ADVERTISEMENT

മുതുകുളം ∙ മുറുക്കാൻ വായിലിട്ടു ചവച്ച ശേഷം ചൂണ്ടുവിരൽത്തുമ്പിലെ ചുണ്ണാമ്പ്, വെള്ളം നിറച്ച മൺകുടത്തിലേക്കു തേച്ചു തുടച്ച് പത്മരാജൻ കഥ കേൾക്കാനിരിക്കും. ചവച്ചു പതംവന്നു മുറുക്ക‍ാൻ ചുവപ്പ് ചുണ്ടിലേക്കൂറും. വിരലൊന്നു താഴ്ത്തി ഗോലി സോഡ പൊട്ടിച്ച് നാരങ്ങാനീരിലൊഴിച്ചു പതപ്പിക്കുന്നതിനിടയിൽ രാഘവൻകുട്ടി നാട്ടിലെ വിശേഷങ്ങൾ പറയും. വെറ്റിലയും ചുണ്ണാമ്പും അടയ്ക്കയുമായി ഓരോ നാട്ടുവിശേഷവും പത്മരാജന്റെ ചെവിയിലേക്കെത്തും. അതിൽ പലതും ഗന്ധർവന്റെ വിരൽത്തുമ്പിലൂടെ കഥകളായി ലോകമറിഞ്ഞു.ഭൂമിയിൽ കഥകൾ മാത്രം അവശേഷിപ്പിച്ചു മറഞ്ഞ ഗന്ധർവന്റെ ഓർമകൾക്ക് നാളെ 29 വയസ്സ്.

കഥയുടെ ഗന്ധർവൻ പത്മരാജന്റെ ചില കഥകൾക്കും സിനിമകൾക്കും ബീജം നൽകിയ മുതുകുളം ആമ്പപ്പുളി വടക്കതിൽ രാഘവൻ നായർ (രാഘവൻ കുട്ടി– 77) ഇപ്പോഴും ചൂളത്തെരുവ് ജംക്‌ഷനിലുണ്ട്. പഴയ മാടക്കടയുടെ സ്ഥാനത്ത് അൽപം കൂടി വിശാലമായൊരു മുറുക്കാൻ കട. ചുണ്ണാമ്പു കൊണ്ടു ഗന്ധർവൻ കഥയെഴുതിയ പഴയ മൺകുടവും ഒപ്പമുണ്ട്. അതിൽ പുരണ്ട വെള്ളപ്പാടുകളിലേക്കു ചൂണ്ടി രാഘവൻകുട്ടി പറയും– ‘പത്മരാജന്റെ കൈപ്പാടുകളാണിവ!’ പ്രായത്തിൽ പത്മരാജനെക്കാൾ ഏതാനും വർഷം മൂപ്പുണ്ട് രാഘവൻ കുട്ടിക്ക്.

ചെറുപ്പത്തിൽ പത്മരാജന്റെ ഞവരയ്ക്കൽ തറവാട്ടിൽ പശുക്കളെ നോക്കാനും മറ്റുമായി ജോലിക്കു നിന്നതു മുതലുള്ള ആത്മബന്ധം മരണം വരെയും തുടർന്നു. പത്മരാജൻ ജോലിക്കും സിനിമയ്ക്കുമായി നാടുവിട്ടു പോയെങ്കിലും തറവാട്ടിലേക്ക് എത്തുമ്പോഴെല്ലാം ചൂളത്തെരുവിലെ രാഘവൻകുട്ടിയുടെ മാടക്കടയിലേക്കെത്തും. അങ്ങനെയൊരിക്കൽ രാഘവൻകുട്ടി പറഞ്ഞ നാട്ടുകഥയിൽ നിന്നാണു പത്മരാജൻ പെരുവഴിയമ്പലത്തിന്റെ കഥ വികസിപ്പിച്ചത്. മോചനം എന്ന പത്മരാജൻ കഥ രാഘവൻകുട്ടിയുടെ ആത്മാംശമുള്ളതാണ്.രാഘവൻകുട്ടിയും ആദ്യ ഭാര്യയും കുറച്ചുകാലം ഞവരയ്ക്കൽ തറവാടിന്റെ പടിഞ്ഞാറാണു താമസിച്ചിരുന്നത്. ഇടയ്ക്ക് ഭാര്യയും ഭർത്താവും പിണങ്ങി.

രാഘവൻ കുട്ടി വീട്ടിൽ നിന്നു മാറി താമസിച്ചു. കുറച്ചുകാലം കഴിഞ്ഞു ഭാര്യ പിണക്കം മറന്ന് രാഘവൻകുട്ടിയെ കാണാൻ വീട്ടിൽ നിന്നു പുറപ്പെട്ടു. നല്ല മഴയുള്ള നേരം. ഭാര്യ ഞവരയ്ക്കൽ തറവാടിനു സമീപം എത്ത‍ിയപ്പോഴേക്കും പെട്ടെന്നൊരു മിന്നൽ അവരുടെ മേൽ പതിച്ചു.  അവസാനമായൊന്നു തമ്മിൽ കാണാൻ ദൈവം അനുവദിച്ചില്ല.  ഈ സംഭവമാണ് മോചനം എന്ന കഥയായി മാറിയതെന്നു രാഘവൻ കുട്ടി പറയുന്നു (ആദ്യ ഭാര്യയുടെ പേര് രാഘവൻ കുട്ടിക്ക് ഇപ്പോൾ ഓർമയില്ല. കേൾവിയും അൽപം കുറവാണ്.

മൂന്നാമത്തെ ഭാര്യ സുഭദ്രയാണ് ഇപ്പോൾ ഒപ്പമുള്ളതെന്ന് രാഘവൻ കുട്ടി).ക്ഷയരോഗം ബാധിച്ച് രാഘവൻ കുട്ടി കുറച്ചു നാൾ തിരുവനന്തപുരത്ത് പുലയനാർകോട്ടയിലെ ക്ഷയരോഗ ആശുപത്രിയിൽ കഴിഞ്ഞിരുന്നു. അക്കാലത്ത് തിരുവനന്തപുരം ആകാശവാണിയിലായിരുന്ന പത്മരാജൻ രാഘവൻകുട്ടിയെ കാണാനെത്തിയതും ഒരു കഥയായി മാറി – ‘പുലയനാർകോട്ട’ എന്ന പേരി‍ൽ. ‘ഞാൻ പറഞ്ഞതൊക്കെ കഥയായെന്നു കേട്ടിട്ടേയുള്ളൂ, പത്മരാജന്റെ കഥകളൊന്നും ഞാൻ വായിച്ചിട്ടില്ല–’ പത്മരാജൻ ചൂണ്ടുവിരലിലെ ചുണ്ണാമ്പ് തേച്ചു വെള‍ുപ്പിച്ച മൺകുടത്തിനരികെ നിന്നു രാഘവൻകുട്ടി വെളുക്കെ ചിരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com