ADVERTISEMENT

കുട്ടനാട് ∙ മടവീഴ്ചയിൽ വീടും പറമ്പും നഷ്ടമായി നഷ്ടപരിഹാരം കാത്തു കഴിഞ്ഞ കർഷകത്തൊഴിലാളി വാടകവീട്ടിൽ മരിച്ചു. ചിതയൊരുക്കിയതു പുറംബണ്ടിൽ. കൈനകരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് കുട്ടമംഗലം മുല്ലശേരി എം.ജി.രാഘവൻ (75) ആണു മരിച്ചത്.കഴിഞ്ഞ ഓഗസ്റ്റിൽ കൈനകരി ആറുപങ്ക് പാടശേഖരത്തിൽ മട വീണു വീടും 10 സെന്റ് പറമ്പും നഷ്ടമായതു മുതൽ രാഘവനും കുടുംബവും മകൾ ജ്യോതിയോടൊപ്പം വാടകവീട്ടിലാണ്.

പ്രമേഹം മൂർ‍ച്ഛിച്ചു കാഴ്ച നഷ്ടമായതിന്റെ ദുരിതത്തിലായിരുന്നു രാഘവൻ.രാഘവന്റെ കുടുംബത്തിനു സർക്കാർ 10 ലക്ഷം രൂപ സഹായം വാഗ്ദാനം ചെയ്തെങ്കിലും ഇതുവരെ കിട്ടിയില്ല. സ്ഥലം വാങ്ങാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 6 ലക്ഷം രൂപയും വീടിനു റീബിൽഡ് കേരള പദ്ധതിയിൽനിന്നു 4 ലക്ഷവും നൽകുമെന്നായിരുന്നു പ്രഖ്യാപനം. റവന്യു ഉദ്യോഗസ്ഥരുടെ നിർദേശത്തെ തുടർന്നു സ്ഥലം വാങ്ങാൻ പലരിൽ നിന്നു കടംവാങ്ങിയും മറ്റും അഡ്വാൻസ് നൽകി. 6 മാസത്തെ കരാർ കാലാവധി കഴിയാറായി. അഡ്വാൻസ് തുക നഷ്ടപ്പെടുമോ എന്ന ആശങ്കയിലായിരുന്നു കുടുംബം.

മടവീഴ്ചയിൽ നഷ്ടമായതിനു പകരം സ്വന്തം മണ്ണും വീടുമെന്ന ആഗ്രഹം സാധിക്കാത്തതിനാലാണ് ആറുപങ്ക് പാടശേഖരത്തിന്റെ പുറംബണ്ടിൽ വീടിരുന്ന സ്ഥലത്തു ബന്ധുക്കൾ രാഘവനു ചിതയൊരുക്കിയത്.പരേതയായ തങ്കമ്മയാണു ഭാര്യ. മക്കൾ: കുഞ്ഞുമോൾ, ഷൈമ, ജ്യോതി, സുനിത. മരുമക്കൾ: യശോധരൻ, സത്യൻ, അജി, ഉല്ലാസ്.നഷ്ടപരിഹാരത്തിനു സർക്കാർ ഉത്തരവായതാണെന്നും കോവിഡ് 19ന്റെ സാഹചര്യത്തിൽ സെക്രട്ടേറിയറ്റിൽ ജീവനക്കാർ കുറവായതിനാലാണു നടപടി വൈകുന്നതെന്നും പ്രശ്നം കലക്ടറുടെ ശ്രദ്ധയിൽ പെടുത്തുമെന്നും തഹസിൽദാർ‍ ടി.ഐ.വിജയസേനൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com