ADVERTISEMENT

ആലപ്പുഴ ∙ നിർമാണം പൂർത്തിയായ ഹരിപ്പാട്–അമ്പലപ്പുഴ റെയിൽവേ ഇരട്ടപ്പാതയുടെ ക്ഷമത പരിശോധിക്കുന്നത് ആധുനിക സംവിധാനങ്ങളുള്ള അതിവേഗ ട്രെയിൻ ഓടിച്ച്. മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിലാണു ഹരിപ്പാട്ടുനിന്ന് അമ്പലപ്പുഴയിലേക്ക് ഈ ട്രെയിൻ ഓടിക്കുന്നത്. എൻജിനു പുറമേ 3 ബോഗികളാണ് ട്രെയിനിലുള്ളത്. ഹരിപ്പാട്ടുനിന്നു 15 മിനിറ്റ് കൊണ്ട് ട്രെയിൻ അമ്പലപ്പുഴയിലെത്തും. പാളത്തിലെ ചെറിയ പ്രശ്നങ്ങൾ പോലും കണ്ടെത്താനുള്ള സംവിധാനങ്ങൾ ഇതിലുണ്ട്. പ്രത്യേക ക്യാമറകളും ഘടിപ്പിച്ചിട്ടുണ്ട്. ഇവയിലൂടെ ലഭിക്കുന്ന വിവരങ്ങൾ എൻജിനീയർമാർ രേഖപ്പെടുത്തും.

പരിശോധന ട്രോളിയിലും ട്രെയിനിലും

സുരക്ഷാ കമ്മിഷണറുടെ ട്രാക്ക് പരിശോധന 2 വിധത്തിലാണ്. ട്രോളിയിലും അതിവേഗ ട്രെയിനിലും. രാവിലെ അമ്പലപ്പുഴയിൽനിന്നു ഹരിപ്പാട്ടേക്ക് ട്രോളിയിൽ സഞ്ചരിച്ചാണ് ആദ്യ പരിശോധന. ഒപ്പം മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഉണ്ടാവും. കുറഞ്ഞ വേഗത്തിൽ സഞ്ചരിച്ചു വിശദമായി പരിശോധിക്കാനാണിത്. ഉച്ചയോടെ കരുവാറ്റ ഭാഗത്തെത്തും. ഉച്ചഭക്ഷണ ശേഷം പരിശോധന തുടരും.

ഹരിപ്പാട്ടുനിന്നു തിരികെ അതിവേഗ ട്രെയിനിൽ സഞ്ചരിച്ചാണു പരിശോധന. ഏറ്റവും പിന്നിലെ ബോഗിയിലാണു കമ്മിഷണറും സംഘവും യാത്ര ചെയ്യുക. ഇതിനായി ലവൽ ക്രോസുകൾ നേരത്തേ അടയ്ക്കും. സാധാരണ ട്രെയിനുകൾ 110 കിലോമീറ്റർ വരെ വേഗത്തിലാണു സഞ്ചരിക്കുന്നത്. പാളത്തിൽ പണികൾ നടക്കുന്നതിനാൽ ഏറെ നാളായി വേഗം കുറയ്ക്കുന്നുണ്ട്.

പണി തീർന്നില്ല; സ്പീഡ് ട്രയൽ നടന്നില്ല

തകഴി, കുന്നുമ്മ ഭാഗത്ത് പാളത്തിൽ മെറ്റൽ‌ നിരത്തുന്നതു പൂർ‌ത്തിയാകാത്തതിനാൽ ഇന്നലെ സ്പീഡ് ട്രയൽ നടന്നില്ല. ഇന്നു സുരക്ഷാ കമ്മിഷണറും സംഘവും പ്രത്യേക ട്രെയിനിൽ സഞ്ചരിച്ചു പരിശോധന നടത്തുന്നതിനാൽ ഇന്നലത്തെ പരീക്ഷണം ഉപേക്ഷിച്ചതുകൊണ്ടു പ്രശ്നമില്ലെന്ന് അധികൃതർ പറഞ്ഞു. കരുമാടി ലവൽ ക്രോസ് സ്ഥിരമായി അടയ്ക്കാൻ തീരുമാനിച്ചിരുന്നെങ്കിലും നാട്ടുകാരുടെ എതിർപ്പു കാരണം മാറ്റി. സമാന്തര പാതയിൽ‌ ടാറിങ് പുരോഗമിക്കുകയാണ്. പാത സഞ്ചാരയോഗ്യമാക്കിയ ശേഷം ക്രോസ് അടയ്ക്കാനാണ് റെയിൽവേ തീരുമാനം.

പഴയ പാത അടയ്ക്കും

പുതിയ പാതയുടെ നിർമാണം തൃപ്തികരമെന്നു പരിശോധനയിൽ വ്യക്തമായാൽ പഴയ പാത തൽക്കാലം അടയ്ക്കും. പാതയുടെ ഉയരം പുതിയതിന്റേതിന് ഒപ്പമാക്കാനും ലവൽ ക്രോസുകളിൽ റോഡിന്റെ വീതിയും വൈദ്യുതി ലൈനിന്റെ ഉയരവും കൂട്ടാനുമാണിത്.പരിശോധനയ്ക്കു ശേഷം സുരക്ഷാ കമ്മിഷണർ ബെംഗളുരുവിലെ ഓഫിസിലെത്തിയ ശേഷമേ പരിശോധനാ സർട്ടിഫിക്കറ്റ് നൽകൂ. പോരായ്മകളുണ്ടെങ്കിൽ അക്കാര്യമാവും അറിയിക്കുക. പഴയ പാതയിലെ പണികൾ ജൂണിനു മുൻപു തീർക്കാനാണ് അധികൃതരുടെ ശ്രമം. മഴ തുടങ്ങിയാൽ പണികൾ വൈകുമെന്നതാണു കാരണം. കുന്നുമ്മ ലവൽ ക്രോസിലാണു റോഡിന് ഏറ്റവും വീതി കൂട്ടുക. ഇവിടെ വീതി 8 മീറ്ററാക്കും.

ട്രെയിൻ പാളം തെറ്റിയ സംഭവം: കാരണക്കാരായ ഉദ്യോഗസ്ഥരുടെ പേരിൽ നടപടിക്കു സാധ്യത

റെയിൽവേ സ്റ്റേഷനു സമീപം ഗുഡ്സ് ട്രെയിൻ പാളം തെറ്റാനിടയായ പിഴവിനെക്കുറിച്ച് ട്രാഫിക്, മെക്കാനിക്കൽ വിഭാഗങ്ങൾ‌ 2 ദിവസത്തിനു ശേഷം പരിശോധിക്കും. വീഴ്ചയ്ക്കു കാരണക്കാരായ ഉദ്യോഗസ്ഥരുടെ പേരിൽ നടപടിക്കും സാധ്യതയുണ്ട്. സേഫ്റ്റി കമ്മിഷണറുടെ നേതൃത്വത്തിൽ‌ അമ്പലപ്പുഴ–ഹരിപ്പാട് പാതയുടെ പരിശോധന ഇന്നു നടക്കുന്നതിനാലാണ് പരിശോധന നീട്ടിയത്. പാളം തെറ്റിയ ബോഗി ഒന്നാമത്തെ പാളത്തിൽ നിന്നു മാറ്റിയിട്ടില്ല. പരിശോധനയ്ക്കുശേഷം മാത്രമേ ഇവ  മാറ്റുകയുള്ളു. ഇതിനാൽ ഒന്നാം പ്ലാറ്റ്ഫോമിൽ ട്രെയിനുകൾ നിർ‌ത്തുന്നില്ല. അമ്പലപ്പുഴ – ഹരിപ്പാട് ഇരട്ടപ്പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് മെറ്റൽ കയറ്റിയ ശേഷം ഹരിപ്പാട് ഭാഗത്തേക്കു പോകാൻ തയാറെടുക്കുമ്പോൾ കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം.

ഹരിപ്പാട്–അമ്പലപ്പുഴ ഇരട്ടപ്പാത: സുരക്ഷാ പരിശോധന ഇന്ന് 

നിർമാണം പൂർത്തിയായ ഹരിപ്പാട്–അമ്പലപ്പുഴ റെയിൽവേ ഇരട്ടപ്പാത ഇന്നു റെയിൽവേ സുരക്ഷാ കമ്മിഷണർ എം.മനോഹരൻ പരിശോധിക്കും. ഇന്നലെ നടത്താനിരുന്ന സ്പീഡ് ട്രയൽ ട്രാക്കിലെ ചില ജോലികൾ തീരാത്തതിനാൽ ഉപേക്ഷിച്ചു. രാവിലെ 7.30ന് അമ്പലപ്പുഴയിൽനിന്നു ഹരിപ്പാട്ടേക്ക് മോട്ടർ ട്രോളിയിൽ സഞ്ചരിച്ചാണു കമ്മിഷണറുടെ പരിശോധന. അതിനുശേഷം നിരീക്ഷണ ക്യാമറാ സൗകര്യമുള്ള പ്രത്യേക ട്രെയിൻ‌ 120 കിലോമീറ്റർ വേഗത്തിൽ ഹരിപ്പാട്ടുനിന്ന് അമ്പലപ്പുഴയിലേക്ക് ഓടിച്ച് ട്രാക്ക് പരിശോധിക്കും. ട്രാക്ക് നിർമാണം തൃപ്തികരമെന്നാണു റിപ്പോർട്ട് എങ്കിൽ ഒരാഴ്ചയ്ക്കു ശേഷം പുതിയ പാളത്തിലൂടെ ട്രെയിനുകൾ ഓടിക്കും. പഴയ പാതയിൽ‍ ചില മാറ്റങ്ങളും വരുത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com