ADVERTISEMENT

ആലപ്പുഴ ∙ തന്റെ മുൻ പഴ്സനൽ സ്റ്റാഫിനെയും ഭാര്യയെയും കരുവാക്കി ആലപ്പുഴയിലെ പൊളിറ്റിക്കൽ ക്രിമിനലുകൾ പ്രത്യാക്രമണം തുടങ്ങിയെന്ന് മന്ത്രി ജി. സുധാകരൻ. തനിക്കെതിരെ പരാതി നൽകിയതിന്റെ അർഥമതാണ്. ‘‘എനിക്ക് ആ ദമ്പതികളോട് സഹതാപമുണ്ട്. അവർ പാർട്ടിയോട് കുറ്റം ഏറ്റുപറഞ്ഞാൽ മതി. പാർട്ടി നടപടിയെടുക്കണമെന്ന് എനിക്ക് അഭിപ്രായമില്ല.  തെറ്റു തിരുത്തുമെന്നാണ്  പ്രതീക്ഷ. പൊളിറ്റിക്കൽ ക്രിമിനലുകളെ ഒരു പാർട്ടിയും പ്രോത്സാഹിപ്പിക്കരുത്. എനിക്കു വേണമെങ്കിൽ പരാതിപ്പെടാം.

പക്ഷേ, ഒന്നും ചെയ്യുന്നില്ല. ഞാൻ രാഷ്ട്രീയ എതിരാളികളെ ജയിലിൽ അടച്ചിട്ടില്ല. ഇതിനു പിന്നിൽ  ഒരു സംഘമാണ്. പല പാർട്ടികളിൽ പെട്ടവർ അതിലുണ്ട്. അതിലെ സിപിഎമ്മുകാരെ  വച്ചുപൊറുപ്പിക്കില്ലെന്നു ജില്ലാ സെക്രട്ടറി പറഞ്ഞിട്ടുണ്ട്. സംശുദ്ധ രാഷ്ട്രീയത്തെ തകർക്കാനാണ് ശ്രമം. ഒരു പണിയും ചെയ്യാതെ പല പാർട്ടികളിലുള്ള അവർ പരസ്പരം സഹകരിച്ചു പണമുണ്ടാക്കാൻ ശ്രമിക്കുകയാണ്.

‘‘രാഷ്ട്രീയത്തിലെ ക്രിമിനൽവൽകരണം മുതലാളിത്തത്തിന്റെ സൃഷ്ടിയാണെന്നു പാർട്ടി കോൺഗ്രസിന്റെയും  സമ്മേളനങ്ങളുടെയും രേഖകളുണ്ട്. ക്രിമിനൽവൽകരണത്തിനു കമ്യൂണിസ്റ്റുകാർ ഇരയാകരുതെന്ന ജാഗ്രതയാണത്. അതേ ഞാൻ പറഞ്ഞുള്ളൂ. ഞാനൊരു യഥാർഥ കമ്യൂണിസ്റ്റാണ്. മരണം വരെ അതിൽ വീഴ്ചയുണ്ടാവില്ല. പാർട്ടിയുമായി ബന്ധപ്പെട്ട കാര്യത്തിൽ പത്രസമ്മേളനം നടത്താനാണ് പാർട്ടിയുടെ അനുവാദം വാങ്ങേണ്ടത്. പാർട്ടിയുമായി ബന്ധപ്പെട്ട കാര്യമല്ല കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നെയും കുടുംബത്തെയും ആക്ഷേപിക്കുന്നതു ശരിയല്ല.

10 വർഷം ഞാൻ മന്ത്രിയായിരുന്നിട്ടും കുടുംബം ഇടപെട്ടതായി ആക്ഷേപമുണ്ടായോ?  ഒരു സാമ്പത്തിക ആരോപണത്തിനും ഞാൻ വഴിവച്ചില്ല. ജീവിക്കാനുള്ള പണം ഭാര്യയ്ക്കും എനിക്കും പെൻഷനായി കിട്ടുന്നുണ്ട്. മകനു നല്ല ജോലിയുണ്ട്. പഴ്സനൽ സ്റ്റാഫ് അംഗത്തെയോ ഭാര്യയെയോ ​ഞാൻ ഒന്നും പറഞ്ഞിട്ടില്ല. 7 മാസത്തിനിടയിൽ 27 ദിവസം മാത്രം ജോലി ചെയ്തയാളെ ഒഴിവാക്കുന്നത് സ്വാഭാവിക നടപടിയാണ്. നിയമിച്ചതും ഒഴിവാക്കിയതും പാർട്ടി നടപടിക്രമം അനുസരിച്ചാണ്. എനിക്കെതിരെ ആ ദമ്പതികളെ ചിലർ ഉപയോഗിച്ചെന്നാണു ഞാൻ പറഞ്ഞത്. അവരുടെ വിവാഹവുമായി ബന്ധപ്പെട്ട് അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു.

മറ്റു പദങ്ങളൊന്നും ഉപയോഗിച്ചിട്ടില്ല. അതൊരു പരാതിയായി കൊടുത്താൽ എനിക്കെതിരെ പത്രവാർത്ത വരുമെന്നു കണ്ട്, ഞാൻ സ്ഥിരമായി ഇങ്ങനെയൊക്കെ പറയുന്നു എന്ന് ആരോപിക്കുകയാണ്. ഷാനിമോൾ ഉസ്മാനെതിരെ ഞാൻ നടത്തിയതായി പറയുന്ന പരാമർശത്തെക്കുറിച്ചുള്ള പരാതി അവർ തന്നെ പിൻവലിച്ചു.  ഞാൻ അങ്ങനെ വിളിച്ചിട്ടേയില്ലെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ പറഞ്ഞല്ലോ. സഹോദരി എന്നാണു വിളിച്ചതെന്നു  ഉത്തരവിലുണ്ട്. കായംകുളം എംഎൽഎയെപ്പറ്റി ഒരു കാലത്തും ഒന്നും പറഞ്ഞിട്ടില്ല. എന്നെ ആക്ഷേപിക്കാൻ ശ്രമമുണ്ടായിട്ടുണ്ട്. ഇപ്പോഴല്ല, 2016ൽ. അതൊക്കെ പോയി.– സുധാകരൻ പറഞ്ഞു.  

സുധാകരനെതിരായ പരാതി സിപിഎം വിഭാഗീയതയുടെ ഭാഗം: എം. ലിജു

മന്ത്രി ജി.സുധാകരന്റെ പ്രസ്താവനയ്ക്കെതിരെ കെപിസിസി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂറിന്റെ നിലപാട് തള്ളി ഡിസിസി പ്രസിഡന്റ് എം.ലിജു . സുധാകരനെതിരെ ഇപ്പോൾ ഉയർന്നുവന്നിട്ടുള്ള പരാതി  സിപിഎമ്മിലെ വിഭാഗീയതയുടെ ഭാഗമാണെന്നും  അടിസ്ഥാനമില്ലാത്ത ഇത്തരം ആരോപണങ്ങളിലൂടെ .സുധാകരനെ വേട്ടയാടുന്നതിനു കൂട്ടുനിൽക്കാനാവില്ലെന്നും  ലിജു ‘മനോരമ’യോടു പറഞ്ഞു. സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മന്ത്രിക്കെതിരെ കേസെടുക്കണമെന്നാണ് ഷുക്കൂർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടത്.  ഇത് ഷൂക്കൂറിന്റെ വ്യക്തിപരമായ അഭിപ്രായമാകാമെന്നും പാർട്ടിയുടെ നിലപാട് അല്ലെന്നും ലിജു പറഞ്ഞു. പരാതിയിൽ പരാമർശിക്കുന്ന  സുധാകരന്റെ പത്രസമ്മേളനവും പ്രസ്താവനയും ശ്രദ്ധയിൽപ്പെട്ടിരുന്നു. അതിൽ ജാതീയമായോ സ്ത്രീവിരുദ്ധമായോ ഒന്നും കണ്ടില്ലെന്നും ലിജു പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com