ഇത് സൂപ്പർ, ഉണ്ടാക്കാനും വളരെ എളുപ്പം; മാങ്ങ ആവിയിൽ വേവിച്ച് തയാറാക്കുന്ന പലഹാരം

Mail This Article
മാമ്പഴം സീസണായി. പഴുത്തമാങ്ങാ പുളിശ്ശേരി മുതൽ ചോറിന് കൂട്ടായി മാങ്ങായുടെ വെറൈറ്റി കറികളാണ് മിക്ക വീട്ടിലും തയാറാക്കുന്നത്, വ്യത്യസ്തമായി പഴുത്ത മാങ്ങ വച്ച് ആവിയിൽ വേവിച്ച നല്ലൊരു പലഹാരം ഉണ്ടാക്കിയാലോ?
ചേരുവകൾ
മാങ്ങ മൂന്നെണ്ണം
ശർക്കരയുടെ പൊടി മുക്കാൽ കപ്പ്
തേങ്ങ ചിരവിയത് മുക്കാൽ കപ്പ്
വെള്ളം ഒരു കപ്പ്
ഏലക്കാപ്പൊടി ഒരു ടീസ്പൂൺ
ഉപ്പ് ഒരു നുള്ള്
നെയ്യ് ഒരു ടേബിൾ സ്പൂൺ
അണ്ടിപ്പരിപ്പ് രണ്ട് ടേബിൾ സ്പൂൺ
ഉണക്കമുന്തിരി രണ്ട് ടേബിൾ സ്പൂൺ
വറുത്ത റവ മുക്കാൽ കപ്പ്
വറുത്ത അരിപ്പൊടി ഒരു ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
ചുവട് കട്ടിയുള്ള ഒരു പാനിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്തു മാറ്റുക. അതേ പാനിലേക്ക് തന്നെ മാങ്ങ കഷണങ്ങൾ ചെറുതായി അരിഞ്ഞത് വഴറ്റിയ ശേഷം അതിലേക്ക് മുക്കാൽ കപ്പ് ശർക്കരയുടെ പൊടിയും ഒരു കപ്പ് വെള്ളവും കൂടി ഒഴിച്ച് നന്നായി തിളപ്പിക്കുക.
ശേഷം മുക്കാൽ കപ്പ് തേങ്ങ ഇട്ടുകൊടുക്കാം കൂടെ തന്നെ ഒരു നുള്ള് ഉപ്പും ഒരു ടീസ്പൂൺ ഏലയ്ക്കാപ്പൊടി കൂടിയിട്ട് നന്നായി തിളക്കുന്ന സമയത്ത് മുക്കാൽ കപ്പ് റവയും ഒരു ടേബിൾ സ്പൂൺ അരിപ്പൊടിയും കൂടിയിട്ട് നന്നായി കുറുക്കിയെടുക്കുക. ശേഷം ഇത് ചൂടാറുമ്പോൾ ഒന്നുകൂടി കുഴച്ച് വാട്ടിയെടുത്ത വാഴയിലയിൽ മടക്കി ആവിയിൽ 15 മിനിറ്റ് വേവിക്കാം. സ്വാദിഷ്ടമായ പലഹാരം റെഡി.