ADVERTISEMENT

ചേർത്തല ∙ ‘ഇന്നാണ്, ഇന്നാണ്, ഇന്നാണ് ആ വിധിനിർണായക ദിനം...’ – ചേർത്തല തെക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.പി.അശോകൻ (61) ഇന്നു സൈക്കിൾ ചവിട്ടി വിളിച്ചു പറയുക വോട്ടെണ്ണലിനെപ്പറ്റിയല്ല. അശോകൻ വിൽക്കുന്ന അക്ഷയ ഭാഗ്യക്കുറിയുടെ ഇന്നു നടക്കുന്ന നറുക്കെടുപ്പിനെപ്പറ്റിയാണ്. 1997 മുതൽ 2000 വരെ അശോകൻ പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോൾ വൈസ് പ്രസിഡന്റായിരുന്നയാൾ ഇന്ന് സംസ്ഥാന മന്ത്രിയാണ്, പി.തിലോത്തമൻ. സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന അശോകന് ഇപ്പോൾ രാഷ്ട്രീയമില്ല.

ചേർത്തല തെക്ക് പഞ്ചായത്ത് 14–ാം വാർഡ് തെക്കേവെളി വീട്ടിൽ അശോകൻ 1975ൽ സിപിഎമ്മിൽ പ്രവർത്തിച്ചു തുടങ്ങിയതാണ്. 1987 മുതൽ 95 വരെ അരീപ്പറമ്പ് ലോക്കൽ സെക്രട്ടറിയായിരുന്നു. 1995 മുതൽ 97 വരെയും 2000 മുതൽ 2005 വരെയും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്നു. 2004ൽ പാർട്ടി വിട്ടു. ഗ്രൂപ്പിസത്തിൽ മനസ്സു മടുത്തിട്ടെന്ന് അശോകൻ.ഹൃദ്രോഗിയായ അശോകൻ ഉപജീവനത്തിനായാണു ഭാഗ്യക്കുറി വിൽപന തുടങ്ങിയത്.

ഭാര്യ ഗീതമ്മ. മക്കൾ അശ്വതിയും അരുണിമയും വിവാഹിതരായി. ഭിന്നശേഷിക്കാരിയും അവിവാഹിതയുമായ സഹോദരി ഉഷയും അശോകന്റെ വീട്ടിലുണ്ട്. ദിവസവും അരീപ്പറമ്പ് മുതൽ അർത്തുങ്കൽ വരെയും തിരികെയും സൈക്കിളിൽ സഞ്ചരിച്ചാണ് അശോകന്റെ ഭാഗ്യക്കുറി വിൽപന. പോളിങ് ദിനത്തിലും വിറ്റു. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കു മുന്നിൽ പിരിമുറുക്കം അനുഭവിക്കുന്ന സ്ഥാനാർഥികൾക്കും പ്രവർത്തകർക്കും ഇടയിലൂടെ ഇന്ന് അശോകൻ സൈക്കിൾ ചവിട്ടി വരും, ഒട്ടും ടെൻഷനില്ലാതെ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com