ദുബായ് എയർപോർട്ടിൽ വച്ച് സ്വർണം നൽകാൻ ശ്രമിച്ചു; സ്വർണം ആവശ്യപ്പെട്ട് ചിലർ വീട്ടിലെത്തി

HIGHLIGHTS
  • മാന്നാറിൽനിന്നു തട്ടിക്കൊണ്ടുപോയ ബിന്ദു മടങ്ങിയെത്തിയെങ്കിലും സംഭവത്തിൽ ദുരൂഹത ബാക്കി.
alappuzha news
അക്രമിസംഘം തട്ടിക്കൊണ്ടുപോയ ബിന്ദുവിന്റെ ഭർത്താവ് ബിനോയി വീടിനു മുന്നിൽ. ചിത്രം മനോരമ
SHARE

ദുബായിൽ വച്ച് ചിലർ സ്വർണം നൽകാൻ ശ്രമിച്ചു’

മാന്നാർ ∙ ബിന്ദുവിന് ദുബായ് വിമാനത്താവളത്തിൽ വച്ച് ചിലർ സ്വർണം നൽകാൻ ശ്രമിച്ചതായി അമ്മ ജഗദമ്മയുടെ മൊഴി. നാട്ടിലേക്കു മടങ്ങാൻ ദുബായ് വിമാനത്താവളത്തിലെത്തിയപ്പോഴാണ് ചിലർ അടുത്തുകൂടി സ്വർണം നൽകാമെന്നും അതു നാട്ടിലെത്തിക്കണമെന്നും ആവശ്യപ്പെട്ടതെന്നു ബിന്ദു പറഞ്ഞതായി ജഗദമ്മ  പറഞ്ഞു. ബിന്ദു ഇത‍ിനു വിസമ്മതിച്ചു. തുടർന്ന് നാട്ടിലെത്തിയ ശേഷമാണ് സ്വർണം ആവശ്യപ്പെട്ട് പലപ്പോഴായി ഒരു സംഘം വീട്ടിലെത്തിയതെന്നും ജഗദമ്മ പറഞ്ഞു.

മാന്നാർ  ∙ കുരട്ടിക്കാട്നിന്ന് വീട് ആക്രമിച്ചു തട്ടിക്കൊണ്ടുപോയ ബിന്ദുവിനെ  മണിക്കൂറുകൾ നീണ്ട അനിശ്വചിതത്വത്തിനും അന്വേഷണത്തിനും ഒടുവിൽ 200 കിലോമീറ്റർ അകലെ വടക്കഞ്ചേരിയിൽനിന്നു കണ്ടെത്തിയെങ്കിലും സംഭവത്തിലെ ദുരൂഹത ഇനിയും ബാക്കി. വിദേശത്തു നിന്നു മടങ്ങിയെത്തിയ ബിന്ദുവിനെ  ഇന്നലെ പുലർച്ചെ ഒന്നേ മുക്കാലോടെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. സംഭവം സംബന്ധിച്ചു പൊലീസ് പറയുന്നത്: നേരത്തെ ഖത്തറിൽ ജോലി ചെയ്തിരുന്ന ബിന്ദു നാട്ടിലെത്തിയ ശേഷം ജോലി തേടി 40 ദിവസം മുൻപ് സന്ദർശക വീസയിൽ ദുബായിലേക്കു പോയി. കഴിഞ്ഞ 19 നാണ് മടങ്ങിയെത്തിയത്. ഇതിനിടയിൽ ബിന്ദുവിനെ അന്വേഷിച്ച് ചിലർ പലവട്ടം കുരട്ടിക്കാട്ടെ വീട്ടിലെത്തി. 20 ന് രാജേഷ് എന്നയാൾ വീട്ടിലെത്തി സ്വർണം ആവശ്യപ്പെട്ടു.

തന്റെ കയ്യിൽ ആരും സ്വർണം തന്നുവിട്ടിട്ടില്ലെന്നു ബിന്ദു പറഞ്ഞതോടെ ആളു മാറിപ്പോയതാണെന്നു പറഞ്ഞു രാജേഷ് മടങ്ങി. പിന്നെയും ചിലർ സ്വർണം ആവശ്യപ്പെട്ട് ഇവിടെയെത്തി. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് പതിനഞ്ചോളം പേർ ഉൾപ്പെടുന്ന സംഘം വീടു വളഞ്ഞത്. അവർ ആവശ്യപ്പെട്ടെങ്കിലും കതകു തുറക്കാത്തതിനാൽ മാരകായുധങ്ങളുപയോഗിച്ച് മുൻവാതിൽ തകർത്ത് അകത്തു കയറി. മുറിയിൽ കയറി കതകടച്ച് പൊലീസിനെ വിളിക്കുകയായിരുന്ന ബിന്ദുവിനെ കതകു പൊളിച്ചു കയറിയാണ് സംഘം തട്ടിക്കൊണ്ടുപോയത്. സംഘത്തിന്റെ ആക്രമണത്തിൽ ബിന്ദുവിന്റെ അമ്മ ജഗദമ്മയ്ക്ക് പരുക്കേറ്റു. ഈ സമയത്ത് ബിന്ദുവിന്റെ ഭർത്താവും സഹോദരനും ഉൾപ്പെടെ 9 പേർ വീട്ടിലുണ്ടായിരുന്നെങ്കിലും എതിർക്കാനായില്ല.

ബിന്ദുവിന്റെ മൊബൈൽ ഫോൺ സംഘം എറിഞ്ഞു പൊട്ടിച്ച ശേഷം എടുത്തു കൊണ്ടു പോയി. അക്രമം നടന്ന് അരമണിക്കൂറിനു ശേഷമാണ് പൊലീസ് വീട്ടിലെത്തിയത്. പൊലീസ് എത്തിയ ശേഷമാണ് നാട്ടുകാരും അയൽവാസികളും വിവരമറിഞ്ഞത്. പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഇന്നലെ ഉച്ചയോടെയാണ് തട്ടിക്കൊണ്ടുപോയ സംഘം ബിന്ദുവ‍ിനെ പാലക്കാട് വടക്കഞ്ചേരിക്കു സമീപം മുടപ്പല്ലൂരിൽ വഴിയിലുപേക്ഷിച്ചു കടന്നത്. 1000 രൂപയും ബിന്ദുവിനു നൽകിയിരുന്നു. അവശനിലയിലായ ബിന്ദു ഓട്ടോറിക്ഷ വിളിച്ച് വടക്കഞ്ചേരി സ്‌റ്റേഷനിൽ എത്തി വിവരം അറിയിച്ചു. സ്റ്റേഷനിൽ വച്ച് ബോധരഹിതയായ യുവതിയെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.

തുടർന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം മാന്നാറിലേക്കു കൊണ്ടുപോയി. കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സംഘമാണ് അക്രമത്തിനു പിന്നിലെന്നാണു വീട്ടുകാരുടെ പരാതി. ബിന്ദുവിനെ ഇന്നലെ രാത്രി ഏഴോടെ വടക്കഞ്ചേരി പൊലീസ് മാന്നാർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ചെങ്ങന്നൂർ ഡിവൈഎസ്പി ആർ.ജോസിന്റെ നേതൃത്വത്തിൽ മൊഴിയെടുത്തു. ബിന്ദു അവശ നിലയിലായിരുന്നു. വൈദ്യപരിശോധനയ്ക്കു ശേഷം ഓൺലൈനിലൂടെ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയ ശേഷം ബന്ധുക്കളോടൊപ്പം വിട്ടയച്ചു. ജില്ലാ പൊലീസ് മേധാവി ജി. ജയദേവ്, ചെങ്ങന്നൂർ ഡിവൈഎസ്പി: ആർ. ജോസ് എന്നിവർ സ്ഥലത്തെത്തി അന്വേഷണത്തിനു നേതൃത്വം നൽകി. ശാസ്ത്രീയ പരിശോധനാ വിദഗ്ധരും പൊലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN alappuzha
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA