ADVERTISEMENT

ആലപ്പുഴ∙ പുന്നപ്ര–വയലാർ സമരങ്ങളുടെ ചരിത്രത്തിലേക്കു നടന്നുകയറുകയാണ് ചിത്രകാരൻ ബാര ഭാസ്കരന്റെ ഏറ്റവും പുതിയ ചിത്ര പരമ്പര.‘പുന്നപ്ര–വയലാർ റവല്യൂഷൻ 1946’ എന്ന പേരിൽ ഏഴു ചിത്രങ്ങളുള്ള പരമ്പര, ആലപ്പുഴയിൽ നടക്കുന്ന ‘ലോകമേ തറവാട്’ കലാ പ്രദർശനത്തിന്റെ ഭാഗമായി പോർട്ട് ട്രസ്റ്റ് മ്യൂസിയത്തിലാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.  ന്യൂസ് പ്രിന്റ് റോൾ പൊതിയുന്ന ബ്രൗൺ പേപ്പറിൽ പെൻസിൽ, വാട്ടർകളർ എന്നിവ ഉപയോഗിച്ചാണു ചിത്രങ്ങൾ വരച്ചിരിക്കുന്നത്. ഒൻപതു മാസത്തോളമെടുത്താണ് ചിത്രങ്ങൾ പൂർത്തിയാക്കിയത്. ചരിത്രത്തിലേക്കുള്ള ഖനനം എന്ന സങ്കൽപത്തിൽ ഊന്നിയാണ് ചിത്രങ്ങൾ തയാറാക്കിയിരിക്കുന്നതെന്നു ബാര ഭാസ്കരൻ പറഞ്ഞു.

പുന്നപ്ര–വയലാർ സമരം ജീവിതങ്ങളിലുണ്ടാക്കിയ നിശ്ചലതയും മൂകതയുമാണ് ഓരോ ചിത്രത്തിലുമുള്ളത്. വാരിക്കുന്തവുമായി നിൽക്കുന്ന തൊഴിലാളികളും മാർച്ച് ചെയ്യുന്ന പട്ടാളക്കാരും പശ്ചാത്തലമൊരുക്കുന്ന ചിത്രങ്ങളിൽ പി.കൃഷ്ണപിള്ള, വി.എസ്.അച്യുതാനന്ദൻ, അന്നത്തെ ദിവാൻ സി.പി.രാമസ്വാമി അയ്യർ എന്നിവരുമുണ്ട്. തിരുവിതാംകൂറിന്റെ രാജചിഹ്നമായ ശംഖുമുദ്രയും ചിത്രങ്ങളിലുടനീളം കാണാം.  അക്കാലത്തെ വസ്ത്രധാരണരീതിയും പാത്രങ്ങളുമടക്കം ഉൾപ്പെടുത്തിയാണ് ഓരോ ചിത്രവും. കൃത്യമായ ഗവേഷണത്തിനു ശേഷമാണ് ഇവ വരച്ചതെന്നു ബാര ഭാസ്കരൻ പറയുന്നു. പുന്നപ്രവയലാർ ചിത്രങ്ങൾക്കു പുറമേ ‘ടിപ്പൂസ് ടൈഗർ’ അടക്കം മൂന്നു ചിത്രങ്ങൾ കൂടി പ്രദർശിപ്പിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com