ADVERTISEMENT

ആലപ്പുഴ ∙ ജൂനിയർ ചേംബർ ഇന്റർനാഷനലിന്റെ (ജെസിഐ) യുവപ്രതിഭാ പുരസ്കാരം ഡോ. ജജ്നി വർഗീസ് ഏറ്റുവാങ്ങുമ്പോൾ അതിന്റെ ചിരിത്തിളക്കം ഇങ്ങ് ഹരിപ്പാട്ടെ ചക്കാലയിൽ മണിമംഗലം വീട്ടിലും. ലണ്ടനിൽ ഓങ്കോ പ്ലാസ്റ്റിക് സർജൻ ആയ ഡോ.ജജ്നി വർഗീസിന്റെ കുടുംബവീട് ഹരിപ്പാട് മുട്ടത്ത് ആണ്.  43 വർഷത്തെ പ്രവാസത്തിനുശേഷം കഴിഞ്ഞവർഷമാണു ജോർജ് വർഗീസും ഭാര്യ ജോളി വർഗീസും നാട്ടിൽ സ്ഥിരതാമസമാക്കിയത്.

ഇവരുടെ മൂന്നുമക്കളിൽ മൂത്തയാളാണു ഡോ.ജജ്നി. കുവൈത്ത് എയർവേയ്സിൽ എയർക്രാഫ്റ്റ് എൻജിനീയറായിരുന്നു ജോർജ് വർഗീസ്. കുവൈത്തിലായിരുന്നു ഡോ.ജജ്നിയുടെ വിദ്യാഭ്യാസം. തുടർന്നു കോയമ്പത്തൂർ പിഎസ്ജി മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ്. കേംബ്രിജ് സർവകലാശാലയുടെ ഫുൾ സ്കോളർഷിപ് നേടിയാണ് എംഫിലും പിഎച്ച്ഡിയും പൂർത്തിയാക്കിയത്. 

സ്തനാർബുദത്തിനു കാരണമാകുന്ന ജീനുകളെ കണ്ടെത്തി അതുവഴി രോഗനിർണയം നേരത്തെയാക്കുന്നതാണു ഡോ.ജജ്നിയുടെ പഠനം. പഠനത്തിന്റെ ഭാഗമായി ZNF365 എന്ന പ്രത്യേക ജീൻ കണ്ടെത്തുകയും ചെയ്തിരുന്നു. ഈ ജീൻ പരിശോധിക്കുന്നതിലൂടെ കാൻസർ സാധ്യത ഫലപ്രദമായി വിലയിരുത്താനാകും.

സ്തനാർബുദം ജനിതകപാരമ്പര്യമുള്ള രോഗമായതിനാൽ കുടുംബത്തിൽ ആർക്കെങ്കിലും അസുഖമുണ്ടായാൽ ജീൻ തെറപ്പി വഴി മറ്റുള്ളവർക്കുള്ള സാധ്യത വിലയിരുത്താനും കൂടുതൽ കാര്യക്ഷമമായ പരിശോധനകളിലൂടെയും ചികിത്സകളിലൂടെയും രോഗമുക്തിക്കു വഴിയൊരുക്കുന്നതാണിത്. ഹാർവഡ് സർവകലാശാല, മേയോ ക്ലിനിക് എന്നിവയുമായി ചേർന്നായിരുന്നു പഠനം. നവംബറിൽ ജപ്പാനിലെ യോകോഹാമയിലാണു പുരസ്കാരസമർപ്പണം.

ഇതോടൊപ്പം ഓങ്കോ പ്ലാസ്റ്റിക് സർജറിയിൽ സ്പെഷലൈസ് ചെയ്തിട്ടുമുണ്ട്. അർബുദം ബാധിച്ചു മാറിടം നീക്കം ചെയ്യേണ്ടിവരുന്ന വനിതകൾക്കു പ്ലാസ്റ്റിക് സർജറിയിലൂടെ മാറിടം വച്ചുപിടിപ്പിക്കുന്ന രീതിയാണിത്.  ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജിലും റോയൽ ഫ്രീ ഹോസ്പിറ്റലിലും ആണ് ഡോ.ജജ്നി ഇപ്പോൾ ജോലിചെയ്യുന്നത്.

ഇന്ത്യയിലെ ചികിത്സാ സൗകര്യം കുറവായ മേഖലകളിൽ മികച്ച സേവനം നൽകുന്നതിനായി 17വർഷം മുൻപ് ഇഎംഇടി സ്കോളർഷിപ് ആരംഭിക്കുന്നതിലും ഡോ. ജജ്നി ശ്രദ്ധേയമായ പങ്ക് വഹിച്ചിരുന്നു. ഒഴിവുസമയങ്ങളിൽ ക്ലാസിക്കൽ നൃത്തവും പെയിന്റിങ്ങുമാണ് ഡോ.ജജ്നിയുടെ വിനോദങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com