ADVERTISEMENT

കുട്ടനാട് ∙ കൈനകരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ യുഡിഎഫ്, എൻഡിഎ സ്ഥാനാർഥികളുടെ ഉൾപ്പെടെ പത്രികകൾ തള്ളി; സിപിഎം സ്ഥാനാർഥി എതിരില്ലാതെ ജയിക്കാൻ സാധ്യത. എൽഡിഎഫിലെ കെ.എ.പ്രമോദും ഡമ്മി സ്ഥാനാർഥി എസ്.ഉമേഷ് കുമാറും മാത്രമാണ് ഇനി മത്സര രംഗത്തുള്ളത്. വാർഡ് മാറി മത്സരിക്കുന്നവർ അവരുടെ വോട്ടുള്ള പട്ടികയുടെ, ഗസറ്റഡ് ഓഫിസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ് പത്രികയ്ക്കൊപ്പം ഹാജരാക്കണമെന്ന ചട്ടം പാലിക്കാത്തതിനാലാണ് യുഡിഎഫ്,

എൻഡിഎ സ്ഥാനാർഥികളുടെയും കൈനകരി വികസന സമിതിയുടെ സ്വതന്ത്ര സ്ഥാനാർഥിയുടെയും പത്രിക തള്ളിയത്.കോൺഗ്രസ് സ്ഥാനാർഥി ഷിബു, ബിജെപി സ്ഥാനാർഥി അജേഷ് കണിപ്പറമ്പ്, കൈനകരി വികസന സമിതി വർക്കിങ് പ്രസിഡന്റ് ബി.കെ.വിനോദ് എന്നിവരുടെ പത്രികയാണു തള്ളിയത്. വിനോദിന്റെ 2 പത്രികയും ഡമ്മിയായ വിനു വിജയന്റെ പത്രികയും തള്ളിയിട്ടുണ്ട്. കഴിഞ്ഞ തവണ മൂന്നാം വാർഡിൽ ജയിച്ചയാളാണ് വിനോദ്.

നാട്ടുകാർക്കു വള്ളത്തിൽ പോകാൻ പോലും തടസ്സമായിരുന്ന ഉയരം കുറഞ്ഞ പാലം പൊളിച്ചതിനു ജയിലിലായതോടെ ഏറെ ശ്രദ്ധ നേടിയ ജനപ്രതിനിധിയാണ് വിനോദ്. പൊളിച്ച പാലത്തിനു സമീപം വിനോദും നാട്ടുകാരും ചേർന്നു പുതിയ പാലം നിർമിച്ചെങ്കിലും പൊതുമുതൽ നശിപ്പിച്ചതിനു കോടതിയിൽ കേസുണ്ട്.കൈനകരി പഞ്ചായത്തിലെ വിവിധ വാർഡുകളിലായി 8 പത്രികകളാണ് തള്ളിയത്. ഇതിൽ അഞ്ചും വികസന സമിതി സ്ഥാനാർഥികളുടേതാണ്. സിപിഎം ഡമ്മി സ്ഥാനാർഥിയുടെ പത്രിക ഇന്നു പിൻവലിക്കാനാണു തീരുമാനം.

2015ൽ കൈനകരി വികസന സമിതി ജയിച്ചത് 3 വാർഡുകളിൽ

കഴിഞ്ഞ തവണ എൽഡിഎഫിനെതിരെ കൈനകരി ഗ്രാമ പഞ്ചായത്തിൽ യുഡിഎഫ് പിന്തുണയോടെ 3 സീറ്റിൽ ജയിച്ച സംഘടനയാണ് കൈനകരി വികസന സമിതി. 2, 3, 4 വാർഡുകളിലായിരുന്നു അവരുടെ ജയം. ഇത്തവണ സമിതി നേതാവിന്റെ പത്രിക ഉൾപ്പെടെ തള്ളിയത് എൽഡിഎഫിന് നേട്ടമായി. പ്രളയ സമയത്ത് ജലഗതാഗതത്തിനു തടസ്സമായ നടപ്പാലം ബി.കെ.വിനോദിന്റെ നേതൃത്വത്തിൽ പൊളിച്ചു നീക്കി പുതിയ പാലം നിർമിച്ചിരുന്നു.

പഞ്ചായത്തിന്റെ അനുമതിയില്ലാതെ പാലം പൊളിച്ചതിനെതിരെ പഞ്ചായത്ത് സെക്രട്ടറി നൽകിയ പരാതിയിൽ വിനോദിനും മറ്റു മൂന്നുപേർക്കുമെതിരെ കേസെടുത്തു. പൊതുമുതൽ നശിപ്പിച്ചെന്നായിരുന്നു കുറ്റം. ഇവർ 14 ദിവസം റിമാൻഡിസലായിരുന്നു. കേസ് ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com