ADVERTISEMENT

ചെറിയനാട് ∙ വേണ്ടത്ര ആസൂത്രണമില്ലാതെ നിർമിച്ച അടിപ്പാതകൾ ചെറിയനാട്ട് നാട്ടുകാർക്കു ദുരിതമാകുന്നു.  22–ാം നമ്പർ ഇടമുറി, 23–ാം നമ്പർ കളത്രക്കുറ്റി റെയിൽവേ ഗേറ്റുകൾ അടച്ചു പൂട്ടിയ റെയിൽവേ ബദൽ സഞ്ചാരമാർഗമായാണ് രണ്ടിടത്തും അടിപ്പാതകൾ നിർമിച്ചത്. എന്നാൽ മഴക്കാലത്തു മുട്ടിനു മുകളിൽ വെള്ളം പൊങ്ങുന്ന അടിപ്പാതയിലൂടെ അക്കരെയിക്കരെ കടക്കാൻ വള്ളമിറക്കേണ്ട ഗതികേടിലാണ് നാട്ടുകാർ. കളത്രക്കുറ്റി കോളനി വാസികൾ ഉൾപ്പെടെ 40 വീട്ടുകാരാണ് വലയുന്നത്.  അവരുടെ ദുരിതക്കാഴ്ചകളിലേക്ക്. 

ഇടമുറി 22–ാം നമ്പർ റെയിൽവേ അടിപ്പാത.
ഇടമുറി 22–ാം നമ്പർ റെയിൽവേ അടിപ്പാത.

വില്ലനായി ഉയരം 

3.5 മീറ്റർ ഉയരമുള്ള വാഹനങ്ങൾ കടന്നു പോകുന്ന തരത്തിലാണ് അടിപ്പാത നിർമിച്ചത്. തറനിരപ്പിലെ ഉയരം 50 സെന്റീമീറ്റർ കൂടി ഉയർത്തിയാൽ വെള്ളക്കെട്ട് ഒഴിവാക്കാമെങ്കിലും വലിയ ഫയർഎൻജിൻ ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നു പോകില്ല. 

തമിഴ്നാട് മോഡൽ 

അടിപ്പാതയുടെ ഇരുവശത്തും മഴവെള്ളം വീഴാതിരിക്കാൻ മേൽക്കൂര നിർമിക്കാമെന്ന നിർദേശമാണു റെയിൽവേ പരിഗണിക്കുന്നത്. തമിഴ്നാട്ടിൽ ഇത്തരം മാതൃകകൾ ഉണ്ടെന്നും അവകാശപ്പെടുന്നു. ഇത് അപ്രായോഗികമാണെന്നാണു നാട്ടുകാരുടെ വാദം.  പാതയ്ക്കുള്ളിൽ  നിറയുന്ന വെള്ളം പമ്പ് ചെയ്തു കളയാൻ മഴക്കാലത്തു പമ്പ് സെറ്റ് സ്ഥാപിക്കേണ്ടി വരുമെന്നും നിർദേശമുണ്ട്. പമ്പ്സെറ്റ്  ആരു പരിപാലിക്കും എന്നതും വിഷയമാണ്. പഞ്ചായത്ത് ചുമതലയേൽക്കേണ്ടി വരും. 

ചാറ്റൽ  മഴയ്ക്കും വെള്ളം നിറയും

കഴിഞ്ഞ ദിവസം  പെയ്ത മഴ ബാക്കി വച്ച വെള്ളം കളത്രക്കുറ്റി അടിപ്പാതയിൽ ഇപ്പോഴുമുണ്ട്. പൂർണമായും ഒഴുകിപ്പോയിട്ടില്ല. സമീപത്തെ ഇടമുറി പാടത്തേക്കു വെള്ളം ഒഴുക്കിവിടാൻ അടിപ്പാതയുടെ മതിലിൽ  മൂന്ന് ഇഞ്ച് വലിപ്പമുള്ള ദ്വാരം മാത്രമാണുള്ളത്. ഉയർന്നു നിൽക്കുന്ന മൗട്ടത്തുപടി ഭാഗത്തു നിന്ന് പാതയിലേക്ക് ഒലിച്ചിറങ്ങുന്ന വെള്ളം ഇതുവഴി  ഒഴുകിമാറില്ല. അടിപ്പാതയ്ക്കു സമാന്തരമായി ഓട നിർമിച്ചിട്ടുണ്ടെങ്കിലും ഇതു വഴി പൂർണമായും ഒഴുകിപ്പോകില്ല,  പാതയ്ക്കുള്ളിലേക്കു വെള്ളമിറങ്ങും. ഇടമുറി അടിപ്പാതയിൽ വെള്ളം കയറുമെങ്കിലും സ്ഥിതി കളത്രക്കുറ്റിയിലെ അത്ര രൂക്ഷമല്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com