴറ്റണം. ശേഷം ചെറുചൂടുവെള്ളത്തിൽ കുതിർത്ത കുടംപുളിയും കുതിർത്ത വെള്ളവും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് എണ്ണ തെളിയുന്നിടം വരെ വഴറ്റണം.

ശേഷം ചൂടുവെള്ളം ആവശ്യത്തിന് ചേർക്കണം. നല്ലതുപോലെ തിളച്ചു കഴിയുമ്പോൾ വൃത്തിയാക്കിയ മീൻ കഷണങ്ങൾ ചേർത്ത് ഇരുപതു മിനിറ്റ് നേരം അടച്ച്‌വച്ച് വേവിക്കണം. വെള്ളം വറ്റി കറി കുറുകിവരും. തീ അണച്ചതിനു േശഷം വെളിച്ചെണ്ണയും ഉലുവാപ്പൊടിയും കറിവേപ്പിലയും ചേർത്ത് ചട്ടി ചുറ്റിച്ചെടുക്കണം. ഹാ ഗംഭീരം കല്യാണ മീൻകറി റെഡി. മല്ലിപ്പൊടിയും ചെറിയുള്ളിയും ഒന്നും ചേർക്കാത്തതിനാല്‍ ഒരാഴ്ചയോളം ചൂടാക്കി എടുത്താൽ ഈ മീൻ കറി കേടാകില്ല.