ADVERTISEMENT

ആലപ്പുഴ ∙ ബൈപാസിലെ മേൽപാലം നിർമാണത്തിനായുള്ള ട്രെയിൻ ഗതാഗത നിയന്ത്രണം (ലൈൻ ബ്ലോക്ക്) ഈ മാസം ഉണ്ടാവില്ല. കുമ്പളം മുതൽ എറണാകുളം വരെയുള്ള പാളം അറ്റകുറ്റപ്പണിക്കായി നാളെ മുതൽ ഫെബ്രുവരി 10 വരെ ഗതാഗതം നിയന്ത്രിക്കും. വെള്ളിയാഴ്ചകളിലും 25നും നിയന്ത്രണമുണ്ടാവില്ല. ഇതിനു ശേഷമേ ബൈപാസിനായുള്ള നിയന്ത്രണം ഉണ്ടാകൂ. തീയതി നിശ്ചയിച്ചിട്ടില്ലെന്നു റെയിൽവേ അധികൃതർ. പാളത്തിന്റെ പണികൾക്കു വേണ്ടിയുള്ള നിയന്ത്രണത്തിനു ശേഷം ബൈപാസിനായി ഉടൻ വീണ്ടും നിയന്ത്രിക്കാൻ സാധ്യതയില്ലെന്നും അധികൃതർ പറഞ്ഞു.

ബൈപാസ് മേൽപാലത്തിനായി 25 മുതൽ ഫെബ്രുവരി 5 വരെ ഗതാഗത നിയന്ത്രണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു മന്ത്രി ജി.സുധാകരൻ റെയിൽ‍വേ മന്ത്രി പീയൂഷ് ഗോയലിനു കത്തയച്ചിരുന്നു. എന്നാൽ, 15 വർഷത്തിലൊരിക്കൽ നടക്കുന്ന ഡീപ് സ്ക്രീനിങ് എന്ന പാളം അറ്റകുറ്റപ്പണിക്കാണ് റെയിൽവേ പ്രാധാന്യം നൽകുന്നത് എന്നതിനാലാണ് അത് ആദ്യം അനുവദിച്ചത്. പാളത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട പണികളാണ് ഇപ്പോൾ നടക്കുന്നത്.രാത്രി ഒരു മണി മുതൽ പുലർച്ചെ 5 വരെയാണു പാളം പണിക്കായുള്ള ഗതാഗത നിയന്ത്രണം. ഈ സമയത്ത് ഓടുന്ന 3 ട്രെയിനുകൾ കോട്ടയം വഴി തിരിച്ചുവിടും.

ഒരു ട്രെയിനിന്റെ സമയത്തിൽ മാറ്റമുണ്ടാവും.അടുത്ത ഘട്ടം പാളം അറ്റകുറ്റപ്പണി ചേർത്തല – ആലപ്പുഴ ഭാഗത്താണ്. അതിനു മുൻപു മേൽപാലത്തിന്റെ കാര്യം പരിഗണിക്കുമോ എന്നും വ്യക്തമല്ല.ബൈപാസിൽ കാഞ്ഞിരംചിറ ഒന്നാം മേൽപാലത്തിനു ഗർഡറുകൾ സ്ഥാപിക്കാനാണ് റെയിൽവേ എൻജിനീയറിങ് വിഭാഗം അനുമതി നൽകിയിട്ടുള്ളത്. ഇതനുസരിച്ചു ഗർഡറുകളിൽ റെയിൽവേ നിർദേശിച്ച മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പഴയ ബോൾട്ടുകൾ മാറ്റി പുതിയവ ഘടിപ്പിച്ചു. ഗർഡറുകൾ ഉയർത്തി ഉറപ്പിക്കാനുള്ള വലിയ ഇരുമ്പു തൂണുകൾ സ്ഥാപിച്ചു.കുതിരപ്പന്തിയിലെ രണ്ടാം മേൽപാലത്തിനുള്ള ഗർഡറുകളുടെ പ്രശ്നവും പരിഹരിച്ചുകൊണ്ടിരിക്കുകയാണ്.

അവയും റെയിൽവേ എൻജിനീയർമാർ പരിശോധിച്ചു റിപ്പോർട്ട് നൽകേണ്ടതുണ്ട്. അതിനു ശേഷമേ അവിടെ ഗർഡറുകൾ സ്ഥാപിക്കാൻ ഉന്നത അധികൃതരുടെ അനുമതി ലഭിക്കൂ. അപ്പോഴും ട്രെയിൻ ഗതാഗതം നിയന്ത്രിക്കേണ്ടി വരും.മേൽപാലത്തിന് 5 ഗർഡറുകളാണുള്ളത്. ഇവ സ്ഥാപിക്കാൻ 5 ദിവസം മതിയെന്നാണു കണക്കുകൂട്ടൽ. എന്നാൽ, പാളത്തിന്റെ ഡീപ് സ്ക്രീനിങ് മുഴുവൻ കഴിഞ്ഞിട്ടേ ഗർഡറുകൾ സ്ഥാപിക്കാൻ ഗതാഗത നിയന്ത്രണം അനുവദിക്കൂ എങ്കിൽ ബൈപാസ് പൂർത്തീകരണം നേരത്തേ നിശ്ചയിച്ച സമയത്തു സാധ്യമാകുമോ എന്നു സംശയമാണ്.

കോട്ടയം വഴി തിരിച്ചു വിടുന്ന ട്രെയിനുകൾ

 -മംഗലാപുരം – തിരുവനന്തപുരം മാവേലി എക്സ്പ്രസ്

 -ഹസ്രത്ത് നിസാമുദീൻ – തിരുവനന്തപുരം രാജധാനി എക്സ്പ്രസ്

 -എംജിആർ ചെന്നൈ സെൻട്രൽ – തിരുവനന്തപുരം എസി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്

സമയമാറ്റം= ചെന്നൈ എഗ്‌മോർ – ഗുരുവായൂർ എക്സ്പ്രസ് 55 മിനിറ്റ് വൈകും (25നും വെള്ളിയാഴ്ചകളിലും ഒഴികെ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com