ADVERTISEMENT

കുട്ടനാട് ∙ വേനൽമഴയിലും കാറ്റിലും 8 വീടുകൾക്കു നാശം. വാഴ ഉൾപ്പെടെ ഒട്ടേറെ കരക്കൃഷികൾ നശിച്ചു. പുഞ്ചക്കൃഷിയിറക്കിയ പാടശേഖരങ്ങളിൽ നെല്ല് വീണത് കർഷകരെ ദുരിതത്തിലാക്കി.ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ ഉണ്ടായ കാറ്റിൽ മങ്കൊമ്പ് വടക്കേച്ചിറ വീട്ടിൽ അന്തോനിച്ചൻ, മങ്കൊമ്പ് മുപ്പത്തിമൂന്നിൽചിറ വീട്ടിൽ കെ.സത്യൻ, ചതുർഥ്യാകരി പൗവ്വത്തുശേരി ജിമ്മിച്ചൻ, കാവാലം വടക്ക് പോളപറമ്പിൽ കുഞ്ഞുമോൻ, കണ്ണാടി തൈപ്പറമ്പിൽ സുഗുണൻ, വടക്കൻ വെളിയനാട് കോട്ടപ്പള്ളി വീട്ടിൽ കെ.സി.മണി, കണ്ണാടി കുളങ്ങര വീട്ടിൽ അനിൽ എന്നിവരുടെ വീടുകൾക്കാണ് കേടുപാട് സംഭവിച്ചത്. പുളിമരം വീണാണു വടക്കേച്ചിറ അന്തോനിച്ചന്റെ വീടിനു കേടുപാടു സംഭവിച്ചത്. അടുക്കളയോടു ചേർന്നുള്ള ഭാഗത്താണു മരം വീണത്. 

 ചതുർഥ്യാകരി പൗവ്വത്തുശേരി ജിമ്മിച്ചന്റെ വീട് കാറ്റിൽ തകർന്നപ്പോൾ.
ചതുർഥ്യാകരി പൗവ്വത്തുശേരി ജിമ്മിച്ചന്റെ വീട് കാറ്റിൽ തകർന്നപ്പോൾ.

അ‌‌ടുക്കളഭാഗത്ത് ഇരിക്കുകയായിരുന്ന അന്തോനിച്ചന്റെ മകൻ അരുണും അനുജന്റെ മകനും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.മുപ്പത്തിമൂന്നിൽചിറവീട്ടിൽ കെ.സത്യന്റെ വീടിന്റെ മേൽക്കൂര കാറ്റിൽ പൂർണമായി തകർന്നു. അപകട സമയത്ത് സത്യനും ഭാര്യ രമണിയും വീടിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപെട്ടു. രമണിയുടെ കാൽ ഒടിഞ്ഞു കഴിഞ്ഞ 16 മാസമായി ചികിത്സയിലാണ്. വീടിനു പുറത്തിറങ്ങാൻപോലും ബുദ്ധിമുട്ട് നേരിടുന്ന രമണിയുടെ സമീപം വരെ മേൽക്കൂരയുടെ അവശിഷ്ടങ്ങൾ വീണിരുന്നു. പ്രളയസഹായമായി ലഭിച്ച 60,000 രൂപയും കടം വാങ്ങിയ 40,000 രൂപയും ചെലവഴിച്ച് അടുത്തിടെ വീടിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയിരുന്നു. 

 ചതുർഥ്യാകരി കരമത്ര ജോബി തോമസിന്റെ വാഴകൾ ശക്തമായ കാറ്റിൽ ഒടിഞ്ഞുവീണപ്പോൾ.
ചതുർഥ്യാകരി കരമത്ര ജോബി തോമസിന്റെ വാഴകൾ ശക്തമായ കാറ്റിൽ ഒടിഞ്ഞുവീണപ്പോൾ.

സത്യന്റെ മേൽക്കൂരയിൽ ഷീറ്റ് പറക്കാതിരിക്കാൻ വച്ചിരുന്ന കല്ല് സമീപത്തുള്ള സഹോദരി ഷൈലമ്മയുടെ വീട്ടിലേക്കു പറന്നുവീണ് മേൽക്കൂരയുടെ ഷീറ്റ് തകരുകയും റഫ്രിജറേറ്ററിന് കേടുപാടു സംഭവിക്കുകയും ചെയ്തു.ശക്തമായ കാറ്റിൽ ചതുർ‍ഥ്യാകരി പൗവ്വത്തുശേരി ജിമ്മിച്ചന്റെ വീടിന്റെ  മേൽക്കൂര ഷീറ്റ് കാറ്റിൽ പറന്നുപോകുകയായിരുന്നു. അമ്മയും ഭാര്യയും മക്കളും മറ്റൊരു മുറിയിലായതിനാൽ അപകടം കൂടാതെ രക്ഷപ്പെട്ടു.കണ്ണാടി സെന്റ് ജോസഫ്സ് പള്ളിയിൽ വിൻസന്റ് ഡിപോൾ സൊസൈറ്റി പ്രവർത്തകരുടെ നേതൃത്വത്തിൽ പള്ളിയുടെ പുരയിടത്തിൽ നട്ടിരുന്ന അറുപതോളം വാഴകൾ കാറ്റിൽ ഓടിഞ്ഞുവീണു. കുലച്ചു പാതി വിളവെത്തിയ ഏത്തവാഴകളാണ് നശിച്ചത്. ചതുർഥ്യാകരി കരമത്ര വീട്ടിൽ ജോബി തോമസിന്റെ വാഴകളും കാറ്റിൽ ഒടിഞ്ഞുവീണു.

   വീയപുരം കൃഷിഭവൻ പരിധിയിലെ 600 ഏക്കർ വിസ്തൃതിയുള്ള മുപ്പായിക്കേരി പാടശേഖരത്തിലെ നെൽച്ചെടികൾ കഴിഞ്ഞ ദിവസം ഉണ്ടായ മഴയിൽ വീണ നിലയിൽ
വീയപുരം കൃഷിഭവൻ പരിധിയിലെ 600 ഏക്കർ വിസ്തൃതിയുള്ള മുപ്പായിക്കേരി പാടശേഖരത്തിലെ നെൽച്ചെടികൾ കഴിഞ്ഞ ദിവസം ഉണ്ടായ മഴയിൽ വീണ നിലയിൽ

മഴയിൽ നനഞ്ഞ് നെൽകർഷകരുടെ പ്രതീക്ഷകൾ

കർഷകരെ ആശങ്കയിൽ ആക്കി വേനൽമഴ. മഴ തുടരുന്നത് കൊയ്ത്തിനെയും സംഭരണത്തെയും ബാധിക്കും. എന്നാൽ കരക്കൃഷി കർഷകരെ സംബന്ധിച്ചിടത്തോളം ആശ്വാസം പകരുന്നതായിരുന്നു മഴ. രണ്ടു ദിവസമായി പെയ്യുന്ന മഴ ചില പാടശഖരങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. മഴ കൂടുതൽ നീണ്ടാൽ ലക്ഷക്കണക്കിനു രൂപയുടെ നെല്ല് വെള്ളത്തിലാകും. കോവിഡ് മൂലം നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും കൊയ്ത്തു കഴിഞ്ഞ് രണ്ടു ദിവസത്തിനകം തന്നെ നെല്ല് സംഭരിക്കുന്നുണ്ട് എന്ന് പാഡി മാർക്കറ്റിങ് ഓഫിസർ രാജേഷ് കുമാർ പറഞ്ഞു. ഇപ്പോൾ നിത്യേന 180 മുതൽ 200 വരെ ലോഡ് നെല്ല് സംഭരിക്കുന്നുണ്ട്. ഇന്നലെ കൊയ്ത്തു തീർന്ന മുട്ടാർ കുഴിയനടി പാടത്ത് നെല്ല് സംഭരണം പുരോഗമിക്കുകയാണ്. അതിനു സമീപം അമ്പലം പാടത്തും ആരംഭിച്ചതായി അധികൃതർ പറഞ്ഞു.

  പുളിങ്കുന്ന് കൃഷിഭവൻ പരിധിയിലെ മേച്ചേരിവാക്ക പാടശേഖരത്തിലെ നെല്ല് കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ വീണപ്പോൾ. ഇന്നലെ വിളവെടുപ്പു നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ മഴമൂലം പാടശേഖരത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ വിളവെടുപ്പ് മാറ്റി വച്ചു.
പുളിങ്കുന്ന് കൃഷിഭവൻ പരിധിയിലെ മേച്ചേരിവാക്ക പാടശേഖരത്തിലെ നെല്ല് കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ വീണപ്പോൾ. ഇന്നലെ വിളവെടുപ്പു നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ മഴമൂലം പാടശേഖരത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ വിളവെടുപ്പ് മാറ്റി വച്ചു.

സംഭരണത്തിനായി നെല്ല് ചാക്കിൽ നിറച്ചു വച്ച് കൃഷിക്കാരും മഴയിൽ ഏറെ പ്രയാസപ്പെട്ടു. നിരത്തി വച്ചിരിക്കുന്നതിനാൽ മൂടിയിടാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു. പിന്നീട് വൈക്കോലും പ്ലാസ്റ്റിക് ചാക്കും എത്തിച്ച് നെല്ല് സുരക്ഷിതമാക്കി. പാടത്ത് കിടക്കുന്ന നെല്ല് സപ്ലൈകോയ്ക്ക് നൽകണമെങ്കിൽ വീണ്ടും ഉണങ്ങണം. ഇത് ഇരട്ടി നഷ്ടത്തിന് ഇടയാക്കും എന്നാണ് കർഷകർ പറയുന്നത്. പാടത്ത് ഉണക്കാനായി ഇട്ടിരുന്ന വൈക്കോലും മഴയിൽ കുതിർന്നു. ഇത് വീണ്ടും ഉണക്കേണ്ട അവസ്ഥയാണ്.ഈ ആഴ്ചകൊണ്ട് കൊയ്തു തീർക്കേണ്ട  ഒട്ടേറെ പാടശേഖരങ്ങൾ ആണ് ഉള്ളത്. ഒട്ടേറെ പാടങ്ങളിൽ നെല്ല് വീണു. ഇത് കൊയ്ത്തിനെ കാര്യമായി ബാധിക്കും. യന്ത്രം ഇറങ്ങിയാൽ താഴാൻ സാധ്യത ഏറെയാണ്. മാത്രമല്ല കൊയ്യാനുള്ള സമയം കൂടുകയും കൂടുതൽ കൂലി നൽകേണ്ടതായും വരും.

പകൽ നല്ല വെയിൽ ഉള്ളതിനാൽ പെട്ടെന്ന് പാടം ഉണക്കാൻ കഴിയുമെന്നാണ് കർഷകരുടെ കണക്കു കൂട്ടൽ.വൈകുന്നേരങ്ങളിൽ പെയ്യുന്ന മഴ കരക്കൃഷിക്കു നേട്ടമാണ്. വെള്ളത്തിനു കടുത്ത ക്ഷാമം നേരിടുന്നതിനാൽ പല സ്ഥലത്തും പച്ചക്കറികൾ കരിയുകയും വിളവ് വൻതോതിൽ കുറയുകയും ചെയ്തിരുന്നു. ഏത്തവാഴ കൃഷിക്കും എല്ലാ ദിവസവും വെള്ളം ഒഴിക്കണം. തോടുകളിലും കിണറുകളിലും വെള്ളം വറ്റി കിടന്നതിനാൽ അതിനു കഴിയാത്ത അവസ്ഥയായിരുന്നു. രണ്ടു ദിവസത്തെ മഴയിൽ ചില തോടുകളിൽ വെള്ളം എത്തി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com