ADVERTISEMENT

ആലപ്പുഴ ∙ ‘രാജസ്ഥാനിലെ ഒരു ഗ്രാമത്തിലെ സ്കൂൾ. സൈക്കിളിൽ നാടുചുറ്റാനിറങ്ങിയവർ കേരളത്തിൽ നിന്നുള്ള പൊലീസുകാര‍ാണെന്നറിഞ്ഞപ്പോൾ കുട്ടികൾ അടുത്തുകൂടി. അവരോടു സംസാരിക്കുന്നതിനിടെ ഉച്ചഭക്ഷണം കഴിച്ചോയെന്നു ചോദിച്ചു. ഉച്ചഭക്ഷണം എന്താണെന്ന് അവർ തിരികെ ചോദിച്ചപ്പോൾ ഞെട്ടിയതു ഞങ്ങളാണ്–’ ലഹരിക്കെതിരായ സന്ദേശവുമായി സൈക്കിളിൽ കശ്മീർ യാത്ര നടത്തിയ മട്ടാഞ്ചേരി സിഐ വി.എസ്.നവാസ് പറയുന്നു. ‘അവിടെയുള്ള കുട്ടികൾക്ക് ഉച്ചഭക്ഷണം കിട്ടാക്കനിയാണ്.

അവരോട് എപ്പോഴാണ് ഭക്ഷണം കഴിക്കുന്നതെന്നു ചോദിച്ചപ്പോൾ രാത്രി അച്ഛനും അമ്മയും ജോലി കഴിഞ്ഞ് എത്തിയിട്ട് റൊട്ടിയുണ്ടാക്കിത്തരും. അതിൽ ബാക്കിയുണ്ടെങ്കിൽ രാവിലെ കഴിക്കും എന്നായിരുന്നു മറുപടി’. വി.എസ്.നവാസിനെ കേരളം അറിയും, മറ്റൊരു യാത്രയുടെ പേരിൽ. 6 മാസം മുൻപു കൊച്ചി സെൻട്രൽ സ്റ്റേഷൻ ഇൻസ്പെക്ടറായിരിക്കുമ്പോൾ ജോലിഭാരവും മേലുദ്യോഗസ്ഥന്റെ ശകാരവും ഉൾപ്പെടെയുള്ള കാരണങ്ങളാൽ നാടുവിട്ടുപോയ നവാസിനെ 2 ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് തമിഴ്നാട്ടിൽ നിന്നു കണ്ടെത്തിയത്. പൊലീസുദ്യോഗസ്ഥർ നേരിടുന്ന പ്രശ്നങ്ങൾ ജനങ്ങൾക്കിടയിൽ ചർച്ചയാക്കാൻ ആ സംഭവത്തിനു കഴിഞ്ഞു. 

കൊച്ചി മുതൽ കശ്മീർ വരെ

 40 ദിവസം കൊണ്ട് 12 സംസ്ഥാനങ്ങൾ പിന്നിട്ടാണ് നവാസും സിവിൽ പൊലീസ് ഓഫിസർമാരായ എം.കെ.വിനിലും (അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ), അലക്സ് വർക്കിയും (തോട്ടപ്പള്ളി തീരദേശ പൊലീസ് സ്റ്റേഷൻ) കശ്മീരിലെത്തിയത്. ഒക്ടോബർ 5ന് കൊച്ചിയിലെ പൊലീസ് കമ്മിഷണറേറ്റിൽ നിന്നാണ് തുടക്കം. പലയിടത്തും പൊലീസും മലയാളി അസോസിയേഷനുകളും സ്വീകരണം നൽകി. 

ദൈവം പറഞ്ഞയച്ച മെക്കാനിക്

‘പുണെയിലേക്കുള്ള യാത്രയ്ക്കിടയിൽ സൈക്കിളിനു തകരാർ സംഭവിച്ചു. കടുത്ത മഴയിൽ തണുത്തു വിറച്ചു നിൽക്കുമ്പോൾ അതുവഴി ഒരു ബൈക്ക് യാത്രക്കാരൻ വന്നു. ദൈവം പറഞ്ഞയച്ചതു പോലെയായിരുന്നു അയാളുടെ വരവ്. അയാൾ ഒരു സൈക്കിൾ മെക്കാനിക്ക് ആയിരുന്നു. സൈക്കിൾ നന്നാക്കാനുള്ള ഉപകരണങ്ങളും അയാളുടെ പക്കലുണ്ടായിരുന്നു–’ യാത്രയ്ക്കിടയിലെ മറക്കാനാകാത്ത അനുഭവങ്ങളെപ്പറ്റി നവാസ് ഓർമിക്കുന്നു. 

  ബ്രേക്ക് ഇട്ടിട്ടില്ല, സ്വപ്നത്തിന്

ഡൽഹി കേരള ഹൗസിൽ മലയാള ഭാഷാവാരാചരണ ചടങ്ങിൽ മുഖ്യാതിഥികളായി മൂവർ സംഘം പങ്കെടുത്തിരുന്നു. ‘അവിടെവച്ച് ഡിജിപി ലോക്നാഥ് ബെഹ്റയെ കണ്ടു. യാത്രയെപ്പറ്റി അറിഞ്ഞപ്പോൾ അദ്ദേഹം അഭിനന്ദിച്ചു. അവധിയെടുത്താണ് യാത്രയെന്നു പറഞ്ഞപ്പോൾ, നല്ല സന്ദേശവുമായ‍ുള്ള യാത്ര ഡ്യൂട്ടിയായി പരിഗണിക്കാനുള്ള നടപടിക്കു ശ്രമിക്കാമെന്ന് അദ്ദേഹം പറഞ്ഞു. 2021നു മുൻപ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലൂടെ ഒരു യാത്രയാണ് അടുത്ത ലക്ഷ്യം. വിരമിക്കുന്നതിനു മുൻപ് ലോകരാജ്യങ്ങളിലൂടെ സൈക്കിളിൽ കറങ്ങാനും ആഗ്രഹമുണ്ട് – ഈ മാസം 31ന് ആലുവ സിഐ ആയി ചുമതലയേൽക്കുന്ന നവാസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com