ADVERTISEMENT

കുട്ടനാട് ∙ കഴിഞ്ഞ അഞ്ചു മാസത്തിനിടയിൽ മൂന്നു തവണ മടവീണ കനകാശേരി പാടശേഖരത്തിന്റെയും സമീപത്തെ മറ്റു രണ്ടു പാടശേഖരങ്ങളുടെയും ബണ്ടുകളിലും തുരുത്തുകളിലുമായി കഴിയുന്ന 460 കുടുംബങ്ങളുടെ ജലജീവിതം ഇന്നു 43 ദിവസം പിന്നിടുകയാണ്. 2019 ഡിസംബർ 5നാണ് ഇവിടെ ഒടുവിൽ മടവീണത്.വലിയകരി, മീനപ്പള്ളി എന്നീ വലിയ രണ്ടു പാടശേഖരങ്ങൾ കനകാശേരിയോടു ചേർന്നു കിടക്കുന്നുണ്ട്. ഇതിൽ എവിടെ മടവീണാലും മൂന്നു പാടശേഖരങ്ങളിലെയും കൃഷി നശിക്കും, കുടുംബങ്ങൾ വെള്ളത്തിലാകും.

മട വീഴ്ചകൾ

കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ഒരു കൃഷി മാത്രമാണ് ഈ പാടശേഖരങ്ങളിൽ വിളവെടുത്തത്. 2019 ഓഗസ്റ്റിലെ മടവീഴ്ചയ്ക്കു ശേഷം മന്ത്രി ടി.എം.തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ തോട്ടപ്പള്ളിയിൽ നിന്നു കടൽത്തീരത്തെ മണൽ ചാക്കുകളിലാക്കി കനകാശേരിയിലെത്തിച്ച് ബണ്ട് കെട്ടി. എന്നാൽ, ഒരു മാസം പിന്നിടും മുൻപ് ഇവിടെ വീണ്ടും മടവീണു.രണ്ടാം കൃഷിക്കു വിതയിറക്കി 40 ദിവസം പിന്നിട്ടപ്പോഴായിരുന്നു ഓഗസ്റ്റിലെ മടവീഴ്ച. പുഞ്ചക്കൃഷിക്ക് വിതയിറക്കി 20 ദിവസം പിന്നിട്ടപ്പോൾ ഡിസംബർ 5നു വീണ്ടും മടവീണു.

പാഠം ഒന്ന്: വെള്ളക്കെട്ട്

കുപ്പപ്പുറം ഗവ.ഹൈസ്കൂളിൽ തലങ്ങും വിലങ്ങും പാലമാണ്. കുട്ടികളുടെ പ്രസിദ്ധീകരണങ്ങളിൽ മുയലിനു കൂട്ടിലേക്കു വഴി കാണിക്കാൻ വരച്ച വര പോലെ നാൽപതോളം ബെഞ്ചുകൾ പരസ്പരം ബന്ധിപ്പിച്ചു കെട്ടിയിട്ടാണ് പാലങ്ങൾ നിർമിച്ചിരിക്കുന്നത്. സ്കൂളിനു മുന്നിലെ ബണ്ടിൽ നിന്നു ഹെഡ്മാസ്റ്ററുടെ ഓഫിസിലേക്കും അവിടെ നിന്ന് വിവിധ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ക്ലാസ് മുറികളിലേക്കും ബെഞ്ച് പാലങ്ങൾ നീണ്ടു കിടക്കുന്നു.സ്കൂൾ മുറ്റത്തെ വെള്ളക്കെട്ടിൽ ഇറങ്ങുന്ന കുട്ടികൾക്കു ചർമ രോഗങ്ങൾ പിടിപെട്ടതോടെയാണ് സ്കൂൾ അധികൃതർ ബെഞ്ചുകൾ കൊണ്ട് പാലം കെട്ടിയത്.

പാടശേഖരത്തിന്റെ വലുപ്പം
∙വലിയകരി 250 ഏക്കർ
∙കനകാശേരി 117 ഏക്കർ
∙മീനപ്പള്ളി 117 ഏക്കർ

കുടുംബങ്ങളുടെ എണ്ണം
∙കനകാശേരി, വലിയകരി 225 വീടുകൾ
∙മീനപ്പള്ളി 235 വീടുകൾ

നഷ്ടം 9.11 കോടി

കഴിഞ്ഞ മൂന്നു സീസണുകളിലായി വലിയകര‍ി, കനകാശേരി, മീനപ്പള്ളി പാടശേഖരങ്ങളിലെ 450 ഏക്കറിൽ നഷ്ടമായത് ഏകദേശം 9.11 കോടി രൂപയുടെ വിളവാണ്. ഒരു ഏക്കറിൽ കുറഞ്ഞത് 25 ക്വിന്റൽ നെല്ല് ഉൽപാദിപ്പിക്കാൻ കഴിയുമെന്നു കർഷകർ പറയുന്നു. നിലവിലെ നെല്ലു വിലയുടെ ശരാശരി 27 രൂപ കണക്കാക്കിയാണ് നഷ്ടം വിലയിരുത്തിയത്. വിതയിറക്കാനുള്ള കൃഷിയൊരുക്കങ്ങൾ നടത്തിയ കർഷകർക്ക് ആകെ ഏകദേശം 27 ലക്ഷം രൂപ ചെലവായിട്ടുണ്ട്.

ബണ്ട് പൈൽ ആൻഡ് സ്ലാബ് ചെയ്തു ബലപ്പെടുത്താതെ ഇനി ഞങ്ങൾ കൃഷിയിറക്കില്ല. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് കഴിഞ്ഞ മൂന്നു മടവീഴ്ച കൊണ്ടു മാത്രം ഞങ്ങൾക്കുണ്ടായത്. പൈൽ ആൻഡ് സ്ലാബിന് സർക്കാർ അനുമതി നൽകിയെങ്കിലും ഇത‍ുവരെ അതിനു കരാർ നൽകി ജോലി തുടങ്ങാനായിട്ടില്ല.
ഷാജി തട്ടുങ്കൽ, വലിയകരി പാടശേഖര സമിതി പ്രസിഡന്റ്

ഭൂരിഭാഗം ദിവസവും ഈ സ്കൂളിലെ കുട്ടികൾ വെള്ളക്കെട്ടിലാണ്. ക്ലാസിൽ വെള്ളം കയറാത്തതാണ് ഏക ആശ്വാസം. ഇതുവരെ ക്ലാസ് മുടക്കേണ്ടി വന്നിട്ടില്ല. സി ബ്ലോക്ക്, ആർ ബ്ലോക്ക്, നടുത്തുരുത്ത്, അഴീക്കൽ, കുപ്പപ്പുറം എന്നിവിടങ്ങളിൽ നിന്ന് പ്രീപ്രൈമറിയിൽ ഉൾപ്പെടെ 170 വിദ്യാർഥികളാണ് പഠിക്കുന്നത്.
പി.ശാർങൻ, ഹെഡ്മ‍ാസ്റ്റർ, കുപ്പപ്പുറം ഗവ.ഹൈസ്ക‍ൂൾ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com