വെള്ള വേണ്ട, പിങ്ക് മതി; ഇനി ഇഡ്ഡലി വെറൈറ്റിയാക്കാം

Mail This Article
ഇഡ്ഡലിയും ദോശയും മിക്കവർക്കും പ്രിയമാണ്. വെളുത്ത ഇഡ്ഡലിയിൽ നിന്നും ഇനി പിങ്ക് ഇഡ്ഡലി തയാറാക്കിയാലോ? രുചികരവും പോഷകവും നിറഞ്ഞ ഇഡ്ഡലിയാണ്. കാഴ്ചയിലും സൂപ്പറായിരിക്കും. റവ, തൈര്, വെള്ളം, ഉപ്പ്, ബീറ്റ്റൂട്ട് എന്നീ ചേരുവകൾ ചേർന്നാണ് ഈ മനോഹരമായ പിങ്ക് ഇഡ്ഡലികൾ തയാറാക്കുന്നത്.
ശരീരത്തിന് ഏറെ ഗുണമുള്ളതാണ് ബീറ്റ്റൂട്ട്.പൊട്ടാസ്യം, വിറ്റാമിൻ എ, ഇരുമ്പ്, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയ കുറഞ്ഞ കലോറി പച്ചക്കറിയാണ് ബീറ്റ്റൂട്ട്. അധികം സമയം കളയാതെ തന്നെ അരമണിക്കൂർ കൊണ്ട് ഇഡ്ഡലി ഉണ്ടാക്കാവുന്നതാണ്. ഫെർമെന്റേഷൻ ആവശ്യമില്ല. പോഷക സമൃദ്ധമായ പിങ്ക് ഇഡ്ഡലി തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
വറുത്ത റവ 2 കപ്പ്
വെള്ളം ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
തൈര് 1 കപ്പ്
1 ചെറിയ ബീറ്റ്റൂട്ട്
ഒരു പാത്രത്തിൽ വറുത്ത റവ, തൈര്, 1 കപ്പ് വെള്ളം എന്നിവ ചേർക്കുക. രുചിക്കനുസരിച്ച് ഉപ്പ് ചേർത്ത് നന്നായി ഇളക്കുക. ഇത് 10 മിനിറ്റ് മാറ്റിവയ്ക്കുക.
ഇനി ബീറ്റ്റൂട്ട് പേസ്റ്റ് ഉണ്ടാക്കാം.
ബീറ്റ്റൂട്ട് തൊലി കളഞ്ഞ് കഷണങ്ങളാക്കി മുറിക്കുക. ബീറ്റ്റൂട്ട് കഷണങ്ങൾ ഒരു ബ്ലെൻഡറിൽ ചേർത്ത് നന്നായി അരച്ചെടുക്കാം.
ബീറ്റ്റൂട്ട് ഇഡ്ഡലി മാവ് ഉണ്ടാക്കുക
ബീറ്റ്റൂട്ട് പേസ്റ്റ് ഇഡ്ഡലി മാവിൽ ചേർത്ത് നന്നായി ഇളക്കുക, പിങ്ക് നിറത്തിലുള്ള മാവ് ആകും. ബാറ്റർ വളരെ കട്ടിയുള്ളതായി തോന്നുകയാണെങ്കിൽ, 1/4 കപ്പ് വെള്ളം ചേർക്കുക.
ആവിയിൽ വേവിക്കുക
ഇഡ്ഡലി തട്ടിൽ വെളിച്ചെണ്ണ പുരട്ടാം. മാവ് ഒഴിച്ച് കൊടുക്കാം. ആവിയിൽ വേവിച്ച് എടുക്കാം. നന്നായി ആവിയിൽ വേവിച്ചുകഴിഞ്ഞാൽ, ബീറ്റ്റൂട്ട് ഇഡ്ഡലികൾ റെഡി. സാമ്പാർ, ചട്ണി എന്നിവയുമായി ഇഡ്ഡലി കഴിക്കാം.