ADVERTISEMENT

കുട്ടനാട് ∙ വേലിയേറ്റത്തിനു ശമനമില്ല, ആശങ്ക ഒഴിയാതെ കുട്ടനാട്. ശക്തമായ വേലിയേറ്റം തുടരുന്നതു പുഞ്ചക്കൃഷിയിറക്കിയ കർഷകരെയാണു കൂടുതൽ ദുരിതത്തിലാക്കിയിരിക്കുന്നത്. പല ഭാഗങ്ങളിലും ഉപ്പിന്റെ സാന്നിധ്യം വർധിച്ചത് ആശങ്ക ഇരട്ടിയാക്കുന്നു.എസി റോഡിന്റെ വശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലെ നടവഴികളിലും തുരുത്തുകളിലും കഴിഞ്ഞ ഏതാനും ദിവസമായി വെള്ളക്കെട്ടുണ്ട്. പാടശേഖരങ്ങളുടെ പുറംബണ്ടിൽ വിള്ളലുകളും രൂപപ്പെടുന്നുണ്ട്. പുളിങ്കുന്ന് കൃഷിഭവൻ പരിധിയിലെ ശ്രീമൂലം പാടശേഖരത്തിന്റെ പടിഞ്ഞാറെ പുറംബണ്ടിലുണ്ടായ വിള്ളൽ താൽക്കാലികമായി അടയ്ക്കാനെ കഴിഞ്ഞിട്ടുള്ളു. 2 ആഴ്ച മുൻപുണ്ടായ വേലിയേറ്റത്തിലും ഇതേ ബണ്ടിൽ വിള്ളൽ രൂപപ്പെട്ടിരുന്നു. 

ലവണാംശം ഉയർന്നു

കുട്ടനാടൻ ജലാശയങ്ങളിലെ വെള്ളത്തിൽ ലവണാംശം വീണ്ടും ഉയർന്നു. 55 ദിവസത്തിനു താഴെ പ്രായമായ നെൽച്ചെടികൾക്കു ലവണാംശം 3 വരെ രേഖപ്പെടുത്തിയ വെള്ളവും 55 ദിവസത്തിനു മുകളിൽ പ്രായമായ നെൽച്ചെടികൾക്കു ലവണാംശം 2 വരെയുള്ള വെള്ളവുമാണ് ഉപയോഗിക്കാൻ സാധിക്കുന്നത്. കുട്ടനാട്ടിലെ മിക്ക പാടശേഖരങ്ങളിലും 55 ദിവസത്തിനു മുകളിൽ പ്രായമായ നെൽച്ചെടികളാണുള്ളത്. 

ഇന്നലെ കുട്ടനാട്ടിലെ വിവിധ ഭാഗങ്ങളിൽ രേഖപ്പെടുത്തിയ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യം ചുവടെ:

കൈനകരി : 0.8, ഇരുമ്പനം അകം : 3.1, ഇരുമ്പനം പുറം : 3.9, ഇരുമ്പനം തോട് : 3.7, കരുവേലിൽ നടുഭാഗം : 4.1, കരുവേലിൽ പടിഞ്ഞാറ് : 4.9, കരുവേലിൽ വടക്കു കിഴക്ക് : 4.4, കൊമ്പൻകുഴി ഭഗവതി വടക്ക് : 4.9, ഇടവഴീക്കൽ പടിഞ്ഞാറ് : 3.3, ഭഗവതി ഇടവഴീക്കൽ : 3.8, പുന്നമട : 2.8, മണ്ണഞ്ചേരി : 1.7, റാണി പുറം : 1.8, മാർത്താണ്ഡം : 2, സി ബ്ലോക്ക്‌ ചെറുകാലി കായൽ : 1, തയ്യിൽ നടുത്തുരുത്ത് : 3.4, കുപ്പപ്പുറം എസ്എൻജെട്ടി :3.6, കുപ്പപ്പുറം പാടം അകം : 3.5, അഴീക്കൽ : 3.9, ദേവസ്വം കരി : 4, പള്ളാത്തുരുത്തി പാലം :3.9, വെട്ടിക്കരി : 2.3, കഞ്ഞിപ്പാടം : 1.8, കരുമാടി : 1.7, പടഹാരം : 1.1, പൂല്ലങ്ങാടി : 1.9, പൂന്തുരം പാടം : 3.1, കന്നിട്ട കായൽ വടക്ക് : 2.4.

തണ്ണീർമുക്കം ബണ്ടിലെ 2 ഷട്ടറുകൾ തുറന്നു

കുട്ടനാടൻ പ്രദേശങ്ങളിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് തണ്ണീർമുക്കം ബണ്ടിലെ 2 ഷട്ടറുകൾ ഇന്നലെ വീണ്ടും തുറന്നു. ജലനിരപ്പ് സാധാരണഗതിയിൽ ആകുമ്പോൾ ഷട്ടർ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. രണ്ടാഴ്ച മുൻപ് 20 ഷട്ടറുകൾ തുറന്നിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com