ADVERTISEMENT

ഹരിപ്പാട് ∙  പരുന്തുണ്ട്, സൂക്ഷിക്കുക എന്ന ബോർഡ് വയ്ക്കേണ്ട ഗതികേടിലാണു മഹാദേവികാട് ചാലുവരമ്പിൽ ജ്യോതീന്ദ്രനും കുടുംബവും. പുറത്തിറങ്ങുന്നയുടൻ പറന്നെത്തി ആക്രമിക്കുന്ന പരുന്തിനെപ്പേടിച്ചാണു മൂന്നുമാസത്തോളമായി ഇവരുടെ ജീവിതം. രണ്ടാഴ്ചയായി ആക്രമണം രൂക്ഷമായതോടെ പുറത്തിറങ്ങാൻ സാധിക്കാത്ത സ്ഥിതിയാണ്. പിന്നിലൂടെ പറന്നു വന്നു തലയിൽ കാലുകൊണ്ടു മാന്തും.

കൂർത്ത നഖം ആയതിനാൽ ആഴത്തിൽ മുറിവുണ്ടാകും. അപ്രതീക്ഷിതമായി തോളിൽ ശക്തിയോടെ വന്നിരിക്കുമ്പോൾ തങ്ങൾ പലപ്പോഴും വീണുപോയിട്ടുണ്ടെന്നും വീട്ടുകാർ പറയുന്നു.  ഇന്നലെ രാവിലെ  പല്ലുതേച്ചുകൊണ്ടു വീടിനു പുറത്തിറങ്ങിയപ്പോൾ  പരുന്തിന്റെ ആക്രമണത്തിൽ തലയിൽ മുറിവുണ്ടായതായി ജ്യോതീന്ദ്രൻ പറഞ്ഞു.  ഭാര്യ കമലമ്മ വടിയെടുത്തുമാത്രമേ ഇപ്പോൾ വീടിനു പുറത്തിറങ്ങാറുള്ളൂ. തലയിൽ തുണിയിട്ടു പുറത്തിറങ്ങിയാലും പറന്നുവന്നു കൊത്താൻ ശ്രമിക്കും.

പരുന്തു താഴ്ന്നു പറന്നു വരുന്നതു കാണുമ്പോൾ വളർത്തു നായ് കുരയ്ക്കുന്നതുകൊണ്ടാണു പലപ്പോഴും വീട്ടുകാർ രക്ഷപ്പെടുന്നത്.  മകൻ കിഷോർ ജ്യോതി തലയിൽ തൊപ്പിവച്ചാണു പുറത്തിറങ്ങുന്നതെന്നു ജ്യോതീന്ദ്രൻ പറഞ്ഞു. മീൻ വെട്ടാൻ പുറത്തിറങ്ങിയാൽ ആക്രമിക്കുന്നതുകൊണ്ട് ഇപ്പോൾ കതകടച്ച് അടുക്കളയിൽ ഇരുന്നാണു മീൻ വെട്ടുന്നതെന്നു കമലമ്മ പറഞ്ഞു. മത്സ്യക്കച്ചവടക്കാർ വന്നാൽ കൊട്ടയിൽ നിന്നു മീൻ കൊത്തിയെടുക്കും. പേടി കാരണം പല മത്സ്യകച്ചവടക്കാരും ഇതുവഴി വരാറില്ലെന്നും വീട്ടുകാർ പറയുന്നു.

വീട്ടിലേക്കു വരുന്നവരെയും  ഉപദ്രവിക്കുമെന്നും തന്റെ സുഹൃത്ത് വീട്ടിലേക്ക് വന്നപ്പോൾ പരുന്തിന്റെ ആക്രമണത്തിൽ കഴുത്തിലും മുഖത്തും പരുക്കേറ്റെന്നും കിഷോർ പറഞ്ഞു. ഇപ്പോൾ വീട്ടിലെത്തുന്നവർക്കു മുന്നറിയിപ്പ് നൽകാറുണ്ടെന്നു വീട്ടുകാർ പറഞ്ഞു. ഉപദ്രവം കൂടിയതോടെ വെള്ളവും ആഹാരവും പാത്രത്തിൽ നൽകി മയപ്പെടുത്താൻ ശ്രമിച്ചു.

എന്നാൽ വീടിനു പുറത്തു വച്ചുകൊടുക്കുന്ന ആഹാരം  കഴിക്കുമെങ്കിലും ശല്യത്തിനു കുറവുണ്ടായില്ല.  രണ്ട് ഏക്കറോളം സ്ഥലത്താണു ജ്യോതീന്ദ്രന്റെ വീട്. സമീപം ഏക്കർ കണക്കിനു സ്ഥലം വിജനമായി കിടക്കുകയാണ്. ഇവിടെയുള്ള മരങ്ങളിൽ മുഴുവൻ പക്ഷികളാണ്. വീടിനു സമീപമുള്ള തെങ്ങിൽ പരുന്തിന്റെ കൂടുമുണ്ട്. പരുന്തിന്റെ ശല്യത്തിൽ നിന്ന് എങ്ങനെയെങ്കിലും  രക്ഷിക്കണമെന്നാണ് വീട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com