ADVERTISEMENT

ഉരുളക്കിഴങ്ങ് ചിപ്സും ഫ്രഞ്ച് ഫ്രൈസുമൊക്കെ കുട്ടികളടക്കം മുതിർന്നവർക്കും പ്രിയമാണ്. പക്ഷേ എപ്പോഴും കഴിക്കുന്നത് അത്ര നല്ലതല്ല, വറുത്ത ഉരുളക്കിഴങ്ങ് ചിപ്‌സിന് പകരം ആരോഗ്യകരമായ ഒരു ബദൽ തിരയുകയാണോ? എങ്കില്‍ ഒരു സൂപ്പർ ഹെൽത്തി സ്‌നാക്ക് പറഞ്ഞു തരാം. കിഴങ്ങ് അല്ല കാരറ്റ് കൊണ്ടും ഫ്രൈസ് തയാറാക്കാം. ഡയറ്റ് ചെയ്യുന്നവർക്കും കാലറി കുറഞ്ഞ ഭക്ഷണം കഴിക്കുന്നവർക്കും ഈ കാരറ്റ് ഫ്രൈ നല്ലതാണ്. 

കിഴങ്ങുവർഗമാണെങ്കിലും കാലറിമൂല്യം കുറഞ്ഞതും പോഷകഗുണം കൂടുതലുമാണ് കാരറ്റിന്. പച്ചക്കറികളിൽവച്ച് ഏറ്റവും കൂടുതൽ ബീറ്റാകരോട്ടിൻ ഉള്ളതു കാരറ്റിലാണ്.ഈ ബീറ്റാകരോട്ടിൻ ശരീരത്തിനുള്ളിൽ ചെന്നാൽ പിന്നെ വിറ്റമിൻ എ ആയി മാറും. കണ്ണിന്റെ കാഴ്‌ചയ്‌ക്കും കോശങ്ങളുടെ വളർച്ചയ്‌ക്കും എല്ലിനു ശക്‌തി പകരാനുമൊക്കെ കാരറ്റ് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി.

കുട്ടികൾ എപ്പോഴും ജങ്ക് ഫുഡ് കഴിക്കാതിരിക്കുവാനായി ഇനി അവർക്ക് ഈ ബേക്ക് ചെയ്ത കാരറ്റ് ചിപ്‌സ് വിളമ്പാം. കാരറ്റ് കഴിക്കാൻ മടിയുള്ളവരും ഈ ഫ്രൈ കഴിക്കും. 

കാരറ്റ് ചിപ്‌സ് ഉണ്ടാക്കാൻ വേണ്ട സാധനങ്ങൾ

കാരറ്റ് 2 എണ്ണം

 മുളകുപൊടി 1 ടീസ്പൂൺ

കുരുമുളക് 1/4 ടീസ്പൂൺ 

 എണ്ണ 1 ടേബിൾസ്പൂൺ (ഒലിവ് ഓയിൽ )

ഒറിഗാനോ 1 ടീസ്പൂൺ 

ചാട്ട് മസാല 1/2 ടീസ്പൂൺ 

ആവശ്യത്തിന് ഉപ്പ്

വെളുത്തുള്ളി പൊടി 1 ടീസ്പൂൺ 

കാരറ്റ് തൊലി കളഞ്ഞ് നന്നായി കഴുകുക. ഇനി വൃത്തിയുള്ള ഒരു ടവൽ ഉപയോഗിച്ച് വെള്ളം കളഞ്ഞ് എടുക്കാം. കാരറ്റ് സ്ട്രിപ്പുകളായി നീളത്തിൽ മുറിക്കാം. സ്ട്രിപ്പുകൾ വളരെ നേർത്തതോ കട്ടിയുള്ളതോ ആകരുത്.

അരിഞ്ഞ കാരറ്റിലേക്ക് ഓറഗാനോ, മുളകുപൊടി, ചാട്ട് മസാല, കുരുമുളക് പൊടി, വെളുത്തുള്ളി പൊടി, ഉപ്പ് എന്നിവ ചേർക്കുക. 1 ടേബിൾസ്പൂൺ എണ്ണയും ചേർത്ത് നന്നായി യോജിപ്പിക്കാം.

ഓരോ സ്ട്രിപ്പും ഒരു ബേക്കിങ് ട്രേയിൽ വയ്ക്കുക, 180 ഡിഗ്രി സെൽഷ്യസിൽ 15-20 മിനിറ്റ് ബേക്ക് ചെയ്യുക. ബേക്ക് ചെയ്തുകഴിഞ്ഞാൽ, നിങ്ങൾക്ക് ഇഷ്ടമുള്ള മറ്റേതെങ്കിലും ഡിപ്സ് ഉപയോഗിച്ച് വിളമ്പുക.

English Summary:

Say Goodbye to Potato Chips: Try These Amazing Carrot Fries!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com