ADVERTISEMENT

ആലപ്പുഴ ∙ വട്ടപ്പള്ളിയും മൂസാ സേട്ടും ഇരുമ്പു ജോണും പട്ടാളം മാധവിയമ്മയുമൊക്കെ നിറഞ്ഞു നിന്ന ‘വിയറ്റ്നാം കോളനി’ ഓർമകള‍ുടെ തിരശീലയ്ക്കു പിന്നിലേക്കു മറയുമോ? വിയറ്റ്നാം കോളനി സിനിമയുടെ പ്രധാന ഷൂട്ടിങ് ലൊക്കേഷനായ ആലപ്പുഴ സിവിൽ സ്റ്റേഷൻ വാർഡിലെ പഴയ ഗുജറാത്തി കെട്ടിടങ്ങളിലൊന്നിന്റെ മേൽക്കൂര കഴിഞ്ഞയാഴ്ചത്തെ മഴയിൽ വീണു. നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടം മോശം അവസ്ഥയിലാണിപ്പോൾ. 

കെട്ടിട ഉടമസ്ഥരായ ജൈന ടെംപിൾ ട്രസ്റ്റിന്റെ പ്രസിഡന്റ് ജിതേന്ദ്ര കുമാർ പൊളിഞ്ഞ  കെട്ടിടത്തിനു മുൻപിൽ.						ചിത്രം: മനോരമ
കെട്ടിട ഉടമസ്ഥരായ ജൈന ടെംപിൾ ട്രസ്റ്റിന്റെ പ്രസിഡന്റ് ജിതേന്ദ്ര കുമാർ പൊളിഞ്ഞ കെട്ടിടത്തിനു മുൻപിൽ. ചിത്രം: മനോരമ

 ചരിത്രവും    സിനിമയ‍ിലായ ചരിത്രവും 

ബ്രിട്ടിഷുകാരുടെ കൈവശമുണ്ടായിരുന്നതാണ് സിവിൽ സ്റ്റേഷൻ വാർഡിലെ ഇപ്പോഴത്തെ മിലിറ്ററി കന്റീൻ ഉൾപ്പെടുന്ന കെട്ടിടങ്ങൾ. ഇവ കച്ചി മേമൻ വിഭാഗത്തിൽപ്പെട്ടവർ വാങ്ങി. അവരിൽ നിന്നു ഗുജറാത്തി ജൈന വിഭാഗവും വൈഷ്ണവ വിഭാഗവും ചേർന്ന് വ‍ിലയ്ക്കെടുക്കുകയായിരുന്നു എന്നാണ് ചരിത്രം. സനാതൻ വൈഷ്ണവ് മഹാന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ഭാഗങ്ങളിലാണ് 28 വർഷം മുൻപ് ‘വിയറ്റ്നാം കോളനി’ ചിത്രീകരിച്ചത്. ഇതിന്റെ തുടർച്ചയായുള്ള കെട്ടിടങ്ങൾ ജൈന ടെംപിൾ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇപ്പോൾ തകർന്നു വീണ കെട്ടിടത്തിന്റെ ഒരു ഭാഗവും സിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 

 വിയറ്റ്നാം കോളനി സിനിമയിലെ ഒരു രംഗം.
വിയറ്റ്നാം കോളനി സിനിമയിലെ ഒരു രംഗം.

 അറ്റകുറ്റപ്പണി നടത്തും:     ജൈന ടെംപിൾ ട്രസ്റ്റ് 

കെട്ടിടത്തിന്റെ ഉടമസ്ഥരായ ജൈന ടെംപിൾ ട്രസ്റ്റിൽ അംഗങ്ങളായ 10 കുടുംബങ്ങളാണ് ഇപ്പോൾ ആലപ്പുഴ നഗരത്തിൽ ഉള്ളത്. കെട്ടിടത്തിന്റെ വാടകക്കാരുമായി കെട്ടിടം അറ്റകുറ്റപ്പണി നടത്തുന്നതു സംബന്ധിച്ചു ചർച്ച നടത്തുകയാണെന്ന് ടെംപിൾ ട്രസ്റ്റ് സെക്രട്ടറി ചന്ദ്രേഷ് ലൊഡ‍ായ, പ്രസിഡന്റ് ജിതേന്ദ്ര കുമാർ എന്നിവർ പറഞ്ഞു. 

  ‘പൈതൃക മന്ദിരം      സംരക്ഷിക്കണം’ 

ആലപ്പുഴയുടെ മുഖമുദ്രയായ പൈതൃക മന്ദ‍ിരം ആലപ്പുഴ പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ടി.എം.തോമസ് ഐസക്കിനു നിവേദനം നൽകുമെന്നു സിവിൽ സ്റ്റേഷൻ വാർഡ് കൗൺസിലർ എ.എം.നൗഫൽ പറഞ്ഞു. കെട്ടിടം പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച് പദ്ധതിയുടെ പ്രവർത്തകരും മന്ത്രി തോമസ് ഐസക്കും ജൈന ടെംപിൾ ട്രസ്റ്റുമായി നേരത്തെ ചർച്ച നടത്തിയിരുന്നു. എന്നാൽ, കെട്ടിടത്തിൽ വാടകക്കാർ കഴിയുന്നതിനാൽ തൽക്കാലം പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നായിരുന്നു ഉടമസ്ഥരുടെ അഭിപ്രായം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com