ADVERTISEMENT

ഹരിപ്പാട് ∙ എൺപതോളം വീടുകളിൽ മോഷണം നടത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. താമല്ലാക്കൽ, കരുവാറ്റ പ്രദേശങ്ങളിലായി നടന്ന മോഷണക്കേസുകളിലെ പ്രതി കുമാരപുരം താമല്ലാക്കൽ മാണിക്കേത്ത് വീട്ടിൽ അജിത് തോമസിനെ(43) യാണ് ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണം സംഘം പിടികൂടിയത്.  5 വർഷമായി  ഇയാൾ  മോഷണം നടത്തി വന്നിരുന്നതായി തെളിഞ്ഞു. പലേടത്തുനിന്നായി 80 പവൻ സ്വർണാഭരണങ്ങളും ഒരു ലക്ഷം രൂപയും ഇയാൾ മോഷ്ടിച്ചിട്ടുണ്ട്.

പ്രദേശത്ത് തുടർച്ചയായി മോഷണം നടന്ന സാഹചര്യത്തിൽ ജില്ലാ പൊലീസ് മേധാവി പി.എസ്.സാബു ഓപ്പറേഷൻ നൈറ്റ് റൈഡർ എന്ന പേരിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചാണ് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘം 2015 മുതൽ  മോഷണം നടന്ന എല്ലാ  വീടുകളും സന്ദർശിച്ച് മോഷണ രീതികളും പ്രതിയുടെ   വിവരങ്ങളും ശേഖരിച്ചു. തലയിലൂടെ ല‍ുങ്കി മൂടിയാണ് മോഷണം നടത്തിയിരുന്നത്.സിസിടിവി ക്യാമറകളിൽപ്പെടാത്ത വഴികളാണ് രക്ഷപ്പെടാൻ ഇയാൾ തിരഞ്ഞെടുത്തിരുന്നത്.

ഇന്നലെ പുലർച്ചെ 3 മണിയോടെ കെവി ജെട്ടി റോഡിലുള്ള വീടുകളിൽ മോഷണ ശ്രമം നടത്തി മടങ്ങുമ്പോൾ കരുവാറ്റ ഇടക്കണ്ണമ്പള്ളി ക്ഷേത്രത്തിനു സമീപം അന്വേഷണ സംഘം മോഷ്ടാവിനെ വളഞ്ഞു. കത്തി ഉപയോഗിച്ച് ഇയാൾ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് സംഘം കീഴ്പ്പെടുത്തി. കരുവാറ്റയിലെ സമ്പന്നകുടുംബാംഗമായ അജിത് തോമസ് 2015 ൽ, അടുത്ത ബന്ധുവിന്റെ വീടിന്റെ ഓട് പൊളിച്ചു കടന്ന് വീട്ടമ്മയുടെ മാല പൊട്ടിച്ചാണ് കവർച്ച തുടങ്ങിയതെന്നു പൊലീസ് പറയുന്നു.

തുടർന്ന് കുടുംബസമേതം എറണാകുളത്തെ ഫ്ലാറ്റിലേക്ക് താമസം മാറി. ബൈക്കിൽ കരുവാറ്റയിലെ കുടുംബവീട്ടിലെത്തും, തുടർന്ന് മോഷണം നടത്തിയ ശേഷം കടന്നുകളയുകയായിരുന്നു രീതി . സ്ത്രീകൾ ധരിക്കുന്ന ലെഗിൻസ് വെട്ടിയാണ് മുഖംമൂടി നിർമിച്ചിരുന്നത്. മോഷ്ടിച്ച സ്വർണാഭരണങ്ങൾ സ്വർണക്കടകളിൽ വിറ്റുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കായംകുളം ഡിവൈഎസ്പി അലക്സ് ബേബി, മാവേലിക്കര സിഐ ബി.വിനോദ് കുമാർ, ഹരിപ്പാട് സിഐ ആർ.ഫയാസ്,

എൺപതോളം മോഷണം നടത്തിയ അജിത് തോമസിനെ താമല്ലാക്കലിൽ രജീഷിന്റെ വീട്ടിൽ തെളിവെളുപ്പിനായി എത്തിച്ചപ്പോൾ.
എൺപതോളം മോഷണം നടത്തിയ അജിത് തോമസിനെ താമല്ലാക്കലിൽ രജീഷിന്റെ വീട്ടിൽ തെളിവെളുപ്പിനായി എത്തിച്ചപ്പോൾ.

എസ്ഐ വൈ.ഇല്യാസ്, എഎസ്ഐ  ടി.സന്തോഷ് കുമാർ, സിപിഒമാരായ ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീഖ്, അരുൺ ഭാസ്കർ, ഹരികൃഷ്ണൻ, മുഹമ്മദ് ഷാഫി, എ. നിഷാദ്,  പ്രേംജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനു ശേഷം കോടതിയിൽ ഹാജരാക്കി. ഇയാാളുടെ പക്കൽ സ്ക്രൂഡ്രൈവർ, കത്തി, കത്രിക, ടോർച്ച്, മുഖംമൂടി തുടങ്ങിയവ കണ്ടെത്തി.

  പൊലീസിന്റെ സമർഥമായ നീക്കം

ആലപ്പുഴ ∙ ജില്ലയിൽ ചുമതലയെടുത്ത ശേഷം, തെളിയിക്കപ്പെടാത്ത കേസുകളിലൂടെ കണ്ണോടിക്കുമ്പോൾ അഞ്ചു വർഷം കൊണ്ട് തെളിയിക്കപ്പെടാത്ത ഇരുന്നൂറോളം മോഷണക്കേസുകളുടെ പട്ടിക കണ്ടാണ് ജില്ലാ പൊലീസ് മേധാവി പി.എസ്.സാബു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. തെളിവുകളൊന്നും അവശേഷിപ്പിക്കാതെ മോഷണം നടത്തി വന്ന താമല്ലാക്കൽ മാണിക്കേത്ത് അജിത് തോമസ് (43) കഴിഞ്ഞ ദിവസം പിടിയിലായത് പൊലീസിന്റെ സമർഥമായ കരുനീക്കത്തിലൂടെ.

കള്ളന്റെ റൂട്ട്മാപ് ഒരുക്കി പൊലീസ്

നാട്ടുകാരുടെ മൊഴികളിൽ നിന്ന് ആളിന്റെ ഏകദേശ ഉയരവും മോഷ്ടിക്കാനെത്തുമ്പോഴുള്ള വേഷവും മാത്രം മനസ്സിലായി. തുറന്നിട്ട ജനാലകളിലൂടെ കൈയിട്ട് പ്രയാസമില്ലാത്ത മോഷണം മാത്രം നടത്തുന്ന കള്ളൻ അത്ര ‘പ്രഫഷനൽ’ അല്ലെന്ന് ആദ്യമെ മനസ്സിലായി.  വീട്ടിൽ ചെറിയ ആളനക്കമുണ്ടായാൽപ്പോലും ഓടി രക്ഷപ്പെടുന്നയാളാണെന്നും വ്യക്തമായി. മോഷണം നടന്ന വീടുകളെ ബന്ധിപ്പിച്ച് അന്വേഷണ സംഘം ഒരു റൂട്ട്മാപ്പ് തയാറാക്കി. എല്ലാ വീടുകളിലേക്കും എളുപ്പത്തിൽ എത്താവുന്ന രണ്ടു പ്രധാന വഴികൾ കണ്ടെത്തി.

പൊലീസ് പട്രോളിങ് സംഘം അധികം സഞ്ചരിക്കാത്ത  സ്ഥലത്തെ റോഡുകളായിരുന്നു അത്. അവിടെ നിന്ന് മോഷണം നടന്ന വീടുകളിലേക്ക് ചെറുതോടുകളും  ചെറുവഴികളുമൊക്കെയാണ്. പ്രദേശത്തെക്കുറിച്ച് വ്യക്തമായി അറിയാവുന്നയാളാണ് കള്ളനെന്ന് ഉറപ്പിച്ചു. അന്വേഷണ സംഘത്തിലെ എസ്ഐ വൈ.ഇല്യാസ്, എഎസ്ഐ ടി.സന്തോഷ് കുമാർ, സിപിഒമാരായ ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീഖ്, അരുൺ ഭാസ്കർ, ഹരികൃഷ്ണൻ, മുഹമ്മദ് ഷാഫി എന്നിവർ രണ്ടു റോഡുകളിലുമായി ഒരു മാസത്തോളം നിരന്തരം കാവലിരുന്നു.

കറുത്ത റെയിൻകോട്ട് ധരിച്ച് മരങ്ങളുടെ മറവിൽ അവർ പതിയിരുന്നപ്പോഴാണ് കഴിഞ്ഞ ദിവസം കള്ളൻ വരുന്നത് ഒരു സംഘം കണ്ടെത്തിയത്. കള്ളൻ കടന്നുപോയ ഉടൻ രണ്ടാമത്തെ സംഘത്തെ വിവരമറിയിച്ചു. കള്ളൻ ചില വീടുകളിലേക്കു കയറുന്നതും ഒന്നും ‘തടയാതെ’ ഇറങ്ങുന്നതും കണ്ട് അന്വേഷണ സംഘവും പിന്നാലെ കൂടി.

ഇതിനിടയിൽ രണ്ടര മണിക്കൂറും കടന്നുപോയി. അവസാനത്തെ വീട്ടിലും കയറി ഒന്നും കിട്ടാതെ മോഷ്ടാവ് മടങ്ങി വരുന്ന വഴിയരികിൽ പൊലീസ് സംഘം കാത്തുകിടന്നു. മോഷ്ടാവ് ഒത്ത നടുക്കെത്തിയതും പൊലീസ് സംഘം നാലു വശത്തുനിന്നുമായി പൂട്ടിട്ടു പിടിച്ചു. ഇതിനിടയിൽ കത്തി വീശാൻ  ശ്രമിച്ചെങ്കിലും ആർക്കും പരുക്കില്ലാതെ പൊലീസ് കള്ളനെ കീഴടക്കി.

ശരീരം മുഴുവൻ മറയ്ക്കും; സിസിടിവിയിൽ ഇല്ല

ജൂൺ 25 ന് കരുവാറ്റയ്ക്കു സമീപം ഒരു അധ്യാപികയുടെ വീട്ടിൽ മോഷണം നടന്ന ശേഷമാണ് പ്രത്യേക സംഘം കേസ് അന്വേഷിച്ചു തുടങ്ങിയത്. കരുവാറ്റ, താമല്ലാക്കൽ പ്രദേശത്ത് 2015 മുതൽ മോഷണം നടന്ന വീടുകളിലെല്ലാം സംഘം എത്തി. ജനല‍ിലൂടെ കൈയിട്ട് കുഞ്ഞുങ്ങളുടെയും മുതിർന്നവരുടെയും ആഭരണം മോഷ്ടിക്കുകയും ബാഗിൽ സൂക്ഷിച്ചിരുന്ന പണം മോഷ്ടിക്കുകയുമായിരുന്നു കള്ളന്റെ പതിവ്. അന്വേഷണ സംഘം കള്ളന്റെ രൂപം മനസ്സിലാക്കാൻ പ്രദേശത്താകെ അന്വേഷിച്ചെങ്കിലും ഒരു സിസിടിവി ക്യാമറയിൽ മാത്രമാണ് അയാൾ പെട്ടിട്ടുള്ളതെന്നു മനസ്സിലായി. അതിലാകട്ടെ, ശരീരം മുഴുവൻ മറച്ച അയാളെ തിരിച്ചറിയാനേ കഴിയില്ല. 

മോഷണത്തിന് ‘കോവിഡ് പ്രോട്ടോക്കോൾ’

കരുവാറ്റ സ്വദേശിയായ അജിത് മറ്റൊരാളുടെ ഭാര്യയുമായി പ്രണയത്തിലാകുകയും അവര‍ുമൊത്ത് എറണാകുളത്തു താമസം മാറ്റുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ജോലിയില്ലാത്ത അജിത്തിനു ജീവിക്കാൻ വരുമാനമില്ലാതായതോടെ അടുത്ത ബന്ധുവിന്റെ വീട്ടിൽ ഓട് പൊളിച്ചു കയറിയാണ് ആദ്യ മോഷണം നടത്തിയത്. അതു പിടിക്കപ്പെട്ടില്ല. പിന്നീട് ആത്മവിശ്വാസം വർധിച്ചതോടെ നിരന്തരം മോഷണം തുടങ്ങി. ശരീരഘടന അറിയാതിരിക്കാനാണ് ശരീരമാസകലം ലുങ്കി കൊണ്ട് മൂടുന്നത്.

എറണാകുളത്തു നിന്നു ബൈക്കിലാണ് മോഷ്ട‍ിക്കാനെത്തുക. ബൈക്ക് കരുവാറ്റയിലെ വീടിനരികിലെ പറമ്പിന്റെ ഉള്ളിലേക്കു കയറ്റി വച്ച് ഓല കൊണ്ട് മൂടും. കോവിഡ് തുടങ്ങിയ ശേഷം ‘കോവിഡ് പ്രോട്ടോക്കോൾ’ പാലിച്ചാണ് മോഷണം. ഗ്ലൗസും സാനിറ്റൈസറും എപ്പോഴും കൊണ്ടുനടക്കും. ആരോഗ്യ സംരക്ഷണത്തിന് ഒരു കുപ്പിയിൽ ബദാംപരിപ്പ് വെള്ളത്തിലിട്ട് കരുതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com