എണ്ണയിൽ വറുത്തെടുക്കാതെയും ഇനി ചില്ലി ചിക്കൻ ഉണ്ടാക്കാം

Mail This Article
ചിക്കൻ വിഭവങ്ങൾ എന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. പുറത്തുപോയി ഭക്ഷണം കഴിക്കുമ്പോൾ മിക്ക ആളുകളും ആദ്യം ഓർഡർ ചെയ്യുന്നത് ചില്ലി ചിക്കൻ ആയിരിക്കും. സാധാരണ മുട്ടയും മൈദയും കോൺഫ്ലോറും യോജിപ്പിച്ച് ചിക്കൻ കഷ്ണങ്ങൾ അതിൽ പൊതിഞ്ഞ് വറുത്തെടുത്താണ് ചില്ലി ചിക്കൻ തയാറാക്കുന്നത്. എണ്ണയിൽ വറുത്തെടുക്കാതെ തന്നെ അതീവ രുചികരമായ ചില്ലി ചിക്കൻ വീട്ടിലും തയാറാക്കാം.
ചേരുവകൾ
ചിക്കൻ - 400 ഗ്രാം
സവാള - 1 വലുത്
കാപ്സിക്കം - 1 വലുത്
വെളുത്തുള്ളി അരിഞ്ഞത് - 2 ടേബിൾസ്പൂൺ
ഇഞ്ചി അരിഞ്ഞത് - ഒരു ടേബിൾ സ്പൂൺ
സ്പ്രിങ് ഒനിയൻ അരിഞ്ഞത് - അര കപ്പ്
വലിയ പച്ചമുളക് - ഒന്ന്
എണ്ണ - 3 ടേബിൾ സ്പൂൺ
കാശ്മീരി മുളകുപൊടി - ഒരു ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
തക്കാളി സോസ് - 3 ടേബിൾസ്പൂൺ
ചില്ലി സോസ് - 2 ടേബിൾസ്പൂൺ
സോയാ സോസ് - 2 ടേബിൾസ്പൂൺ
വിനാഗിരി - ഒരു ടേബിൾ സ്പൂൺ
കുരുമുളകുപൊടി - ഒരു ടീസ്പൂൺ
പഞ്ചസാര - അര ടേബിൾ സ്പൂൺ
കോൺഫ്ലോർ - ഒന്നര ടേബിൾസ്പൂൺ
വെള്ളം - മുക്കാൽ കപ്പ്
തയാറാക്കുന്ന വിധം
ചിക്കൻ ചെറിയ കഷ്ണങ്ങളാക്കി വയ്ക്കുക.
എല്ലോട് കൂടിയ ചിക്കൻ വേണമെങ്കിലും ഉപയോഗിക്കാം.
സവാളയും കാപ്സിക്കവും വലിയ കഷ്ണങ്ങളാക്കി അരിഞ്ഞു വയ്ക്കുക.
ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റുക.
ഇളം ബ്രൗൺ നിറമാകുമ്പോൾ തീ കുറച്ചു മുളകുപൊടി ചേർത്തു വഴറ്റുക.
മുളകുപൊടിയുടെ പച്ചമണം മാറുമ്പോൾ ചിക്കനും ആവശ്യത്തിന് ഉപ്പും ചേർക്കുക.
ചിക്കനിലെ വെള്ളം വറ്റി ബ്രൗൺ നിറമായി എണ്ണ തെളിയുന്നതുവരെ വഴറ്റുക. ചിക്കൻ വേകാൻ ഇടയ്ക്ക് ഒരു 5 മിനിറ്റ് അടച്ചു വയ്ക്കാം.
ചിക്കൻ നന്നായി മൊരിഞ്ഞു കഴിയുമ്പോൾ വലിയ കഷ്ണങ്ങളാക്കിയ സവാള, പച്ചമുളക്, സ്പ്രിങ് ഒനിയന്റെ പകുതി ഇവ ചേർത്തു വഴറ്റുക. (വലിയ പച്ചമുളക് ഇല്ലെങ്കിൽ ചെറിയ 4 പച്ചമുളക് നീളത്തിൽ കീറി ചേർത്താലും മതി)
സവാള വാടി തുടങ്ങുമ്പോൾ കാപ്സിക്കം ചേർത്ത് വഴറ്റുക.
കാപ്സിക്കവും വാടി കഴിയുമ്പോൾ തക്കാളി സോസ്, ചില്ലി സോസ്, സോയ സോസ്, വിനാഗിരി, കുരുമുളകുപൊടി ഇവ ചേർത്തു വഴറ്റുക.
ല്ലാം കൂടി നന്നായി യോജിച്ചു കഴിയുമ്പോൾ കോൺഫ്ലോർ വെള്ളത്തിൽ കലക്കി ചേർക്കുക.
പഞ്ചസാര കൂടി ചേർത്തു തിളപ്പിക്കുക. നന്നായി കുറുകി വരുമ്പോൾ തീ ഓഫ് ചെയ്ത് ബാക്കിയുള്ള സ്പ്രിങ് ഒനിയൻ കൂടി വിതറുക.
വറുത്ത് തയാറാക്കുന്ന ചില്ലി ചിക്കനേക്കാൾ രുചിയുണ്ട് ഈ രീതിയിൽ തയാറാക്കുമ്പോൾ.