ADVERTISEMENT

പി.കെ.ഹോർമിസ് തരകൻ (മുൻ ഡിജിപി, മു‍ൻ ‘റോ’ മേധാവി)

ഞാൻ പൊലീസിൽ ചേ‍ർന്ന ശേഷം കെ.ആർ.ഗൗരിയമ്മയും അംഗമായിരുന്ന മന്ത്രിസഭകളുടെ കീഴിൽ ജോലി ചെയ്തപ്പോഴാണ് ഞങ്ങൾ പരിചയപ്പെട്ടത്. ഒരേ നാട്ടുകാരായിട്ടും ആവശ്യമില്ലാത്ത ഒരു കാര്യത്തിനും മന്ത്രിയെന്ന നിലയിലോ പാർട്ടി നേതാവെന്ന നിലയിലോ എന്നെ വിളിച്ചതായി ഓർമയില്ല. ഗൗരിയമ്മയുമായി എനിക്കുണ്ടായ ഹൃദ്യമായ ഇടപെടൽ അവർ ആയിരം പൂർണചന്ദ്രന്മാരെ കണ്ടതിന്റെ ആഘോഷദിനമാണ്.

കെ.ആർ.ഗൗരിയമ്മയുടെ മൃതദേഹം തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിനു വച്ചപ്പോൾ ഗാർഡ് ഓഫ് ഓണർ നൽകുന്ന പൊലീസ് സേന. ചിതം : മനോരമ

ഗംഭീര സൽക്കാരം കവടിയാറിലെ മന്ത്രിമന്ദിരത്തിൽ ഒരുക്കിയിരുന്നു. സംസ്ഥാന പൊലീസ് മേധാവിയായിരുന്ന എനിക്കും ക്ഷണമുണ്ട്. പക്ഷേ, പകൽ ഓഫിസ് വിട്ടിറങ്ങാൻ പറ്റിയില്ല. രാത്രി 8നു മുൻപ് ജോലി തീർത്ത് വീട്ടിലേക്കു മടങ്ങുംവഴി, നേരത്തേ കരുതിയ പൂച്ചെണ്ടുമായി മന്ത്രിമന്ദിരത്തിലെത്തി. അപ്പോഴേക്കും ആഘോഷമെല്ലാം കഴിഞ്ഞ് എല്ലാവരും മടങ്ങി. ഞാൻ അൽപം ഇളിഭ്യനായി. വിവരമറിഞ്ഞ് മന്ത്രി പുറത്തേക്കുവന്നു.

നൽകിയ പൂച്ചെണ്ട് വാങ്ങുന്നതിനൊപ്പം ഒരു കാരണവത്തിയുടെ പരിഭവത്തോടെ ചോദിച്ചു: ‘ഉച്ചയ്ക്കെന്തേ വരാതിരുന്നത് ? ഞാൻ ചേർത്തലയിൽനിന്നു കരിമീൻ വരുത്തിയിരുന്നു. കെങ്കേമമായിരുന്നു.’ എനിക്കു മറുപടി പറയാൻ കഴിയുന്നതിനു മുൻപ് തുടർന്നു: ‘അല്ല, കുറച്ചെങ്കിലും ബാക്കി കാണും.

നോക്കട്ടെ.’ അവർ അകത്തുപോയി. തിരിച്ചെത്തിയപ്പോൾ മൂന്നുനാലു വറുത്ത കരിമീൻ പൊതിഞ്ഞെടുത്തിരുന്നു. അതെന്നെ ഏൽപിച്ചിട്ടു പറഞ്ഞു: ‘ഇതു വീട്ടിൽ കൊണ്ടുപോയി കഴിക്കണം.’ചേർത്തലയിൽനിന്നു വരുത്തിച്ച കരിമീനിന്റെ പൊതി കയ്യിൽ പിടിച്ച്, ചേർത്തലക്കാരിയായ മന്ത്രിയെ ചേർത്തലക്കാരനായ പൊലീസ് മേധാവി പൂർണ ഔദ്യോഗിക വേഷത്തിൽ സലാം വയ്ക്കുന്ന പടമെടുക്കാൻ ആ സമയത്ത് ആരുമില്ലായിരുന്നു. ചേർത്തലയുടെ ചരിത്രം അറിയുന്നവർക്ക്, ആ മഹാ വനിത മാറ്റിമറിച്ച ഒരു കാലഘട്ടത്തിന്റെ പ്രതീകം കൂടിയായേനെ അത്.

സ്നേഹം നിറച്ച ആദരം

ബെറ്റി കരൺ (ചെയർപഴ്സൻ, കരൺ ഗ്രൂപ്പ് ഓഫ് കമ്പനീസ്) കെ.ആർ.ഗൗരിയമ്മയും എന്റെ അമ്മ സരസ്വതി ശ്രീനിവാസനും അടുത്ത സുഹൃത്തുക്കളും സഹപാഠികളുമാണ്. ഇന്റർമീഡിയറ്റിനു പഠിക്കുന്ന കാലത്ത് എന്റെ അമ്മ, ഗൗരിയമ്മയുടെ സീനിയർ വിദ്യാർഥിയായിരുന്നു. അവർ തമ്മിൽ വലിയ അടുപ്പമായിരുന്നു. ആ ബന്ധം കുടുംബങ്ങളിലേക്കും വളർന്നു. ഞാൻ കുഞ്ഞായിരുന്നപ്പോൾ പലപ്പോഴും എന്നെ എടുത്തു നടന്നിട്ടുണ്ട് ഗൗരിയമ്മ. ആ സ്നേഹവും ആദരവും അവസാനകാലം വരെ എനിക്കു ഗൗര‍ിയമ്മയോടുണ്ടായിരുന്നു. പലപ്പോഴും ഗൗരിയമ്മയുടെ ചാത്തനാട്ടെ വീട്ടിലെത്തി സ്നേഹാന്വേഷണം നടത്താറുണ്ടായിരുന്നെങ്കിലും അവസാനകാലത്ത് തിരുവനന്തപുരത്തായതിനാൽ കാണാൻ കഴിഞ്ഞില്ല.

ടി.വി.തോമസിനെതിരെ ഗൗരിയമ്മയ്ക്കായി വാദിച്ചപ്പോൾ !

എ.എൻ.രാജൻബാബു ജെഎസ്എസ് രാജൻ ബാബു വിഭാഗം ജനറൽ സെക്രട്ടറി) അഭിഭാഷകയായ ഗൗരിയമ്മയ്ക്കു വേണ്ടി 2 കേസുകളിൽ ഹൈക്കോടതിയിൽ വാദിച്ചത് ഞാനാണ്. അതിലൊന്ന് ടി.വി.തോമസിനെതിരെ ആയിരുന്നു. ആലപ്പുഴയിലെ ബോട്ട് തൊഴിലാളി യൂണിയൻ ഓഫിസിൽ നിന്നു സിഐടിയു വിഭാഗത്തെ ഇറക്കിവിട്ടതിനെതിരെ ഗൗരിയമ്മ നൽകിയ കേസായിരുന്നു അത്. എന്നെ ഹൈക്കോടതി അഭിഭാഷകനാക്കിയതും ഗൗരിയമ്മയാണ്. എനിക്ക് 6 വയസ്സുള്ളപ്പോഴാണ് ഇളയച്ഛൻ പി.എൻ. ചന്ദ്രസേനൻ ഗൗരിയമ്മയുടെ അനുജത്തി ഗോമതിയെ വിവാഹം കഴിച്ചത്. 1957ൽ ഗൗരിയമ്മയും ടിവിയുമായി വിവാഹം കഴിഞ്ഞപ്പോൾ ആറന്മുള മെഴുവേലിയിലെ ഞങ്ങളുടെ വീട്ടിലേക്കു വിരുന്നുവന്നു.

2 മന്ത്രിമാർ അക്കാലത്ത് ഒരു നാട്ടിലേക്ക് ഒന്നിച്ചെത്തിയത് ആഘോഷമായിരുന്നു. 1967ൽ ഇളയച്ഛൻ എൽഡിഎഫ് സ്വതന്ത്രനായി എംഎൽഎ ആയി. ഗൗരിയമ്മ മന്ത്രിയും. 1968ൽ തിരുവനന്തപുരം ലോ കോളജിൽ വിദ്യാർഥിയായി എത്തിയ ഞാൻ ഗൗരിയമ്മയുടെ വസതിയായ സാനഡുവിൽ നിത്യസന്ദർശകനായി. എൽഎൽബി നേടിയ എന്നോടു ഗൗരിയമ്മ ചോദിച്ചു, ‘എന്താ പ്ലാൻ?’ തിരുവനന്തപുരത്തു പ്രാക്ടീസ് ചെയ്യണമെന്ന ആഗ്രഹം ഗൗരിയമ്മ വെട്ടി. ‘താൻ ഇവിടെ നിൽക്കണ്ട, ഉഴപ്പും. ഞാൻ ഹൈക്കോടതിയിൽ ഈശ്വരയ്യരോടു പറയാം’. ഗൗരിയമ്മയുടെ സഹപാഠിയായിരുന്നു രാജൻ കേസ് വാദിച്ച പ്രശസ്ത അഭിഭാഷകൻ എസ്. ഈശ്വരയ്യർ.

ഒരു ദിവസം സിപിഎം സംസ്ഥാന കമ്മിറ്റി യോഗം എറണാകുളത്തു നടക്കുമ്പോൾ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ വച്ച് ഗൗരിയമ്മ എന്നെ ഈശ്വരയ്യർക്കു പരിചയപ്പെടുത്തി. അങ്ങനെയാണ് ഞാൻ ഹൈക്കോടതിയിലെത്തുന്നത്. ഗൗരിയമ്മയെ സിപിഎം പുറത്താക്കിയതിനെത്തുടർന്നാണ് ഞങ്ങളെല്ലാം ചേർന്ന് പുതിയ പാർട്ടി രൂപീകരിച്ചത്. എന്നെ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ടിവി ഗുരുതരാവസ്ഥയിലായപ്പോൾ അദ്ദേഹത്തിനരികിലേക്കു ഗൗരിയമ്മയെ വീണ്ടും എത്തിച്ചത് ഇളയച്ഛൻ ചന്ദ്രസേനനാണ്.

പിണക്കമില്ലാത്ത  മത്സരം

പി.ജെ.ഫ്രാൻസിസ്(ഗൗരിയമ്മയ്ക്കെതിരെ രണ്ടുതവണ അരൂരിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു പി.ജെ.ഫ്രാൻസിസ്. 1996 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വി.എസ്.അച്യുതാനന്ദനെ മാരാരിക്കുളത്തു പരാജയപ്പെടുത്തിയതിന്റെ പേരിൽ ശ്രദ്ധേയനാണ്) 1987 ൽ, കേരം തിങ്ങും കേരളനാട്ടിൽ കെആർ ഗൗരി ഭരിച്ചീടും എന്നു മുദ്രാവാക്യം മുഴങ്ങിയ തിരഞ്ഞെടുപ്പിലാണ് ഞാൻ ആദ്യമായി അരൂരിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്നത്.  അരൂർ എനിക്കു പുതിയതായിരുന്നെങ്കിലും ജില്ലയിലുടനീളം പാർട്ടി പര‍ിപാടികളിൽ സജീവമായിര‍ുന്ന എന്നെ അവിടെ പ്രവർത്തകർക്കു പരിചയമുണ്ടായിരുന്നു.

ചോദിച്ചു വ‍ാങ്ങിയ സ്ഥാനാർഥിത്വമല്ല. പാർട്ടി നിർദേശിച്ചു,  അനുസരിച്ചു. ഗൗരിയമ്മയെ വ്യക്തിപരമായി ആക്രമിക്കുന്ന ഒരു പ്രചാരണവും നടത്തിയില്ല. എൽഡിഎഫിനു ഭ‍ൂരിപക്ഷം ലഭിക്കില്ല, അതുകൊണ്ടു മുഖ്യമന്ത്രിയുമാകില്ലെന്ന മട്ടിലായിരുന്നു ഞങ്ങളുടെ പ്രചാരണം. വോട്ടെണ്ണൽ കേന്ദ്രത്തിൽ ഗൗരിയമ്മ തികഞ്ഞ സൗഹാർദ്ദത്തിലാണു സംസാരിച്ചത്.  അരൂർ പഞ്ചായത്തിലെ വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ എനിക്കു മനസ്സിലായി, കാലുവാരിയിട്ടുണ്ടെന്ന്. ഞാൻ ഗൗരിയമ്മയോടു പറഞ്ഞു– ‘ഗൗരിയമ്മ ചിരിച്ചോളൂ, വിഷമ‍ിക്കാൻ പോകുന്നത് ഞാനാണ്’. വോട്ടെണ്ണിക്കഴിഞ്ഞ്, ‘ഫ്രാൻസിസേ, വീട്ടിൽ പോകാൻ എന്റെ വണ്ടി വേണമെങ്കിൽ എടുത്തോളൂ’– എന്നു സ്നേഹത്തോടെ നിർദേശിക്കുകയും ചെയ്തു. 1991 ൽ, ഞാൻ അരൂരിൽ ഗൗരിയമ്മയ്ക്കെതിരെ വീണ്ടും മത്സരിച്ചു.

ഒരുമിച്ചായിരുന്ന കാലം പരസ്പരം കരുതി ടിവിയും ഗൗരിയമ്മയും

വിവാഹശേഷം ഗൗരിയമ്മയ്‌ക്ക് ഇഷ്‌ടമല്ലാത്തത് ടിവിക്കും ഇഷ്‌ടമല്ലായിരുന്നു. ടിവിക്കു വേണ്ടാത്തത് ഗൗരിയമ്മയ്‌ക്കും. ഭരണത്തിന്റെ അവസാന കാലത്ത് പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്റു മകൾ ഇന്ദിര ഗാന്ധിയുമൊത്ത് തിരുവനന്തപുരത്തുവന്നു. ഇന്ദിരയ്‌ക്കു കൂട്ടായി ഗൗരിയമ്മയെ സർക്കാർ നിയോഗിച്ചു. വിമാനത്താവളത്തിൽനിന്ന് അവരെ സ്വീകരിച്ചു. മുന്നിലെ കാറിൽ നെഹ്റുവിനൊപ്പം മുഖ്യമന്ത്രി ഇഎംഎസ്. പിന്നിലെ കാറിൽ ഇന്ദിരയും ഗൗരിയമ്മയും.

ഇന്ദിരയ്‌ക്കൊപ്പം ഉത്തരേന്ത്യക്കാരനായ ഒരു സഹായിയുമുണ്ട്. പോകുന്ന വഴിയിൽ നെഹ്റുവിന്റെ സന്ദർശന, സ്വീകരണ വിവരങ്ങൾ ഗൗരിയമ്മ ഇംഗ്ലിഷിൽ ഇന്ദിരയോടു വിവരിച്ചുകൊണ്ടിരുന്നു. ഹിന്ദി അറിയാമോ എന്നായി ഇന്ദിര. ഇല്ലെന്നു ഗൗരിയമ്മ മറുപടി പറഞ്ഞപ്പോൾ ഇന്ദിര സഹായിയോട് ഹിന്ദിയിൽ സംസാരമായി. അപമാനിക്കപ്പെടുന്നതായി ഗൗരിയമ്മയ്‌ക്കു തോന്നി. താൻ കേൾക്കേണ്ടാത്തത് എന്തോ പറയുന്നു. - അവർ മനസ്സിലോർത്തു.

പിന്നീട് ഇന്ദിര പലതും ചോദിച്ചുവെങ്കിലും ഗൗരിയമ്മ ഒറ്റവാക്കിൽ മറുപടിയൊതുക്കി. രാജ്‌ഭവനിൽ എത്തിയപ്പോൾ നെഹ്‌റു ഉച്ചയൂണിനു ക്ഷണിച്ചു. ഊണിനു വീട്ടിൽ ടിവി കാത്തിരിക്കുന്നുവെന്നു പറഞ്ഞ് ക്ഷണം നിരസിച്ച് ഗൗരിയമ്മ മടങ്ങി. രാത്രി പ്രധാനമന്ത്രിയുടെ ബഹുമാനാർഥം അത്താഴവിരുന്നിനു ടിവിക്കും ഗൗരിയമ്മയ്‌ക്കും ക്ഷണമുണ്ടായിരുന്നു. പോകുന്നില്ലെന്നു ഗൗരിയമ്മ പറഞ്ഞു. താനുമില്ലെന്നായി ടിവി. ഒടുവിൽ ഇരുവരും വൈകി വിരുന്നിനെത്തി. നെഹ്റുവും ഇന്ദിരയും ഇരുവരുടെയും അടുത്തെത്തി ഫോട്ടോയ്‌ക്കു പോസ് ചെയ്‌തു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com