ADVERTISEMENT

ഹരിപ്പാട് ∙ കരുവാറ്റ സഹകരണ ബാങ്ക് കവർച്ച കേസിലെ മുഖ്യപ്രതി തിരുവനന്തപുരം കാട്ടാക്കട കട്ടക്കോട് പറക്കാണി മേക്കുംകരയിൽ ആൽബിൻ രാജ് (36) വീടിനു സമീപം കുഴിച്ചിട്ട 63.75 പവൻ സ്വർണം ഇന്നലെ നടന്ന തെളിവെടുപ്പിൽ പൊലീസ് കണ്ടെടുത്തു. വീടിനടുത്തു ചേമ്പ് വളർന്നു നിന്നതിന്റെ സമീപത്തായി പ്ലാസ്റ്റിക് കൂടുകളിലായാണ് സ്വർണം കുഴിച്ചിട്ടിരുന്നത്. ആൽബിനെ കോയമ്പത്തൂരിൽ നിന്നു പിടികൂടുമ്പോൾ 1.85 കിലോഗ്രാം സ്വർണം കണ്ടെടുത്തിരുന്നു. ഒരു ഏക്കറോളം സ്ഥലത്താണ് ആൽബിൻ രാജിന്റെ ഇരുനില വീട്.

വീട്ടിൽ മറ്റാരും താമസമില്ല. ആൽബിനെ തമിഴ്നാട്ടിലെ മാർത്താണ്ഡത്തും കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. ബാങ്ക് കവർച്ചയ്ക്ക് ഉപയോഗിച്ച ഗ്യാസ് കട്ടർ വാങ്ങിയത് മാർത്താണ്ഡത്തെ നാഷനൽ എൻജിനീയറിങ് കമ്പനിയിൽ നിന്നാണ്. അവിടത്തെ ജീവനക്കാർ ആൽബിനെ തിരിച്ചറിഞ്ഞു. 2,400 രൂപയ്ക്ക് ഗ്യാസ് കട്ടർ വാങ്ങിയതിന്റെ ബിൽ കണ്ടെടുത്തു.

സിലിണ്ടറും കട്ടറും തമ്മിൽ ബന്ധിപ്പിക്കുന്ന ട്യൂബ് എടുത്തത് എവിടെ നിന്നാണെന്നു കണ്ടെത്താൻ കഴിഞ്ഞില്ല. മോഷണത്തിനു ശേഷം ട്യൂബ് ബാങ്ക് കെട്ടിടത്തിന്റെ മുകളിലേക്ക് വലിച്ചെറിഞ്ഞത് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. മൂന്നാം പ്രതി കാട്ടാക്കട വാഴച്ചാൽ വാവോട് തമ്പിക്കോണം മേലേപ്ലാവിള ഷിബു (43) കാട്ടാക്കടയിലെ പണമിടപാടു സ്ഥാപനത്തിൽ വിറ്റ 10 പവൻ സ്വർണവും വീട്ടിൽ സൂക്ഷിച്ച 2 പവൻ ആഭരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.

പണമിടപാടു സ്ഥാപനത്തിൽ സ്വർണം ആദ്യം പണയം വയ്ക്കുകയും പിന്നീട് വിൽക്കുകയുമായിരുന്നു. സ്വർണം ഉരുക്കിയ നിലയിലാണ് സ്ഥാപനത്തിൽ നിന്നു കണ്ടെത്തിയത്.രണ്ടാം പ്രതി ചെട്ടികുളങ്ങര കണ്ണംമംഗലം കൈപ്പള്ളിൽ ഷൈബു (അപ്പുണ്ണി) തിരുവനന്തപുരത്തു സ്വർണക്കടകളിൽ വിറ്റ 1.1 കിലോഗ്രാം സ്വർണം കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു.

പോരേ? എങ്കിൽ ഇതാ കൈനിറയെ

ഷൈബുവിന് 1.5 കിലോഗ്രാമിലേറെ സ്വർണം നൽകിയെന്ന് ആൽബിൻ പൊലീസിനോടു പറഞ്ഞു. 1.5 കിലോഗ്രാം സ്വർണം തൂക്കി നൽകിയപ്പോൾ കൂടുതൽ വേണമെന്നു ഷൈബു തർക്കിച്ചെന്നും അപ്പോൾ ഒരു കൈ നിറയെ സ്വർണാഭരണങ്ങൾ കൂടി നൽകിയെന്നുമാണ് ആൽബിൻ പറയുന്നത്.എന്നാൽ, 1.5 കിലോഗ്രാമേ കിട്ടിയുള്ളൂ എന്നും ഉരുക്കിയപ്പോൾ അത് 1.1

കിലോഗ്രാമായതാണെന്നും ഷൈബു വാദിക്കുന്നു. ഇതു പൊലീസ് വിശ്വസിച്ചിട്ടില്ല.  ബാക്കി സ്വർണം കണ്ടെത്താൻ ആൽബിനെയും ഷൈബുവിനെയും കൂടുതൽ ചോദ്യം ചെയ്യുമെന്ന് സിഐ: ആർ.ഫയാസ് പറഞ്ഞു. 4.83 കിലോഗ്രാം സ്വർണം നഷ്ടപ്പെട്ടെന്നാണ് ബാങ്ക് അധിക‍ൃതർ പൊലീസിനെ അറിയിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com