ADVERTISEMENT

ആലപ്പുഴ ∙ 5 മേൽപാലങ്ങളോടെ നവീകരിക്കുന്ന എസി റോഡിന്റെ ജോലി ഉടൻ ടെൻഡർ ചെയ്യുമെന്നും 3 വർഷത്തിനകം പദ്ധതി പൂർത്തിയാക്കുകയാണു ലക്ഷ്യമെന്നും മന്ത്രി ജി.സുധാകരൻ.  24.14 കിലോമീറ്റർ റോ‍ഡ് പുനർനിർമിക്കുന്നത് ആധുനിക സാങ്കേതിക വിദ്യയിലാണ്. 624.48 കോടി രൂപയുടേതാണു പദ്ധതി. നിലവിലെ കിടങ്ങറ, നെടുമുടി, പള്ളാത്തുരുത്തി പാലങ്ങൾക്കു വീതി കൂട്ടുമെന്നും മന്ത്രി അറിയിച്ചു.എസി റോഡിൽ നിർമിക്കുന്ന 5 മേൽപാലങ്ങളുടെ ആകെ നീളം 1.785 കിലോമീറ്റർ.

ഒന്നാംകര പാലത്തിനും മങ്കൊമ്പ് ജംക്‌ഷനും ഇടയിൽ – 370 മീറ്റർ, മങ്കൊമ്പ് ജംക്‌ഷനും മങ്കൊമ്പ് കലുങ്കിനും ഇടയിൽ‍ – 440 മീറ്റർ, മങ്കൊമ്പ് തെക്കേക്കര –  240 മീറ്റർ, ജ്യോതി ജംക്‌ഷനും പാറശേരി പാലത്തിനും ഇടയിൽ – 260 മീറ്റർ, പൊങ്ങ കലുങ്കിനും പണ്ടാരക്കുളത്തിനും ഇടയിൽ – 485 മീറ്റർ എന്നിങ്ങനെയാണു നിർമാണമെന്നു മന്ത്രി ജി.സുധാകരൻ അറിയിച്ചു. 125.35 കോടി രൂപയാണു മേൽപാലങ്ങളുടെ നിർമാണച്ചെലവ്. വെള്ളപ്പൊക്ക സമയത്തുപോലും തടസ്സമില്ലാതെ വെള്ളം ഒഴുകാനും ഗതാഗതത്തിനുമായാണ് മേൽപാലങ്ങൾ.

ഒരു വശത്തു കായലും മറുവശത്തു നെൽപാടവുമുള്ള ഭാഗങ്ങളിൽ റോഡിനു സമാനമായും ഒരു വശത്തു കായലും മറുവശത്തു വീടുകളും ഉള്ളിടത്തു പ്രദേശവാസികളുടെ വാഹന ഗതാഗതത്തിനു തടസ്സമാകാത്ത വിധം സർവീസ് റോ‍ഡുകളും ഉണ്ടാവും.3 തരത്തിലാണു റോഡ് നിർമാണം. 2.9 കിലോമീറ്റർ ഭാഗത്തു ബിഎം ആൻഡ് ബിസി രീതി നിലനിർത്തും. 8.27 കിലോമീറ്ററിൽ ഭൂവസ്ത്ര പാളികൾ കൊണ്ടു മെച്ചപ്പെടുത്തും. 9 കിലോമീറ്റർ ഭാഗത്തു ജിയോഗ്രിഡും കയർ ഭൂവസ്ത്രംകൊണ്ട് ആവരണം ചെയ്തു കല്ലു പാകലും നടത്തും.

  നടപ്പാത ഉൾപ്പെടെ 14 മീറ്റർ വരെ വീതി

വാഹന ഗതാഗതത്തിനു 10 മീറ്റർ വീതിയുള്ള 2 വരി പാതയാണു നിർമിക്കുക. വശങ്ങളിലെ നടപ്പാത കൂടിയാകുമ്പോൾ 13 – 14 മീറ്റർ വീതി. ഇത്തരത്തിൽ റോഡ് നിർമിക്കാൻ സ്ഥലം ഏറ്റെടുക്കേണ്ട ആവശ്യമുണ്ടാകില്ലെന്നാണു മന്ത്രി പറഞ്ഞത്. സ്ഥലം ലഭ്യമാണ്. നിലം നികത്തേണ്ട സാഹചര്യമില്ല. കനാലിന്റെ വശങ്ങളിലെ കയ്യേറ്റം ഒഴിപ്പിക്കാൻ ജലവിഭവ വകുപ്പ് നടപടിയെടുക്കുമെന്നും പറഞ്ഞു. സ്ഥലമെടുപ്പിനും കയ്യേറ്റം ഒഴിപ്പിക്കലിനും പദ്ധതിയിൽ തുകയുണ്ട്.

 മേൽപാലങ്ങൾ ഏറ്റവും താഴ്ന്ന സ്ഥലങ്ങളിൽ

2018, 2019 പ്രളയങ്ങളിൽ ഏറ്റവും ഉയരത്തിൽ വെള്ളം ഒഴുകിയ 5 സ്ഥലങ്ങളിലാണ് മേൽപാലങ്ങൾ നിർമിക്കുന്നത്. ഈ പാലങ്ങളിൽ ജലസേചന പൈപ്പുകൾക്കും വൈദ്യുതി കേബിളുകൾക്കും മറ്റുമായി പ്രത്യേക സൗകര്യമുണ്ടാവും. പൈപ്പ്, കേബിൾ അറ്റകുറ്റപ്പണി നടത്താൻ ഇതു സൗകര്യമാകും.നെടുമുടി, പള്ളാത്തുരുത്തി, കിടങ്ങറ പാലങ്ങളിൽ ഇരുവശത്തും നടപ്പാത നിർമിക്കും.

104 കോടി രൂപയാണ് ഇതിനു മാത്രം ചെലവ്. മുട്ടാറിലെ ചെറിയ പാലം പൊളിച്ചു വലിയ പാലം പണിയാൻ 7.5 കോടി. മിക്കയിടത്തും റോഡിന്റെ വശങ്ങളിൽ ക്രാഷ് ബാരിയറുകളുണ്ടാവും. സ്ഥലമുള്ള ഭാഗങ്ങളിൽ ബസ് ബേകൾ, കാത്തിരിപ്പു കേന്ദ്രങ്ങൾ എന്നിവയും നിർമിക്കും. യൂട്ടിലിറ്റി ഷിഫ്റ്റിങ്, റോഡ് സുരക്ഷാ സംവിധാനങ്ങൾ തുടങ്ങിയവയും ഉണ്ടാവും. 

  കെഎസ്ടിപി കൈമാറി, നിർമാണം മരാമത്ത് വകുപ്പ്

കെഎസ്ടിപിയുടെ ചുമതലയിലായിരുന്ന റോഡ്, കാലാവധി കഴിഞ്ഞതിനാൽ കൈമാറിയിട്ടുണ്ടെന്നും നവീകരണ പദ്ധതി മരാമത്ത് വകുപ്പാകും നടപ്പാക്കുകയെന്നും മന്ത്രി അറിയിച്ചു. 7 മാസമാണു വിദഗ്ധർ പഠനം നടത്തിയത്. ഇതു കാലതാമസമല്ല. നല്ല പഠനം ആവശ്യമുള്ള പദ്ധതിയാണിതെന്നും മന്ത്രി പറഞ്ഞു.

കോസ്‌വേകൾ–പാലങ്ങൾ

9 സ്ഥലങ്ങളിലായി 400 മീറ്റർ കോസ്‌വേകൾ നിർമിക്കും: പൂവ്വം – 30 മീറ്റർ, മെർപൽ റോഡിനു സമീപം – 10 മീറ്റർ, മാമ്പുഴക്കരി ജംക്‌ഷനു സമീപം – 60 മീറ്റർ,വേഴപ്പാറ റോഡ് – 20 മീറ്റർ, മെമ്മറീസ് ഹോട്ടലിനു സമീപം – 50 മീറ്റർ, ഏവീസ് ഹോട്ടലിനു സമീപം – 50 മീറ്റർ, നെടുമുടി പെട്രോൾ പമ്പിനു സമീപം – 90 മീറ്റർ, പൂപ്പള്ളി ജംക്‌ഷനു സമീപം – 100 മീറ്റർ, പൊങ്ങ – 20 മീറ്റർ.

പുതുക്കിപ്പണിയുന്ന 13 ചെറുപാലങ്ങൾ: കോണ്ടൂർ, പാറയ്ക്കൽ, കിടങ്ങറ ഈസ്റ്റ്, കിടങ്ങറ ബസാർ, മാമ്പുഴക്കരി, രാമങ്കരി, പള്ളിക്കൂട്ടുമ്മ, മങ്കൊമ്പ്, മടവശേരി, പാറശേരിൽ, പൊങ്ങ, പണ്ടാരക്കുളം, കളർകോട്.

ചരിത്രം, നാൾവഴി 

1955ൽ ആണ് എസി റോഡിന്റെ നിർമാണം തുടങ്ങിയത്. സംസ്ഥാനപാത 11 എന്നാണു മരാമത്ത് വകുപ്പിന്റെ റോഡ് റജിസ്റ്ററിലെ പേര്. കുട്ടനാട്ടിലെ ചെളി വെട്ടിയെടുത്തു നിരത്തി നിർമാണത്തുടക്കം. 1957ൽ 11 പാലങ്ങളുടെ പണി പൂർത്തിയാക്കി. അന്നത്തെ മുഖ്യമന്ത്രി ഇഎംഎസ് റോ‍‍ഡ് തുറന്നു. അപ്പോഴും 3 വലിയ പാലങ്ങളുടെ പണി പൂർത്തിയായിരുന്നില്ല. 1984ൽ മണിമലയാറ്റിൽ കിടങ്ങറ പാലവും 1987ൽ പമ്പയാറ്റിൽ നെടുമുടി, പള്ളാത്തുരുത്തി പാലങ്ങളും പൂർത്തിയാക്കി.വാഹന ഗതാഗതം കൂടിയതോടെ പ്രശ്നങ്ങൾ തുടങ്ങി.

റോഡ് താഴുന്നതായിരുന്നു പ്രധാന പ്രതിസന്ധി. ഗ്രാവൽ നിറച്ചു 2 പാളി മെറ്റലിങ്ങും നടത്തി 20 മില്ലിമീറ്റർ ചിപ്പിങ് കാർപെറ്റ് ചെയ്തു നവീകരിച്ചെങ്കിലും ഭൂപ്രകൃതി പ്രത്യേകത കാരണം റോഡ് താഴുന്നതു തുടർന്നു.പുനരുദ്ധാരണത്തിനായി കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിനു (കെഎസ്ടിപി) കൈമാറി. 48 കോടിയുടെ ജോലി 2008ൽ പൂർത്തിയാക്കി. 2013ൽ വീണ്ടും അറ്റകുറ്റപ്പണി നടത്തി. മഴക്കാലത്തു താഴ്ന്ന ഭാഗങ്ങളിൽ വെള്ളം കയറുകയും 15 – 20 ദിവസം റോഡ് വെള്ളക്കെട്ടിലാകുകയും ചെയ്യുന്നതു തുടർന്നു.

2018ലെ പ്രളയത്തിൽ എസി റോഡ് മുഴുവനായിത്തന്നെ മുങ്ങി. കുട്ടനാടിന്റെ ഉൾപ്രദേശങ്ങളിലുള്ളവർ പ്രളയ സമയത്തു രക്ഷയ്ക്കായി ഏറ്റവും ആശ്രയിക്കുന്ന എസി റോഡ് മുങ്ങിയതോടെ അടിയന്തര സാഹചര്യം മനസ്സിലാക്കിയാണു പുനരുദ്ധാരണ പദ്ധതികൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആലോചിച്ചത്. 90 ലക്ഷത്തിന്റെ അടിയന്തര കുഴിയടയ്ക്കൽ നടത്തി. താഴ്ന്ന പ്രദേശങ്ങളായ പണ്ടാരക്കുളം, പള്ളാത്തുരുത്തി, നസ്രത്ത്, മങ്കൊമ്പ് എന്നിവിടങ്ങളിൽ 10 കോടി ചെലവിൽ 40 സെന്റിമീറ്റർ വരെ റോഡ് ഉയർത്തി.

ദീർഘകാല പരിഹാരമെന്ന നിലയിലാണ് ഇപ്പോഴത്തെ പദ്ധതിക്കു രൂപം നൽകിയത്. മന്ത്രി ജി.സുധാകരന്റെ നേതൃത്വത്തിൽ വിദഗ്ധരുടെ 2 ശിൽപശാല നടത്തി. ഡോ. കെ.ബാലനെ ജിയോ ടെക്നിക്കൽ കൺസൽറ്റന്റായി നിയോഗിച്ചു. നവീകരണത്തിനുള്ള പഠനങ്ങൾ കഴിഞ്ഞ സെപ്റ്റംബറിൽ പൂർത്തിയായി. മാർച്ചിൽ റിപ്പോർട്ട് സമർപ്പിച്ചു. 95 സ്ഥലങ്ങളിൽ 75 മീറ്റർ ആഴത്തിൽ വരെ മണ്ണിന്റെ ഘടന പരിശോധിച്ചു. തുടർന്നാണു വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കിയത്.

ചെലവുകൾ ഇങ്ങനെ

∙നടപ്പാത – 172.47 കോടി

∙മേൽപാലങ്ങൾ – 125.35 കോടി

∙കോസ്‌വേകൾ – 39.51 കോടി

∙വലിയ പാലങ്ങളുടെ വീതി കൂട്ടലും നടപ്പാതയും – 106.52 കോടി

∙13 വലുതും 65 ചെറുതുമായ കലുങ്കുകൾ – 45.81 കോടി

∙ഓട, കേബിൾ – പൈപ്പ് സംവിധാനം, അപ്രോച്ച് റോഡ്, പാർശ്വഭിത്തി – 106.17 കോടി

∙റോഡ് സുരക്ഷാ ക്രമീകരണം – 16.37 കോടി

∙സ്ഥലമെടുപ്പ് – 1.12 കോടി

∙യൂട്ടിലിറ്റി ഷിഫ്റ്റിങ് – 3.43 കോടി

∙കയ്യേറ്റം ഒഴിപ്പിക്കൽ – 22 ലക്ഷം

∙മുട്ടാർ പാലം – 7.5 കോടി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com