ADVERTISEMENT

ആലപ്പുഴ ∙ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും ജില്ലയിൽ മൂന്നു മുന്നണികളിലും സീറ്റ് വിഭജനം പൂർത്തിയായില്ല. സീറ്റ് വിഭജനം പൂർത്തിയായ ശേഷമേ സ്ഥാനാർഥി നിർണയം ഉൾപ്പെടെയുള്ള ചർച്ചകളിലേക്കു കടക്കൂ. സംസ്ഥാന തലത്തിലാണ് മൂന്നു മുന്നണികളുടെയും സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും നടക്കുക. മാർച്ച് ആദ്യ വാരം സീറ്റ് വിഭജനം പൂർത്തിയാക്കി സ്ഥാനാർഥി നിർണയത്തിലേക്കു കടക്കാനാണ് തീരുമാനം.

എൽഡിഎഫ്

2016ൽ ജില്ലയിൽ 8 മണ്ഡലങ്ങളിലും വിജയിച്ചതിന്റെ തിളക്കത്തിലായിരുന്നു അടുത്തകാലം വരെ എൽഡിഎഫ്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം വർധിപ്പിച്ചതോടെ ആത്മവിശ്വാസവും വർധിച്ചു. എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പിൽ ചെറിയ ഭൂരിപക്ഷത്തിന് ജയിച്ചെങ്കിലും നിയമസഭാ മണ്ഡലം തിരിച്ചുള്ള കണക്കിൽ എൽഡിഎഫിനു തിരിച്ചടി നേരിട്ടു. ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളുൾപ്പെടുന്ന മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് വിജയിച്ചു.

ആലപ്പുഴ ലോക്സഭാ മണ്ഡലം പിടിച്ചെടുത്തെങ്കിലും നിയമസഭാ മണ്ഡലം തലത്തിൽ കണക്കെടുക്കുമ്പോൾ ആറു മണ്ഡലങ്ങളിൽ നാലിടത്തും യുഡിഎഫിനായിരുന്നു ഭൂരിപക്ഷം. ചേർത്തലയും കായംകുളവും മാത്രമാണ് എൽഡിഎഫിന് ഒപ്പംനിന്നത്. തൊട്ട‍ുപിന്നാലെ നടന്ന അരൂർ ഉപതിരഞ്ഞെടുപ്പിലും ചെറിയ വ്യത്യാസത്തിൽ പരാജയം നേരിടേണ്ടിവന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ വൻ വിജയം മുന്നണിക്കു വീണ്ടും പ്രതീക്ഷകൾ നൽകുന്നു. സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതികളും ഭക്ഷ്യ കിറ്റും സാമൂഹിക സുരക്ഷാ പെൻഷനും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും മുൻനിർത്തിയാണ് ഇത്തവണ എൽഡിഎഫ് പ്രചാരണം നടത്തുക.

പിഎസ്‍സി നിയമനം, ആഴക്കടൽ മത്സ്യബന്ധനം തുടങ്ങിയവ സംബന്ധിച്ചുണ്ടായ വിവാദങ്ങൾക്കു വിശദീകരണം നൽകാൻ അധ്വാനിക്കേണ്ടി വരുമെന്ന ആശങ്ക എൽഡിഎഫ് ക്യാംപിനുണ്ട്. സീറ്റ് വിഭജനമായില്ലെങ്കിലും പതിവുപോലെ ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, അമ്പലപ്പുഴ, ആലപ്പുഴ, അരൂർ മണ്ഡലങ്ങളിൽ സിപിഎം മത്സരിക്കാനാണു സാധ്യത. ഹരിപ്പാട്, ചേർത്തല മണ്ഡലങ്ങൾ സിപിഐ തന്നെ മത്സരിക്കും. പാലാ സീറ്റ് സംബന്ധിച്ച വിവാദത്തിനു പിന്നാലെ കുട്ടനാട്ടിൽ നിന്നും എൻസിപിയെ മാറ്റുന്നത് എൽഡിഎഫ് ആലോചിക്കാനിടയില്ല.

യുഡിഎഫ്

ലോക്സഭാ തിരഞ്ഞെടുപ്പും അരൂർ ഉപതിരഞ്ഞെടുപ്പും നൽകിയ ആത്മവിശ്വാസത്തെ തദ്ദേശതിരഞ്ഞെടുപ്പു ഫലം കെടുത്തിയതിന്റെ ആശങ്ക പരിഹരിക്കാനുള്ള ശ്രമത്തിൽ മുന്നേറിയെന്നാണ് യുഡിഎഫ് വിലയിരുത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ സ്ഥിതിയിലുണ്ടായ മാറ്റം യുഡിഎഫിന് പ്രതീക്ഷയാകുന്നു. നിയമന വിവാദം പൊതുവിലും ആഴക്കടൽ മത്സ്യബന്ധനവുമായി ഉയർന്ന പ്രക്ഷോഭം തീരപ്രദേശത്തും ശക്തമായ ഇടതുവിരുദ്ധ മുന്നേറ്റമുണ്ടാക്കിയെന്നാണ് യുഡിഎഫ് കരുതുന്നത്. 2016ൽ ഭരണവിരുദ്ധ വികാരം ശക്തമായിരുന്നതാണ് ഒരു സീറ്റിൽ മാത്രമായി വിജയം ഒതുങ്ങാൻ കാരണമായതെന്നാണ് വിലയിരുത്തുന്നത്.

ഇപ്പോൾ എൽഡിഎഫ് സർക്കാരിനെതിരായ ഭരണവിരുദ്ധവികാരം സ്ഥിതി അനുകൂലമാകുമെന്ന പ്രതീക്ഷയുമുണ്ട്. കോൺഗ്രസും ഘടകകക്ഷികളുമായുണ്ടായിരുന്ന തർക്കങ്ങൾ പരിഹരിക്കാനുള്ള ചർച്ചകൾ ഇതിനകം നടന്നുകഴിഞ്ഞു. ഭവന സന്ദർശനങ്ങളിലൂടെ ജനങ്ങളിലേക്ക് കൂടുതൽ അടുക്കാനുള്ള ശ്രമവും നടത്തിയിട്ടുണ്ട്. പിഎസ്‍സി നിയമന വിവാദം യുവാക്കൾക്കിടയിലും ആഴക്കടൽ മത്സ്യബന്ധന വിവാദം മത്സ്യത്തൊഴിലാളി മേഖലയിലും ചർച്ചയാക്കാൻ സജീവമായി ശ്രമം നടക്കുന്നുണ്ട്.സീറ്റ് ധാരണയായിട്ടില്ലെങ്കിലും കുട്ടനാട് ഒഴികെയുള്ള മണ്ഡലങ്ങളിൽ സീറ്റ് കൈമാറ്റം വേണ്ടിവരില്ലെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.

2016ൽ ഘടകകക്ഷിയായിരുന്ന എൽജെഡിക്ക് അമ്പലപ്പുഴ സീറ്റ് നൽകേണ്ടി വന്നു. ഈ സീറ്റിലേക്ക് മുസ്‍‍ലിം ലീഗിനു കണ്ണുണ്ട്. എൽജെഡിക്കു നൽകുന്നതിനു മുൻപ് കോൺഗ്രസ് മത്സരിച്ച സീറ്റ് ആ പാർട്ടി മുന്നണി വിട്ടതോടെ തിരിച്ചെടുക്കുകയാണെന്ന ന്യായം ലീഗിനെക്കൊണ്ട് അംഗീകരിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കും. കുട്ടനാട് സീറ്റ് കേരള കോൺഗ്രസിനു നൽകേണ്ടി വരും. അവിടെ പി.ജെ.ജോസഫ് അനൗദ്യോഗികമായി സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. സ്ഥാനാർഥി നിർണയത്തിൽ ‘അത്ഭുതങ്ങൾക്ക്’ യുഡിഎഫ് ശ്രമിച്ചേക്കുമെന്നും സൂചനകളുണ്ട്.

എൻഡിഎ 

ഒരു മണ്ഡലത്തിലും രണ്ടാം സ്ഥാനത്തേക്കെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും 2016 ലെ തിരഞ്ഞെടുപ്പിൽ പല മണ്ഡലങ്ങളിലെയും ഫലനിർണയത്തെ സ്വാധീനിക്കായെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ബിഡിജെഎസുമായുള്ള കൂട്ടുകെട്ട് വോട്ട് വർധനയ്ക്കു കാരണമായെന്ന് ബിജെപി വിശ്വസിക്കുന്നു. അതുകൊണ്ട് ബിഡ‍ിജെഎസിന് പരിഗണന നൽകിത്തന്നെ തിരഞ്ഞെടുപ്പിനെ നേരിടും. മുൻപ് ഒരു പഞ്ചായത്തിൽ മാത്രം ഭരണം ലഭിച്ച ബിജെപിക്ക് ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ ചില പഞ്ചായത്തുകളിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ കഴിഞ്ഞതും രണ്ടിടത്ത് അധികാരത്തിലെത്താൻ കഴിഞ്ഞതും ആത്മവിശ്വാസമുയർത്തുന്നു.

ചെങ്ങന്നൂർ, മാവേലിക്കര മണ്ഡലങ്ങളിലെ ബിജെപിയുടെ സ്വാധീനം വളർന്നത് മറ്റു മുന്നണികളും ചർച്ച ചെയ്യുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ ജനകീയ പദ്ധതികൾ മുൻനിർത്തിയാണ് എൻഡിഎ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അതേസമയം, സംസ്ഥാന സർക്കാരിനെതിരായ പ്രചാരണത്തിന് വിഷയങ്ങൾ വീണുകിട്ടുന്നുമുണ്ട്. ശബരിമല യുവതിപ്രവേശനം സ്വാധീന മേഖലകളിൽ വീണ്ടും ചർച്ചയാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

പ്രധാന ഘടകകക്ഷിയായി ബിഡിജെഎസ് മാത്രമേയുള്ളൂ എന്നതിനാൽ സീറ്റ് വിഭജനത്തിൽ അർഹമായ പരിഗണന നൽകേണ്ടി വരും. കഴിഞ്ഞ നിയമസഭാ തിര‍ഞ്ഞെടുപ്പിൽ മത്സരിച്ച അരൂർ, ചേർത്തല, കുട്ടനാട്, കായംകുളം മണ്ഡലങ്ങൾ ഇത്തവണയും ബിഡിജെഎസ് ആവശ്യപ്പെട്ടിട്ടുണ്ട്. അരൂർ ഉപതിരഞ്ഞെടുപ്പിൽ ബിഡിജെഎസ് പിണക്കത്തിലായിരുന്നതിനാൽ ബിജെപി സ്വന്തം സ്ഥാനാർഥിയെ മത്സരിപ്പിച്ചു. ഇത്തവണ മണ്ഡലം ബിഡിജെഎസിനു തിരികെ നൽകിയേക്കുമെന്നാണു സൂചന.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com