ഭീതിയുണർത്തി വീണ്ടും അജ്ഞാതൻ; ആദ്യം കല്ലേറ്, പിന്നെ വടിവാൾ വീശൽ

kottayam news
SHARE

അരൂർ ∙ വളർത്തു നായ്ക്കളെ വടിവാൾ കൊണ്ടു വെട്ടിക്കൊല്ലുന്ന അജ്ഞാതൻ എഴുപുന്ന നീണ്ടകര പ്രദേശത്തു വീണ്ടുമെത്തി. നീണ്ടകര തെക്ക് പുത്തനാട്ട് കോളനി പ്രദേശത്താണ് നായയുടെ കണ്ണുകൾ കുത്തിക്കീറുകയും തല അടിച്ചു ചതയ്ക്കുകയും ചെയ്തത്. നായയുടെ കരച്ചിൽ കേട്ട് പ്രദേശവാസികൾ ഓടിക്കൂടിയപ്പോൾ, മുഖംമൂടി ധരിച്ച അജ്ഞാതൻ വടിവാളുമായി ഓടിമറഞ്ഞു. തുടർച്ചയായ മൂന്നാം ദിവസവും വളർത്തു നായ്ക്കൾ ആക്രമിക്കപ്പെട്ടതോടെ നാട്ടുകാർ ഭീതിയിലാണ്. 

കഴിഞ്ഞ ദിവസങ്ങളിൽ അജ്ഞാതന്റെ ആക്രമണത്തിൽ 3 നായ്ക്കൾ ചത്തു. നാട്ടുകാരും പൊലീസും പ്രദേശത്തു രാത്രിനിരീക്ഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ കുടുക്കാനായിട്ടില്ല. നീണ്ടകര പ്രദേശത്തെ 100 മീറ്റർ ചുറ്റളവിലായിരുന്നു ആക്രമണം. മനോദൗർബല്യമുള്ള ആരെങ്കിലുമാകാം സംഭവത്തിനു പിന്നിലെന്നാണ് പൊലീസ് കരുതുന്നത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ഡൽഹി ആസ്ഥാനമായുള്ള മൃഗസ്നേഹികളുടെ സംഘടന പൊലീസിനെ സമീപിച്ചു.

ആദ്യം കല്ലേറ്, പിന്നെ വടിവാൾ വീശൽ

അജ്ഞാതൻ ആദ്യം വീടുകളുടെ ജനാലകളിൽ ഇടിക്കുകയും വീടിനു നേരെ കല്ലെറിയുകയും ചെയ്ത ശേഷമാണ് നായ്ക്കളെ വെട്ടിപ്പരുക്കേൽപിക്കുന്നത്. മുഖത്തേക്കു ടോർച്ച് വെളിച്ചം തെളിച്ചാൽ തിരികെ ടോർച്ച് അടിക്കുകയും വാൾ വീശുകയും ചെയ്യുന്നതായി നാട്ടുകാർ പറയുന്നുണ്ട്. ജനങ്ങൾ കൂടുമ്പോൾ ഓടി മറയുകയാണു രീതി. പ്രദേശം നന്നായി അറിയാവുന്നയാളാണ് അക്രമിയെന്നാണ് നാട്ടുകാരുടെ നിഗമനം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN alappuzha
SHOW MORE
FROM ONMANORAMA