ADVERTISEMENT

മാന്നാർ ∙ കുരട്ടിക്കാട്നിന്ന് വീട് ആക്രമിച്ചു തട്ടിക്കൊണ്ടുപോയ ബിന്ദുവിനെ മണിക്കൂറുകൾ നീണ്ട അനിശ്വചിതത്വത്തിനും അന്വേഷണത്തിനും ഒടുവിൽ 200 കിലോമീറ്റർ അകലെ വടക്കഞ്ചേരിയിൽനിന്നു കണ്ടെത്തിയെങ്കിലും സംഭവത്തിലെ ദുരൂഹത ഇനിയും ബാക്കി. വിദേശത്തു നിന്നു മടങ്ങിയെത്തിയ ബിന്ദുവിനെ ഇന്നലെ പുലർച്ചെ ഒന്നേ മുക്കാലോടെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്.

സംഭവം സംബന്ധിച്ചു പൊലീസ് പറയുന്നത്: നേരത്തെ ഖത്തറിൽ ജോലി ചെയ്തിരുന്ന ബിന്ദു നാട്ടിലെത്തിയ ശേഷം ജോലി തേടി 40 ദിവസം മുൻപ് സന്ദർശക വീസയിൽ ദുബായിലേക്കു പോയി. കഴിഞ്ഞ 19 നാണ് മടങ്ങിയെത്തിയത്. ഇതിനിടയിൽ ബിന്ദുവിനെ അന്വേഷിച്ച് ചിലർ പലവട്ടം കുരട്ടിക്കാട്ടെ വീട്ടിലെത്തി. 20 ന് രാജേഷ് എന്നയാൾ വീട്ടിലെത്തി സ്വർണം ആവശ്യപ്പെട്ടു. തന്റെ കയ്യിൽ ആരും സ്വർണം തന്നുവിട്ടിട്ടില്ലെന്നു ബിന്ദു പറഞ്ഞതോടെ ആളു മാറിപ്പോയതാണെന്നു പറഞ്ഞു രാജേഷ് മടങ്ങി.

പിന്നെയും ചിലർ സ്വർണം ആവശ്യപ്പെട്ട് ഇവിടെയെത്തി. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് പതിനഞ്ചോളം പേർ ഉൾപ്പെടുന്ന സംഘം വീടു വളഞ്ഞത്. അവർ ആവശ്യപ്പെട്ടെങ്കിലും കതകു തുറക്കാത്തതിനാൽ മാരകായുധങ്ങളുപയോഗിച്ച് മുൻവാതിൽ തകർത്ത് അകത്തു കയറി. മുറിയിൽ കയറി കതകടച്ച് പൊലീസിനെ വിളിക്കുകയായിരുന്ന ബിന്ദുവിനെ കതകു പൊളിച്ചു കയറിയാണ് സംഘം തട്ടിക്കൊണ്ടുപോയത്. സംഘത്തിന്റെ ആക്രമണത്തിൽ ബിന്ദുവിന്റെ അമ്മ ജഗദമ്മയ്ക്ക് പരുക്കേറ്റു. ഈ സമയത്ത് ബിന്ദുവിന്റെ ഭർത്താവും സഹോദരനും ഉൾപ്പെടെ 9 പേർ വീട്ടിലുണ്ടായിരുന്നെങ്കിലും എതിർക്കാനായില്ല.

18 വയസു മുതൽ ബിന്ദു ഗൾഫിൽ
മാന്നാർ ∙ ‘18 വയസ്സ് മുതൽ ബിന്ദു ഗൾഫിലാണ്. ഇതുവരെ ഇതുപോലൊരു സംഭവമുണ്ടായിട്ടില്ല–’ ബിന്ദുവിന്റെ അമ്മ ജഗദമ്മ പറഞ്ഞു. ബിന്ദു നാട്ടിലെത്തിയ ദിവസം മുതൽ അക്രമി സംഘത്തിലെ ചിലർ വീട്ടിലെത്തിയിരുന്നു. ‘സ്വർണം ആവശ്യപ്പെട്ടാണ് അവർ എത്തിയത്. എന്നാൽ, സ്വർണം കൊണ്ടുവന്നിട്ടില്ലെന്ന് ബിന്ദു പറഞ്ഞതോടെ ആളും വീടും മാറിപ്പോയെന്നു പറഞ്ഞ് അവർ മടങ്ങി. ഞായറാഴ്ചയും ഈ സംഘത്തിലെ ചിലർ വീടിന്റെ പരിസരത്തുണ്ടായിരുന്നു. ഇന്നലെ ആക്രമണത്തിൽ എന്റെ നെറ്റിയിലും കഴുത്തിനു പിന്നിലും അടിയേറ്റു. പൊട്ടലുണ്ട്.’ ജഗദമ്മ പറഞ്ഞു. ‘ബിന്ദുവിന്റെ കയ്യും കാലും കെട്ടി വായിൽ എന്തോ തിരുകിയ ശേഷം എടുത്തുകൊണ്ടു പോകുന്നതു കണ്ടു.

ഞാൻ അടുക്കളയിൽച്ചെന്ന് മുളകുവെള്ളം എടുത്ത് അവരുടെ നേരെ ഒഴിച്ചു. അപ്പോഴേക്കും അവർ കടന്നുകളഞ്ഞു–’ ജഗദമ്മ പറഞ്ഞു. അക്രമം നടക്കുമ്പോൾ താൻ മറ്റൊരു മുറിയിലായിരുന്നെന്ന് ബിന്ദുവിന്റെ ഭർത്താവ് ബിനോയി പറഞ്ഞു. ‘ഇന്നലെ പുലർച്ചെ ഒന്നരയോടെ വീട്ടിലെത്തിയ സംഘം വാതിൽ തകർത്ത് അകത്തു കയറിയതിനു ശേഷം ബിന്ദുവിന്റെ സഹോദരൻ ബൈജുവിന്റെ കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തി. തുടർന്ന് ബിന്ദുവും അമ്മയും കയറിയ മുറിയുടെ വാതിൽ തകർത്ത് അകത്തു കയറി ഫോൺ വലിച്ചെറിഞ്ഞു പൊട്ടിച്ചു. ബിന്ദുവിനെ പിടിച്ചുകൊണ്ടു പോകുന്നുവെന്നു പറഞ്ഞ് അമ്മ വാതിലിൽ തട്ടി വിളിച്ചപ്പോഴാണ് വിവരം അറിഞ്ഞത്–’ ബിനോയി പറഞ്ഞു.

സമഗ്ര അന്വേഷണം വേണം: കൊടിക്കുന്നിൽ

മാന്നാർ ∙ കുരട്ടികാട് സ്വദേശിയായ ബിന്ദുവിനെ അർധരാത്രി വീട്ടിൽ നിന്നു തട്ടിക്കൊണ്ടുപോയ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു. സംസ്ഥാനത്തു നടന്ന സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള വൻ റാക്കറ്റുകളിലെ ഒരു സംഘമാണ് യുവതിയെ തട്ടിക്കൊണ്ടു പോയതെന്നും കൊടിക്കുന്നിൽ പറഞ്ഞു.

പൊലീസ് അന്വേഷിക്കണം: സജി ചെറിയാൻ

സ്വർണമാണോ വ്യക്തിവൈരാഗ്യമാണോ തട്ടിക്കൊണ്ടു പോകലിന്റെ പിന്നിൽ എന്നതും പ്രാദേശികമായ സഹായമുണ്ടോ എന്നതും പൊലീസ് അന്വേഷിക്കണമെന്നു സജി ചെറിയാൻ എംഎൽഎ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com