ADVERTISEMENT

ആലപ്പുഴ ∙ ബൈപാസ് ഉദ്ഘാടന പരിപാടിയിലെ മാറ്റം കേന്ദ്ര മന്ത്രി അറിഞ്ഞാവില്ലെന്നും ഉദ്യോഗസ്ഥരാകാം ഇതു ചെയ്തതെന്നും മന്ത്രി ജി.സുധാകരൻ പറഞ്ഞു. ബൈപാസ് നിർമാണത്തിന്റെ തുടക്കം മുതൽ പരിശ്രമിച്ചയാൾ എന്ന നിലയിൽ ധാർമികതയുടെ പേരിലാണു വേണുഗോപാലിനെ ഉൾപ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ ആഗ്രഹം കേന്ദ്രം നടത്തിക്കൊടുക്കുന്നു:കെ.സി.വേണുഗോപാൽ

ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും പ്രയാസമില്ലെന്ന് കെ.സി.വേണുഗോപാൽ എംപി പറഞ്ഞു. ബൈപാസ് പദ്ധതിയിൽ എന്റെ സംഭാവന എന്താണെന്ന് ആലപ്പുഴയിലെ ജനങ്ങൾക്കറിയാം.സംസ്ഥാന സർക്കാരിന്റെ ആഗ്രഹം കേന്ദ്രം നടത്തിക്കൊടുക്കുന്നു എന്നതാണ് ഇപ്പോൾ നടക്കുന്നത്. ഇവിടെയും അതു തന്നെ നടക്കുന്നു. പരിപാടി നടത്തുന്നവരുടെ മനസ്സ് ജനങ്ങൾ മനസ്സിലാക്കിക്കൊള്ളുമെന്നും വേണുഗോപാൽ പറഞ്ഞു.

കേന്ദ്രം അങ്ങനെ ചെയ്യില്ല; ചെയ്തെങ്കിൽ സംസ്ഥാനം വെല്ലുവിളിക്കണം: ആരിഫ്

എംപിമാരെ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുമെന്നു കരുതുന്നില്ല. കേന്ദ്രം വെട്ടിയാൽ ഇവിടത്തെ ജനപ്രതിനിധികളെ ഞങ്ങൾ ഉൾപ്പെടുത്തുമെന്നു പറയാനുള്ള തന്റേടം സംസ്ഥാന സർക്കാരിനുണ്ടാകണമെന്ന് എ.എം.ആരിഫ് എംപി പറഞ്ഞു. സംസ്ഥാന സർക്കാർ അതു ചെയ്യുന്നില്ലെങ്കിൽ അനീതിയാണ്. പരസ്യമായി പ്രതികരിക്കേണ്ടി വരും.പ്രധാനമന്ത്രി നേരിട്ടു പങ്കെടുക്കുന്ന ചടങ്ങാണെങ്കിൽ ചില നിയന്ത്രണങ്ങൾ വയ്ക്കാറുണ്ട്. ഓൺലൈൻ പരിപാടിയിൽ അങ്ങനെ ചെയ്യാൻ കേന്ദ്രത്തിന് അധികാരമില്ല. ജില്ലയിലെ മന്ത്രിമാരെയും എംപിമാരെയും ഒഴിവാക്കിയുള്ള ഉദ്ഘാടനമാണെങ്കിൽ ആ തീരുമാനത്തെ വെല്ലുവിളിക്കാനുള്ള ധൈര്യം സംസ്ഥാനത്തിനുണ്ടാകണം. ജില്ലയിലെ മന്ത്രിമാരെയെല്ലാം പരിപാടിയിൽ ഉൾപ്പെടുത്തണമെന്നും എംപി ആവശ്യപ്പെട്ടു.

ബൈപാസ് ഉദ്ഘാടന വേദി കളർകോട്ട് 

ആലപ്പുഴ ∙ ബൈപാസിന്റെ ഉദ്ഘാടന വേദി കളർകോട്ടായിരിക്കുമെന്ന് മന്ത്രി ജി.സുധാകരൻ അറിയിച്ചു. കൂടുതൽ സ്ഥലസൗകര്യം ഉള്ളതിനാലാണ് കളർകോട് നിശ്ചയിച്ചത്. ബൈപാസ് തുടങ്ങുന്ന ഭാഗത്തെ അപ്രോച്ച് റോഡിലായിരിക്കും വേദി. ഗതാഗത തടസ്സമുണ്ടാകാത്ത വിധത്തിൽ ഉദ്ഘാടനം നടത്താൻ സംവിധാനമുണ്ടാക്കും.

സർക്കാർ നയം ടോൾ വേണ്ടെന്ന്

സംസ്ഥാനത്തെ റോഡുകളിൽ ടോൾ വേണ്ടെന്നാണ് സർക്കാർ നയം. ഞാൻ മന്ത്രിയായ ശേഷം 24 ടോളുകൾ നിർത്തലാക്കി. ഇനി 12 എണ്ണം കൂടിയുണ്ട്. അവയിൽ സാങ്കേതിക പ്രശ്നങ്ങളുള്ളതാണു പ്രശ്നം. റോഡ്സ് ആൻഡ് ബ്രിജസ്​ കോർപറേഷൻ വായ്പയെടുത്ത്​ പണിത പാലങ്ങളുടെ ടോൾ നിർത്താൻ 700 കോടി രൂപ സർക്കാർ നൽകി. ടോൾ വിഷയത്തിൽ അഭിപ്രായം അറിയിക്കണമെന്ന് ദേശീയപാത അധികൃതർ പറഞ്ഞിരുന്നു. അതു പ്രകാരം കത്തയച്ചിട്ടുണ്ട്. ബൈപാസ്​ നിർമാണത്തിന്റെ 65 ശതമാനത്തിലേറെ തുക സംസ്ഥാന സർക്കാർ ചെലവഴിച്ചതിനാൽ 50% ടോൾ മാത്രമേ പിരിക്കാവൂ എന്നു പറഞ്ഞിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com