അരിയും ഉഴുന്നും ഗോതമ്പും ചേർക്കാത്ത ദോശ; ഇത് സ്പെഷലാണ്

Mail This Article
ഓട്സും പച്ചക്കറികളും കൊണ്ടുള്ള ദോശ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഗുണപ്രദമാണ്. ഓട്സിൽ കാൽസ്യം, മഗ്നീഷ്യം, അയൺ ഇതെല്ലാം അടങ്ങിയിരിക്കുന്നു. ഒരുപാട് രോഗങ്ങളെ ചെറുക്കാനും കഴിവുണ്ട്. അരിയും ഉഴുന്നും ചേർക്കാത്ത അടിപൊളി ദോശ. എളുപ്പത്തിൽ ഉണ്ടാക്കാവുന്നതാണ്. ഇതെങ്ങനെ തയാറാക്കുന്നു എന്ന് നോക്കാം.
ചേരുവകൾ
∙ഓട്സ് - ഒരു കപ്പ്
∙മുട്ട - 3
∙മുരിങ്ങയില - 2 പിടി
∙കാബേജ് അരിഞ്ഞത് - 1/4 കപ്പ്
∙ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് - 1/4 കപ്പ്
∙പച്ചമുളക് അരിഞ്ഞത് - ഒരു ടീസ്പൂൺ
∙ഇഞ്ചി അരിഞ്ഞത് - ഒരു ടീസ്പൂൺ
∙വെളുത്തുള്ളി അരിഞ്ഞത് - ഒരു ടീസ്പൂൺ
∙ചെറിയ ഉള്ളി അരിഞ്ഞത് - 1/4 കപ്പ്
∙മല്ലിയില അരിഞ്ഞത് - 1/4 കപ്പ്
∙തക്കാളി അരിഞ്ഞത് - 1/4 കപ്പ്
∙എള്ള് - 1 ടീസ്പൂൺ
∙ജീരകം - 1 ടീസ്പൂൺ
∙ഉപ്പ് - 1/2 ടീസ്പൂൺ
∙കുരുമുളക് പൊടി - 1 ടീസ്പൂൺ
∙വെള്ളം - 1 കപ്പ്
തയാറാക്കുന്ന വിധം
∙ഓട്സ് പൊടിച്ചു ഒരു കപ്പ് വെള്ളം ചേർത്ത് കട്ടയില്ലാതെ കലക്കി എടുക്കുക. മുട്ടയിൽ കുരുമുളക് പൊടിയും ഉപ്പും ചേർത്ത് നന്നായി അടിച്ചെടുത്തു ഓട്സിലേക്ക് ചേർക്കുക. ശേഷം നമ്മൾ അരിഞ്ഞുവെച്ച എല്ലാ വെജിറ്റബിൾസും ഇതിലേക്കിട്ടുകൊടുക്കാം, കൂടെ തന്നെ എള്ളും, ഉപ്പും, ജീരകവും കൂടി ഇട്ടുകൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. കുറച്ചു അയഞ്ഞ പാകത്തിൽ വേണം യോജിപ്പിച്ചെടുക്കാൻ.
∙ചൂടായ ഒരു പാനിൽ ഒരു ടീസ്പൂൺ എണ്ണ ഒഴിച്ച് കൊടുത്തതിനുശേഷം ഇത് ഓരോ തവി ഇത്തിരി ഒഴിച്ച് തിരിച്ചും മറിച്ചും ഇട്ട് ചുട്ടെടുക്കാം. പോഷകസമൃദ്ധമായ ഓട്സ് ദോശ റെഡി.