പല സിനിമകളിലൂടെ നമ്മൾ കണ്ട പലതും ഇപ്പോഴും ഇവിടുണ്ട്, സിനിമകളിൽ ‘അഭിനയിച്ച’ കവല

കാവാലം മൂലേശേരി ആറ്റുതീരം
കാവാലം മൂലേശേരി ആറ്റുതീരം
SHARE

കുട്ടനാട് ∙ കാവാലം മൂലേശേരി ആറ്റുതീരത്തെ പഴയ കെട്ടിടത്തിന്റെ മുകൾനിലയിൽ അശ്വതി ട്യൂട്ടോറിയൽ എന്നു ചുവരെഴുത്ത്. പക്ഷേ, അടുത്തൊന്നും ക്ലാസ് നടന്ന മട്ടില്ല. താഴത്തെ നിലയിൽ രമ്യ ലൈറ്റ് ആൻഡ് സൗണ്ട്, മുല്ലക്കര എന്നു ബോർഡ്. അവിടെ ലൈറ്റും സൗണ്ടുമില്ല. ആറ്റിലേക്കെത്തുന്ന തോടിന്റെ മറുകരയിൽ കാണുന്ന ഹോമിയോ ആശുപത്രിയിൽ മരുന്നിനു പോലും ഡോക്ടറില്ല.

ഇതൊന്നും പൂട്ടിപ്പോയതല്ല. മൂലേശേരിക്കു പകരം മുല്ലക്കരയെന്നു തെറ്റിയെഴുതിയതുമല്ല. സിനിമാ ചിത്രീകരണത്തിനായി സൃഷ്ടിച്ച സെറ്റുകളാണ്  ഇതെല്ലാം . ചിത്രീകരണം കഴിഞ്ഞാലും പൊളിക്കാത്ത ‘കെട്ടിടങ്ങളും’ മായ്ക്കാത്ത പേരുകളുമാണ് ഇവിടെ. പല സിനിമകളിലൂടെ നമ്മൾ കണ്ട പലതും മൂലേശേരി ജംക്‌ഷനിൽ ഇപ്പോഴുമുണ്ട്. ബ്ലാക്ക് ആൻഡ് വൈറ്റ് കാലം തൊട്ട് ഈ നാട്ടിൻപുറക്കാഴ്ച ഒട്ടേറെ സിനിമകളിൽ പകർത്തിയിട്ടുണ്ട്.

തമിഴ് സിനിമകളും ഇവിടെ ചിത്രീകരിച്ചു.ഒരുകാലത്തു കുട്ടനാട്ടിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലൊന്നായിരുന്നു മൂലേശേരി. സിനിമ തിയറ്ററും ഒട്ടേറെ കടകളുമുണ്ടായിരുന്നു. റോഡ് സൗകര്യം വർധിച്ചപ്പോൾ ഈ ആറ്റുതീരത്തിന്റെ പ്രാധാന്യം കുറഞ്ഞു.  ഒരുപാടു സിനിമകളിൽ ഈ കവല ‘അഭിനയിച്ചു’. ഈ ഗാനം മറക്കുമോ, സിംഹാസനം, കാവാലം ചുണ്ടൻ, ആയിരപ്പറ, കരുമാടിക്കുട്ടൻ, ബോംബെ,

കണ്ണെഴുതി പൊട്ടുംതൊട്ട്, വെനീസിലെ വ്യാപാരി, സൽപ്പേര് രാമൻകുട്ടി, പുള്ളിപ്പുലിയും ആട്ടിൻകുട്ടിയും, കുട്ടനാടൻ ബ്ലോഗ്, കുട്ടനാടൻ മാർപാപ്പ, ആമേൻ, ആദ്യരാത്രി, വിജയ് സേതുപതിയുടെ ചിത്രം മാമനിതൻ തുടങ്ങിയവയാണു പട്ടികയിലുള്ളത്. ചങ്ങനാശേരിയിൽ നിന്ന് എത്താനുള്ള സൗകര്യം, കായൽനിലങ്ങളും വേമ്പനാട്ട് കായലും അകലെയല്ല, പഴയ കെട്ടിടങ്ങൾ ഏറെയുള്ളതിനാൽ കുട്ടനാടൻ തനിമ പകർത്താൻ സൗകര്യം ...ഇങ്ങനെ പോവുന്നു  സിനിമക്കാർക്കു മൂലേശേരി ഇഷ്ടമാകാനുള്ള കാരണങ്ങൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN alappuzha
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA