ADVERTISEMENT

വേനലവധി കഴി‍ഞ്ഞു കുട്ടികൾ സ്കൂളിലേക്ക് പോകാറായി. ഇനി ടെൻഷൻ അമ്മമാർക്കാണ്. മഴക്കാലത്ത് കുട്ടികളെ മടിയില്ലാതെ സ്കൂളിലേക്ക് പറഞ്ഞയക്കാൻ മാത്രമല്ല, ഇവർക്ക് ഇഷ്ടപ്പെട്ട എന്ത് വിഭവം ലഞ്ചായി കൊടുത്തുവിടും എന്നതാണ്. ചില കുട്ടികൾ ഉച്ചയ്ക്ക് കൊടുത്തയക്കുന്ന ഭക്ഷണം കഴിക്കാതെ അതേപോലെ തിരികെ കൊണ്ടുവരും. മറ്റുചിലർ രാവിലത്തെ പലഹാരമാകും ഉച്ചക്കത്തെ ഭക്ഷണമായി കൊണ്ടുപോകുക. കുട്ടികൾക്ക് ഇഷ്ടപ്പെട്ടതും എന്നാൽ അമ്മമാർക്ക് എളുപ്പത്തിൽ തയാറാക്കാവുന്നതുമായ ചില വിഭവങ്ങളെ അറിയാം.

1.മസാല ചോറ്

പുലാവ് എന്നു വേണമെങ്കിൽ പറയാം. ബസ്മതി റൈസ് വേണമെന്നില്ല, തലേന്നുള്ള ചോറ് മതി ഈ മസാല ചോറ് തയാറാക്കുവാനായി. ചെറുതായി അരിഞ്ഞ സവാളയും തക്കാളിയും പച്ചമുളകും കറിവേപ്പിലയും വേണം. ചീനച്ചട്ടി ചൂടാകുമ്പോൾ എണ്ണ ചേർക്കാം. കടുകും ചുവന്നമുളകും ഉഴുന്നും ചേർക്കണം. അതിലേക്ക് ചെറുതായി അരിഞ്ഞ സവാളയും തക്കാളിയും പച്ചമുളകും കറിവേപ്പിലയും ആവശ്യത്തിനുള്ള ഉപ്പും മഞ്ഞപൊടിയും ചേർത്ത് നന്നായി വഴറ്റാം.

2183021593
Image creditZahyMaulana/Shutterstock

ആവശ്യത്തിനുള്ള മുളക്പൊടിയും ഗരംമസാലയും നുള്ള് ചിക്കൻമസാലയും ചേർത്ത് വഴറ്റാം. വെന്ത ചോറും ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കണം. തീ നന്നായി കുറച്ച് വയ്ക്കണം. കിടിലൻ മസാല ചോറ് റെഡി. കുട്ടികൾ ഏറെ ഇഷ്ടമാകും. 

2.ബ്രഡും ദോശമാവും ചേർത്തൊരു ടോസ്റ്റ്

എളുപ്പത്തിൽ രുചികരമായി തയാറാക്കാവുന്ന വ്യത്യസ്തമായ ടോസ്റ്റ്.

ചേരുവകൾ

ദോശ / ഇഡ്ഡലി മാവ് – 1 കപ്പ്‌

ഉള്ളി അരിഞ്ഞത് – 1/4 കപ്പ്‌

പച്ചമുളക് ചെറുതായി അരിഞ്ഞത് – 2 എണ്ണം

ഇഞ്ചി അരിഞ്ഞത് – 1 ടീസ്പൂൺ

കടുക് – 1/2 ടീസ്പൂൺ

ജീരകം – 1/2 ടീസ്പൂൺ

ചതച്ച മുളക് – 1/2 ടീസ്പൂൺ

മല്ലിയില – 1 ടേബിൾസ്പൂൺ

ബ്രഡ് – 4 കഷ്ണം

എണ്ണ – 1 ടീസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു ഫ്രൈയിങ് പാൻ വച്ച് അതിലേക്കു എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക. കടുക് പൊട്ടി വരുമ്പോൾ ജീരകം ഇട്ടൊന്നു ചൂടാക്കുക. അതിലേക്ക് ഇഞ്ചിയും പച്ചമുളകും ഉള്ളിയും ഇട്ടു വഴറ്റി എടുത്ത് ദോശ മാവിലേക്കു ചേർത്തു കൊടുക്കുക. ഉപ്പും മല്ലിയിലയും ചേർത്തു നന്നായി യോജിപ്പിക്കുക. 

ഒരു ഫ്രൈയിങ് പാൻ ചൂടാക്കി 1/2 ടീസ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ദോശ മാവിൽ ബ്രഡ് മുക്കി ടോസ്റ്റ് ചെയ്തെടുക്കുക. രണ്ടു വശവും നന്നായി ടോസ്റ്റ് ചെയ്തെടുത്തു കഴിക്കാം. ഇത് ചായയ്ക്കൊപ്പമോ, ബ്രേക്ക്‌ ഫാസ്റ്റായോ കഴിക്കാം. കൂടാതെ സ്കൂളിലേക്കുള്ള ടിഫിൻ ബോക്സിലും കൊടുത്തു വിടാം. (പ്രഭ, ദുബായ്)

3. കുട്ടികൾക്കു സ്കൂളിലേക്ക് എളുപ്പത്തിലും ഹെൽത്തിയുമായി കൊടുത്തു വിടാവുന്ന 2 വിഭവങ്ങൾ, തൈര് സാദവും കോൺ റൈസും.

ചേരുവകൾ

ചോറ് -1 കപ്പ്‌ (സോനാ മസൂരി, ബസ്മതി /പൊന്നി ഇതിൽ ഏതു ചോറും ഉപയോഗിക്കാം )

2. പച്ചമുളക് -1 അല്ലെങ്കിൽ 2 എണ്ണം

3. ഇഞ്ചി -ചെറിയ കഷ്ണം

4. തൈര് - 1/2 തൊട്ടു 3/4 കപ്പ്

5. പാൽ - 1/2 തൊട്ടു 3/4 കപ്പ്

6. വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ

7. കടുക് - 1/2 ടീസ്പൂൺ

8. ഉഴുന്ന് - 1 ടീസ്പൂൺ

9. ജീരകം - 1/4 ടീസ്പൂൺ

10. ചുവന്ന മുളക് - 2 എണ്ണം

11. കായപ്പൊടി - 1 നുള്ള്

12. കറിവേപ്പില

13. മല്ലിയില

14. അണ്ടിപരിപ്പ് വറുത്തത്

15. മാതളനാരങ്ങ അല്ലികൾ

16. ഉപ്പ്

തയാറാക്കുന്ന വിധം

വേവിച്ച ചോറിലേക്ക് ആവശ്യത്തിന് ഉപ്പ്, ഇഞ്ചി പച്ചമുളക് അരിഞ്ഞത്, തൈര്, പാൽ എന്നിവ ചേർത്ത് നന്നായി ഇളക്കി ചോറ് ഒന്ന് തവി വച്ചു  ഉടച്ചെടുക്കുക. അതിലേക്കു മല്ലിയില അരിഞ്ഞത് ചേർക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്, ഉഴുന്ന് പരിപ്പ് വറത്തു ജീരകം ചേർത്ത്, ചുവന്ന മുളക്, കറിവേപ്പില, കായപ്പൊടി എന്നിവ ചേർത്തിളക്കി തീ അണയ്ക്കുക. അതിനുശേഷം ഇളക്കി വച്ച ചോറിലേക്ക് ഇട്ട് ഇളക്കി അതിലേക്കു വറുത്ത അണ്ടിപരിപ്പ്, മാതളനാരങ്ങാ അല്ലികൾ എന്നിവ ചേർത്തിളക്കുക.

4. കോൺ റൈസ്

ചേരുവകൾ

1. ചോറ് - 1 കപ്പ്‌ (സോനാ മസൂരി, ബസ്മതി /പൊന്നി ഇതിൽ ഏതു ചോറും ഉപയോഗിക്കാം )

2. സ്വീറ്റ് കോൺ - 1 1/4 കപ്പ്‌ (1/2 കപ്പ്‌ ചതച്ചു എടുക്കണം )

3. സവാള - 1/2 എണ്ണം

4. വെളുത്തുള്ളി - 2 അല്ലെങ്കിൽ 3 എണ്ണം

5. വെണ്ണ - 1 ടീസ്പൂൺ

6. ഗരം മസാല - 1 നുള്ള്

7. കുരുമുളകുപൊടി - 1/4 ടീസ്പൂൺ

8. മല്ലിയില

9. ഉപ്പ്

തയാറാക്കുന്ന വിധം

ഒരു ഫ്രൈയിങ് പാനിൽ വെണ്ണ ചൂടാക്കി വെളുത്തുള്ളി അരിഞ്ഞതു ചേർത്തു വഴറ്റുക. അതിലേക്കു കോൺ ചതച്ചത് ചേർത്തു വഴറ്റുക. അതിലേക്കു സവാള അരിഞ്ഞത് കൂടി ചേർത്ത് വഴറ്റുക. അതിലേക്കു കോൺ ചേർത്ത് ഗരം മസാല, കുരുമുളകുപൊടി എന്നിവ ചേർത്ത് ഇളക്കി കുറച്ച് വെള്ളം ചേർത്ത് വേവിക്കുക. അതിലേക്കു ചോറ് ചേർത്തിളക്കി മല്ലിയില കൂടി ചേർത്ത് ഇളക്കി തീ അണയ്ക്കാം. (രോഹിണി സുരേഷ്)

English Summary:

Easy School Lunch Recipes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com