ADVERTISEMENT

ആലപ്പുഴ ∙ മദ്യവിൽപന പുനരാരംഭിച്ച ആദ്യദിനം വലിയ തിരക്കും ബഹളവുമില്ലാതെ കടന്നുപോയി. ബവ്റിജസ് കോർപറേഷന്റെയും കൺസ്യൂമർഫെഡിന്റെയും ഔട്‌ലെറ്റുകളിലും ബാറുകളിലും രാവിലെ വലിയ തിരക്കുണ്ടായിരുന്നെങ്കിലും ഉച്ചയോടെ കുറഞ്ഞു. വൈകിട്ട് 6 മുതൽ മദ്യവിൽപന അവസാനിപ്പിക്കുന്ന 7  വരെയുള്ള സമയത്തും തിരക്കുണ്ടായിരുന്നു. ഭൂരിഭാഗം മദ്യവിൽപന കേന്ദ്രങ്ങളിലും സാധാരണ ദിവസങ്ങളിലെ വരുമാനമേയുണ്ടായുള്ളൂ. ആലപ്പുഴ നഗരത്തിൽ 15–20 ലക്ഷം രൂപ വിറ്റുവരവുള്ള ഒരു ഔട്‍‌ലെറ്റിൽ ഇന്നലെ വൈകിട്ട് 7 വരെ 15 ലക്ഷം രൂപയുടെ മദ്യവിൽപനയാണു നടന്നത്. ബാറുകളിലും ബവ്‍റിജസ് ഔട്‍ലെറ്റുകളിലും ഒരേ വിലയ്ക്കാണു വിൽപന.

ചിലയിടത്തു തിരക്ക്, ചിലയിടത്തു സാമൂഹിക അകലം

ഭൂരിഭാഗം മദ്യവിൽപന കേന്ദ്രങ്ങളിലും രാവിലെ മുതൽ ആവശ്യക്കാരെത്തി ക്യൂ നിൽക്കുന്നുണ്ടായിരുന്നു. ചിലർ പഴയ ‘ബവ്‍‍ക്യു ആപ്’ എടുത്ത് മദ്യം ബുക്ക് ചെയ്യാനുള്ള ശ്രമവും നടത്തി.കഞ്ഞിക്കുഴിക്കു സമീപത്തെ ബാറിനടുത്ത് മദ്യപർ ചേർന്നു പടക്കം പൊട്ടിച്ചു. ചില ബാറുകളിൽ മദ്യത്തിന്റെ വില സംബന്ധിച്ചു തർക്കമുണ്ടായതിനെത്തുടർന്ന് പലരും ബാറിനു മുന്നിൽ സ്റ്റോക്കുള്ള മദ്യത്തിന്റെ വില പ്രദർശിപ്പിച്ചു.ബവ്റിജസ് ഔട്‍ലെറ്റുകൾക്കും ബാറുകൾക്കും സമീപം പൊലീസും എക്സൈസും കാവലുണ്ടായിരുന്നു.

സാമൂഹിക അകലം പാലിക്കാനും മാസ്ക് ധരിക്കാത്തവരെ പിടിക്കാനും പൊലീസ് നിന്നതിനാൽ പലയിടങ്ങളിലും സുരക്ഷിത അകലത്തിലായിരുന്നു ക്യൂ.ക്യൂ നിന്ന ചിലർ മാസ്ക് താഴ്ത്തിയപ്പോൾ ഒപ്പം നിന്നവർ പറഞ്ഞു. ‘മാസ്ക് നേരെ ധരിക്കൂ ചേട്ടാ, പൊലീസ് വന്നാൽ ഉള്ളതുകൂടി ഇല്ലാതാകും. മജിസ്ട്രേട്ട് എങ്ങാനും വന്നാൽ പിന്നെ പറയേണ്ട... കുഴപ്പമുണ്ടാക്കരുത്. ഞങ്ങളും ഒന്നു വാങ്ങിച്ചോട്ടെ.’

മദ്യം തീരുമോ? ബാറുകൾക്ക് ആശങ്ക

ലോക്ഡൗൺ ആരംഭിക്കുന്നതിനു മുൻപു സംഭരിച്ച സ്റ്റോക്ക് ഉപയോഗിച്ചാണ് എല്ലാ വിദേശമദ്യ വിൽപനശാലകളിലും ഇന്നലെ വിതരണം നടത്തിയത്. ജില്ലയിലെ വെയർഹൗസിൽ ആവശ്യത്തിനു മദ്യം സ്റ്റോക്കുണ്ട്. ബവ്റിജസ് കോർപറേഷന്റെയും കൺസ്യൂമർഫെഡിന്റെയും ഔട്‍ലെറ്റുകളിൽ സ്റ്റോക്ക് ആവശ്യത്തിനുണ്ട്. തീർന്നാലുടൻ വെയർഹൗസിൽനിന്ന് എത്തിക്കാനുമാകും.

എന്നാൽ, ബാറുകളിൽ സ്റ്റോക്കുള്ള മദ്യം തീർന്നാൽ ലഭിക്കാൻ അൽപം സമയമെടുക്കും. ബാറുകൾ മദ്യത്തിനുള്ള തുക മുൻകൂട്ടി ബാങ്കിൽ അടയ്ക്കണമെന്നു വ്യവസ്ഥയുണ്ട്. ഇന്നലെ ബാങ്ക് പ്രവർത്തിക്കാത്തതിനാൽ മുൻകൂട്ടി പണമടച്ച് ചെലാൻ ഹാജരാക്കാൻ‍ ഭൂരിഭാഗം ബാറുകൾക്കും കഴിഞ്ഞിട്ടില്ല. സ്റ്റോക്ക് ആവശ്യമുള്ളവർ ഇന്നു രാവിലെ തന്നെ ബാങ്ക് ഇടപാടുകൾ പൂർത്തിയാക്കേണ്ടി വരും. ഇല്ലെങ്കിൽ ഉച്ചയോടെ സ്റ്റോക്ക് തീരുമെന്ന് ഒരു ബാറുടമ പറഞ്ഞു.

ഹെൽമറ്റ് വച്ചാൽ നാലുണ്ട് കാര്യം

ബവ്റിജസിലെ നിരയിൽ ഹെൽമറ്റ് ധാരികളായ യുവാക്കളെക്കണ്ടു സ്ഥിരം ഗുണഭോക്താക്കൾ പറഞ്ഞു – ഇവർക്ക് ഇത്ര പേടിയുണ്ടേൽ എന്തിനാ വന്നത്? ഉടൻ മറുപടിയും വന്നു – ‘അമ്മാവാ... ഹെൽമറ്റ് ധരിച്ചാൽ മാസ്ക്കിനു പുറമേയുള്ള കൊറോണ പ്രതിരോധമാണ്. വെയിലു കൊള്ളില്ല. പരിചയക്കാർ തിരിച്ചറിയില്ല. പിന്നെ ഹെൽമറ്റ് ആരും അടിച്ചുമാറ്റുകയുമില്ല’.

തിരക്കു കൂട്ടിയാൽ പടത്തിലാക്കും

മാന്നാറിലെ ബാറിൽ മദ്യം വാങ്ങാൻ രാവിലെ വലിയ തിരക്കായിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ പൊലീസും എക്സൈസുമെത്തി. അവർ തിരക്കു കൂട്ടുന്നവരുടെ ഫോട്ടോയെടുക്കാൻ തുടങ്ങിയതോടെ പലരും വലിഞ്ഞു. നിശ്ചിത ഇടവേളകളിൽ പൊലീസ് സംഘമെത്തി ഫോട്ടോയെടുക്കുന്നുവെന്ന് അറിഞ്ഞതോടെ ചിലർ ബാറിൽ കയറാൻ മടിച്ചു. ബാറിൽ വില കൂടുതലാണെന്നു കരുതിയും ചിലർ കയറാൻ മടിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com