ADVERTISEMENT

ആലപ്പുഴ ∙ ബൈപാസ് ഉദ്ഘാടന വേദി നിശ്ചയിക്കുന്നതിനുള്ള ആലോചനാ യോഗം ഇന്നു ചേരും. കൂടുതൽ സൗകര്യമുള്ള സ്ഥലമെന്ന നിലയ്ക്ക് ചടങ്ങ് കളർകോട്ട് നടത്താൻ കഴിയുമോ എന്ന് അധികൃതര്‍ പരിശോധിക്കുന്നുണ്ട്.കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് 28ന് ഉച്ചയ്ക്ക് ഒരു മണിക്ക് ബൈപാസ് നാടിനു സമർപ്പിക്കുന്നത്. കേന്ദ്ര സർക്കാരിൽനിന്നുള്ള നിർദേശം ലഭിച്ചിട്ടേ ചടങ്ങിന്റെ വിശദാംശങ്ങൾ നിശ്ചയിക്കൂ.

ഭാരപരിശോധന ഇന്നു തീരും

ബൈപാസ് മേൽപാലത്തിൽ മദ്രാസ് ഐഐടിയിൽനിന്നുള്ള വിദഗ്ധർ നടത്തുന്ന ഭാരപരിശോധന ഇന്നു പൂര്‍ത്തിയാകും. 4 സ്പാനുകളിലാണ് പരിശോധന. 122.32 ടൺ ഭാരം കയറ്റിയാണു പരിശോധിക്കുന്നത്. ഭാരം കയറ്റുമ്പോഴും ഭാരം നീക്കുമ്പോഴും പാലത്തിലുണ്ടാകുന്ന വ്യതിചലനം രേഖപ്പെടുത്താനാണിത്.മന്ത്രി ജി.സുധാകരൻ രൂപീകരിച്ച, 3 ചീഫ് എൻജിനീയർമാരുടെ സമിതി കഴിഞ്ഞ ദിവസം ബൈപാസിന്റെ അവസാന ഘട്ടം പരിശോധന നടത്തിയിരുന്നു. ഐഐടി വിദഗ്ധരുടെ പരിശോധനയുടെ വിവരങ്ങളും ചേർത്ത് സമിതി ഉടൻ സർക്കാരിനു റിപ്പോർട്ട് നൽകും. ബൈപാസ് ഗതാഗത സജ്ജമാണെന്നാണ് സമിതിയുടെ പ്രാഥമിക നിഗമനം.

 അവസാന പാദം

ബൈപാസിന്റെ രണ്ടറ്റങ്ങളായ കളർകോട്ടും കൊമ്മാടിയിലും ജംക്‌ഷൻ വികസനത്തിന്റെ അവസാന ഘട്ടം പണികൾ പുരോഗമിക്കുകയാണ്. ബോർ‍ഡുകൾ സ്ഥാപിച്ചു തുടങ്ങി. മാർക്കിങ് ജോലികളും ഉടൻ പൂർത്തിയാകുമെന്ന് ദേശീയപാത വിഭാഗം അധികൃതർ പറഞ്ഞു. പാലത്തിനു മുകളിൽ കുറച്ചു ഭാഗത്തു മാർക്കിങ് നടത്താനുണ്ട്.

കളർകോട് – പറവൂർ ഒരു വരി കൂടി

ബൈപാസിന്റെ തെക്കേ അറ്റമായ കളർകോട് ജംക്‌ഷൻ വികസിപ്പിക്കുന്നതിനു പുറമേ അവിടം മുതൽ പറവൂർ വരെ റോഡിന് ഒരു വരി കൂടി വീതി കൂട്ടുന്നു. ഇതിന്റെ പണികൾ തുടങ്ങി. ഇതു ബൈപാസ് പദ്ധതിയിൽ പെടുന്നതല്ല. ബൈലെയ്ൻ ഇംപ്രൂവ്മെന്റ് എന്ന മറ്റൊരു പദ്ധതിയിലാണ് വീതി കൂട്ടൽ.

പ്രകാശം പരക്കട്ടെ

ബൈപാസിലെ വിളക്കുകള്‍ ഇന്നു വൈകിട്ട് മന്ത്രി ജി.സുധാകരൻ സ്വിച്ച് ഓൺ ചെയ്യും. 408 വിളക്കുകളാണ് ബൈപാസിൽ സ്ഥാപിച്ചത്. ഇവ പ്രവർത്തന സജ്ജമായിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ പദ്ധതിയിൽ 80 വിളക്കുകളാണ് ഉണ്ടായിരുന്നതെന്നും ബാക്കി സംസ്ഥാന മരാമത്ത് വകുപ്പിന്റെ ചെലവിലാണു സ്ഥാപിച്ചതെന്നും മന്ത്രി പറഞ്ഞിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com