ഈ രുചി വേറെ എവിടെയും കിട്ടില്ല; മാമ്പഴ പുളിശ്ശേരി ഇങ്ങനെ ഉണ്ടാക്കി നോക്കൂ

Mail This Article
മാമ്പഴ സീസൺ ആകാൻ കാത്തിരുന്ന് ആ മാമ്പഴങ്ങളെ കൊണ്ട് പല വിധ ഭക്ഷണങ്ങൾ ഉണ്ടാക്കുന്നവരാണ് ഭൂരിഭാഗം പേരും. മാമ്പഴം കൊണ്ടുള്ള വിവിധ വിഭവങ്ങൾ കേൾക്കുമ്പോൾ തന്നെ വായിൽ കപ്പലോടും. ഇതിൽ പെടുന്ന ഒന്നാണ് മലയാളികളുടെ പ്രിയപ്പെട്ട മാമ്പഴ പുളിശ്ശേരി. ഇതിന്റെ സ്വാദ് രുചിച്ചു തന്നെ അറിയണം. അടിപൊളി മാമ്പഴ പുളിശ്ശേരി എങ്ങനെയുണ്ടാക്കുമെന്ന് നോക്കിയാലോ.
ചേരുവകൾ
പഴുത്ത മാങ്ങ – 5 എണ്ണം
തൈര് – 3/4 കപ്പ്
ശർക്കര പാനി - 1/4 കപ്പ്
തേങ്ങ തിരുമ്മിയത്- 1 മുറി തേങ്ങ
മുളക് പൊടി – 3/4 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി – അര ടീസ്പൂണ്‍
കറിവേപ്പില – ഒരു തണ്ട്
ഉപ്പ് – പാകത്തിന്
താളിക്കാന്‍
നെയ്യ് – രണ്ടു ടീസ്പൂണ്‍
ഉലുവ – ഒരു നുള്ള്
കടുക് – അര ടീസ്പൂണ്‍
വറ്റല്‍ മുളക് – രണ്ട്
കറിവേപ്പില –നാലോ അഞ്ചോ ഇതള്‍
പാകം ചെയ്യുന്ന വിധം
ആവശ്യത്തിനു വെള്ളം ഒഴിച്ച് മാമ്പഴം വേവിക്കുക. ഇതിലേക്ക് ശർക്കര പാനിയും ഒരു ടേബിൾസ്പൂൺ നെയ്യും ചേർത്ത് കുറുക്കുക.
തേങ്ങ, തൈരും, ഉപ്പും മഞ്ഞളും, മുളകുപൊടിയും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക .മാമ്പഴം വെന്തു കഴിയുമ്പോള്‍ അരപ്പ് ചേര്‍ത്ത് ഇളക്കിയതിനുശേഷം നന്നായി ചൂടാകുമ്പോള്‍ വാങ്ങി വെക്കുക .
ഒരു പാനില്‍ നെയ്യ് ഒഴിച്ച് കടുക്, കറി വേപ്പില, ഉലുവ, വറ്റല്‍ മുളക് എന്നിവ വറുത്തു,ഇതു കറിയില്‍ താളിക്കാന്‍ ഇടുക. ഇത്രയും ചെയ്യുമ്പോഴേക്കും മാമ്പഴ പുളിശ്ശേരി തയ്യാർ.