അരിയും ഉഴുന്നും അരയ്ക്കാതെ ഇഡ്ഡലി മാവ്; ഈ വിദ്യ അറിഞ്ഞുവച്ചോളൂ

Mail This Article
സ്കൂൾ തുറന്നു, കുട്ടികൾക്ക് ഇഷ്ടപ്പെട്ടത് എളുപ്പത്തിൽ എങ്ങനെ തയാറാക്കാം എന്നതാണ് മിക്ക അമ്മമാരുടെയും ചിന്ത. എന്നാൽ തിരക്കിനിടയിൽ ഇഡ്ഡലിയും ദോശയും ഉണ്ടാക്കാനായി അരിയു ഉഴുന്നും വെള്ളത്തിൽ കുതിർക്കാൻ മറന്നുപോയാലോ? ടെൻഷൻ വേണ്ട, ഒരു വിദ്യ പറഞ്ഞു തരാം. ഇഡ്ഡലി മാവ്, അരിയും ഉഴുന്നും അരയ്ക്കാതെ എങ്ങനെ തയാറാക്കാമെന്നു നോക്കാം.
ചേരുവകൾ
ഉഴുന്നുപൊടി - 1 കപ്പ്
ഗോതമ്പുപൊടി - 2 കപ്പ്
അരിപ്പൊടി - 1 കപ്പ്
ചോറ് - ഒരു പിടി
വെള്ളം - ആവശ്യത്തിന്(ഏകദേശം 3 കപ്പ്)
ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഉഴുന്ന് കഴുകി ഉണക്കിയ ശേഷം പൊടിക്കുക (ഈ പൊടി വായു കടക്കാത്ത പാത്രത്തിൽ ഒരു മാസം വരെ സൂക്ഷിക്കാം). ഒരു വലിയ പാത്രത്തിൽ ഗോതമ്പുപൊടി, അരിപ്പൊടി, ഉഴുന്നുപൊടി എന്നിവ ചേർത്ത് ഇളക്കി എടുക്കാം. ഒരുപിടി ചോറ് കുറച്ചു വെള്ളമൊഴിച്ച് മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഇത് പൊടിയിലേക്കു ചേർത്ത് കുറേശ്ശെ വെള്ളം ഒഴിച്ച് ഇഡ്ഡലി മാവിന്റെ പരുവത്തിൽ കലക്കി എടുക്കാം (ഇതിലേക്കു 2½ മുതൽ 3 കപ്പ് വരെ വെള്ളം ഉപയോഗിക്കാം). മാവ് വളരെ അയഞ്ഞതോ കട്ടിയുള്ളതോ ആകരുത്.
ഇത് 8 മുതൽ 10 മണിക്കൂർ വരെ മൂടി വയ്ക്കുക. മാവ് പൊങ്ങി വന്നാൽ ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കിയശേഷം ഇഡ്ഡലി തട്ടിൽ വെളിച്ചെണ്ണ പുരട്ടി മാവ് ഒഴിച്ച് 10 മിനിറ്റ് ആവിയിൽ വേവിക്കുക.