ADVERTISEMENT

കുട്ടനാട് ∙ കൈനകരി കനകാശേരിയിൽ മടവീഴ്ചയിൽ കിടപ്പാടം നഷ്ടമായ കുടുംബം സർക്കാർ സഹായത്തിനായി കാത്തിരിക്കുന്നു. കൈനകരി കനകാശേരിചിറ വീട്ടിൽ വിധവയായ കോമളവും കുടുംബവുമാണ് സഹായം തേടുന്നത്. കോമളത്തിന്റെ മകൻ ഒരു വർഷം മുൻപു മരണപ്പെട്ടിരുന്നു. അതിന്റെ ആഘാതത്തിൽ നിന്ന് കരകയറുമ്പോഴാണ് ഇരുട്ടടിയായി കിടപ്പാടവും നഷ്ടമാകുന്നത്.മകന്റെ ഭാര്യയും 2 മക്കളെയും കൂട്ടി കൈനകരി കൃഷിഭവൻ പരിധിയിലെ കനകാശേരി പാടശേഖരത്തിന്റെ പുറംബണ്ടിലാണ് കോമളം താമസിച്ചിരുന്നത്.

കഴിഞ്ഞ ഓഗസ്റ്റിൽ പാടശേഖരത്തിലുണ്ടായ മടവീഴ്ചയിൽ  വീടിനു സാരമായ കേടുപാടു സംഭവിച്ചു. നവംബറിലുണ്ടായ രണ്ടാം മടവീഴ്ചയിൽ വീടും ആകെയുള്ള 4 സെന്റ് ഭൂമിയും പൂർണമായി ഒഴുകിപ്പോയി.തുടർന്നു വാടകവീട്ടിൽ അഭയം തേടിയ കുടുംബത്തിന് സർക്കാർ പുതിയ ഭൂമി വാങ്ങാനും വീടു വയ്ക്കാനും പണം അനുവദിച്ചിരുന്നു. റവന്യു ഉദ്യോഗസ്ഥരുടെ ഉറപ്പിനെ തുടർന്നു പൂങ്കാവിൽ 4 സെന്റ് ഭൂമിക്കായി കടം വാങ്ങിയും മറ്റും 50,000 രൂപ അഡ്വാൻസ് നൽകിയിരുന്നു.

ഈ മാസം കരാർ കാലാവധി അവസാനിക്കുന്നതിന് മുൻപായി ഭൂമി വാങ്ങാൻ സാധിച്ചില്ലെങ്കിൽ അഡ്വാൻസ് നൽകിയ തുക നഷ്ടമാകും. സ്ഥലം വാങ്ങാനും വീടു വയ്ക്കാനും 10 ലക്ഷം രൂപ ലഭ്യമാക്കുമെന്നാണ് അധിക‍തർ പറഞ്ഞത്. സർക്കാർ സഹായം ലഭിക്കാതിരുന്നതോടെ കോമളവും കുടുംബവും മടകുത്തൽ തടഞ്ഞിരുന്നു. തുടർന്നു കൈനകരി വടക്ക് വില്ലേജ് ഓഫിസറുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണു മടകുത്തൽ പൂർത്തിയാക്കാൻ സാധിച്ചത്.

അന്നു തഹസിൽദാറും കലക്ടറും അടിയന്തരമായി സഹായം ലഭ്യമാക്കുമെന്ന ഉറപ്പു നൽകി ആഴ്ചകൾ പിന്നിട്ടെങ്കിലും യാഥാർഥ്യമായില്ല.വാടകവീട് ഒഴിഞ്ഞു നൽകണമെന്ന് ഉടമ ആവശ്യപ്പെട്ടു. ലോക്ഡൗൺ കാലാവധി പൂർത്തിയാകുമ്പോഴേക്കും സർക്കാർ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോമളവും കുടുംബവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com