ADVERTISEMENT

ഇന്ന് ഡോക്ടേഴ്സ് ഡേ. ആദരവും നന്ദിയും സ്വീകരിക്കാൻ പോലും അവർക്ക് നേരമില്ല,  കോവിഡ് കാലത്ത് ഊണും ഉറക്കവും ഉപേക്ഷിച്ച് അവർ നാടിനെ തലോടുന്നു. വിശ്രമമില്ലാത്ത ജോലിക്കിടയിലും അവരിൽ ചിലർ ആക്രമണങ്ങൾ നേരിട്ടു. കുറ്റപ്പെടുത്തലുകൾ കേട്ടു. പരാതിയുണ്ടെങ്കിലും അവർ ജനങ്ങളുടെ ആരോഗ്യം കാക്കാൻ പൊരുതുകയാണ്. കോവിഡ് കാലത്തെ ഡോക്ടർമാരുടെ അനുഭവങ്ങൾ, അവരുടെ പരിചരണത്തെപ്പറ്റിയുള്ള രോഗികളുടെയും ജനങ്ങളുടെയും ഓർമകൾ. ചിലതു വായിക്കാം.

കോവി‍ഡ് കാലത്തെ പിഎസ്‌സി പരീക്ഷ

വലിയ പരീക്ഷയാണ് കോവിഡ്. ‘കോവിഡ് പരീക്ഷയ്ക്കിടെ’ മാവേലിക്കര സിഎഫിഎൽടിസിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ചേപ്പാട് സ്വദേശിനി അഞ്ജനയ്ക്കു പിഎസ്‌സി പരീക്ഷ എഴുതാൻ അവസരമൊരുക്കിയതാണ് ഡോക്ടർമാരായ ഷിബു ഖാന്റെയും ജയകുമാറിന്റെയും മനസ്സിൽ തങ്ങിനിൽക്കുന്നത്.

കോവിഡ് ബാധിച്ചതോടെ പരീക്ഷ എഴുതാനാകുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ട അഞ്ജനയ്ക്ക് ആവശ്യമായ രേഖകൾ ക്രമീകരിക്കാനും ആംബുലൻസിൽ പോകാനുമുള്ള ക്രമീകരണം ഒരുക്കിയത് മുതുകുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഇഎൻടി സർജൻ ഡോ. എം.ഷിബു ഖാനും, കുറത്തികാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ ഡോ. വി.വി.ജയകുമാറുമാണ്. ഒരു വർഷത്തിനുള്ളിൽ രണ്ടായിരത്തോളം പേർക്കാണ് ഇരുവർക്കും ചുമതലയുള്ള മാവേലിക്കരയിൽ സിഎഫിഎൽടിസിയിൽ ചികിത്സ നൽകിയത്.

വീടുകളിലേക്കു നീളുന്ന ആശ്വാസം

ഡോ.വി.വി. ജയകുമാർ, ഡോ.എം.ഷിബുഖാൻ

മകൻ ഇഹാന് മാസങ്ങൾ മാത്രം പ്രായമുള്ളപ്പോഴാണ് കോവിഡ് നാട്ടിൽ പടർന്നുപിടിക്കുന്നത്. മകനെ നോക്കാനായി എടുക്കാനിരുന്ന അവധി വേണ്ടെന്നുവച്ചു ഡോ. ഷാഹിദ നസീർ കർമപഥത്തിൽ സജീവമായി. കലവൂർ ഗവ. കുടുംബാരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന ഡോ. ഷാഹിദ കോവിഡ് കാലത്ത് ആയിരത്തോളം കിടപ്പുരോഗികളെയാണ് വീടുകളിലെത്തി ചികിത്സിച്ചത്. കോവിഡ് വ്യാപകമാവുകയും മരണങ്ങൾ സംഭവിക്കുകയും ചെയ്തതോടെ കിടപ്പുരോഗികളും വയോധികരും ഏറെ ആശങ്കയിലായിരുന്നു. ആശുപത്രിയിലെ ഒപി സമയത്തെ പരിശോധന കഴിഞ്ഞാൽ ഹോം ക്വാറന്റീനിലുള്ളവർക്ക് ഫോണിലൂടെ നിർദേശങ്ങൾ നൽകിയും ഡോ.ഷാഹിദ സജീവമാണ്.

ഡോ.ഷാഹിദ നസീർ.

ഡോക്ടർ 24*7

കോവിഡ് കാലത്തെ ഡോ. പി.വിനോദിന്റെ സേവനം കുട്ടനാട്ടുകാർക്ക് മറക്കാനാകില്ല. ഏതു സമയത്തും രാമങ്കരി പിഎച്ച്സിയിൽ ഒരു വിളിക്കപ്പുറം ഡോക്ടറുണ്ടാകും. കോവിഡ് ബാധിച്ച ഒരു കുടുംബത്തിലെ കിടപ്പുരോഗി മരിച്ചപ്പോൾ നാട്ടുകാരുടെ ആശങ്ക മാറ്റാൻ ആ വീട്ടിലെത്തി എല്ലാവർക്കും പരിശോധന നടത്തിയതും, മരിച്ചയാളുടെ സംസ്കാരത്തിനു നേതൃത്വം നൽകിയതും ഡോ. വിനോദാണ്. രാമങ്കരി പഞ്ചായത്തിൽ കുതിച്ചുയർന്ന കോവിഡ് സ്ഥിരീകരണ നിരക്ക് കുത്തനെ കുറയ്ക്കുന്നതിലും ഡോക്ടറുടെ വലിയ അധ്വാനമുണ്ടെന്നു ഒപ്പമുള്ള സഹപ്രവർത്തകരും പറയുന്നു.

ഡോ. പി. വിനോദ്

മുനിച്ചാമി എന്ന മധുരം

പഠനം കഴിഞ്ഞ് ആദ്യമായി ഒപിയിലെത്തിയത് വലിയ ഗമയിലാണ്. വേഷവും പെട്ടിയുമൊക്കെ ഡോക്ടറായതിന്റെ അഭിമാനം വിളിച്ചുപറയുന്നതായിരുന്നു. പക്ഷേ, കുറേനേരത്തേക്ക് ആരും മൈൻഡ് ചെയ്യുന്നില്ല. അപ്പോഴാണ് മുനിച്ചാമി മുന്നിലെത്തിയത്. തമിഴ്നാട്‌ സ്വദേശിയായ യാചകൻ. കുഷ്ഠരോഗം വന്നു മാറുന്നതിന്റെ വടുക്കൾ കാലിലൊക്കെയുണ്ട്. ഇങ്കെ പെരിയ ഡാക്ടർ യാര്? – മുനിച്ചാമി എന്നോടു ചോദിച്ചു.

ഞാൻ തന്നെയെന്ന് ഒതുക്കത്തിൽ പറഞ്ഞു. എന്നിട്ട് മരുന്നു വാങ്ങാൻ ആരുമില്ലല്ലോ എന്നു മുനിച്ചാമി. എല്ലാവരെയും നോക്കിക്കഴിഞ്ഞെന്ന് ഞാൻ കാച്ചി. പ്രശ്നങ്ങൾ പറഞ്ഞപ്പോൾ തന്നെ ഞാൻ മുനിച്ചാമിയെ അ‍ഡ്മിറ്റാക്കി! പക്ഷേ, വ്രണങ്ങളിൽ മരുന്നു വയ്ക്കാൻ നഴ്സുമാർക്ക് മടി. നീ തന്നെ ചെയ്യെന്നു സീനിയർ ഡോക്ടർ‍. ഞാൻ തന്നെ മരുന്നുവച്ചു. മുനിച്ചാമിക്കു സന്തോഷമായി. അടുത്ത ദിവസങ്ങളിൽ ഒന്നൊഴികെ എല്ലാ വ്രണവും കരിഞ്ഞു. ഒരു ദിവസം മുനിച്ചാമിയെ കാണാതായി.

ഡോ. സാബു സുഗതൻ

ഒരു ദിവസം വീട്ടിലിരിക്കുമ്പോൾ ആരോ കോളിങ് ബെല്ലടിച്ചു. അമ്മ ചെന്നു നോക്കി. മുനിച്ചാമിയാണ്. ഡോക്ടറില്ലേ എന്ന് മുനിച്ചാമി അന്വേഷിച്ചു. എന്റെ അച്ഛൻ വൈദ്യനായതിനാൽ ആരെ കാണാനാണെന്ന് അമ്മ തിരക്കി. എന്നെത്തന്നെയാണ് അന്വേഷിക്കുന്നതെന്നു മനസ്സിലായപ്പോൾ അമ്മയ്ക്കു സന്തോഷം. മകൻ ഡോക്ടറായതിൽ പിന്നെ ഒരാൾ തേടിയെത്തിയിരിക്കുന്നു. ആശുപത്രിയിൽനിന്നു മുങ്ങിയതിന് ഞാൻ മുനിച്ചാമിയെ ശാസിച്ചു. അയാൾ സാഹചര്യം വിശദീകരിച്ചു:

ഡോക്ടറെ സന്ദർശിക്കുമ്പോൾ ചില ചടങ്ങൊക്കെയുണ്ടല്ലോ. കയ്യിൽ കാശില്ലായിരുന്നു. അതിനാൽ ഒന്നു ചുറ്റാൻ പോയതാണ്. കയ്യിലെ പൊതി താഴെ വച്ച് മുനിച്ചാമി പിന്നോട്ടു മാറിനിന്നു. അച്ഛൻ പറഞ്ഞു: ഡോക്ടർക്ക് എന്തെങ്കിലും കൊടുക്കുന്നത് താഴെ വച്ചാണോ, കയ്യിൽ കൊടുക്ക്. ഞാൻ പൊതി തുറന്നു. അര കിലോഗ്രാം മാങ്ങ.എന്റെ ആദ്യത്തെയും അവസാനത്തെയും കൈക്കൂലിയും അവാർഡുമായിരുന്നു അത്. ഇന്ന് മുന്നിലെത്തുന്ന ഓരോ ആളിലും ഞാൻ മുനിച്ചാമിയെ കാണുന്നു.

ആഘോഷങ്ങൾക്ക് അവധി

കോവിഡ് നോഡൽ ഓഫിസറായതോടെ ഓണവും ക്രിസ്മസും ഈസ്റ്ററും വീട്ടിലെ മറ്റു വിശേഷങ്ങളും മറന്നതാണ് ഡോ. ജൂബി ജോൺ. കഴിഞ്ഞ വർഷം ജനുവരി 30ന് ജില്ലയിലെ ആദ്യ കോവിഡ് കേസ് വന്ന കാലം മുതൽ ഒന്നേകാൽ വർഷം മെഡിക്കൽ കോളജ് ആശുപത്രിയിലെ നോഡൽ ഓഫിസറായിരുന്നു മെഡിസിൻ വിഭാഗം അസിസ്റ്റന്റ് പ്രഫസറായ ഡോ. ജൂബി. മുന്നിൽ മാതൃകകൾ ഇല്ലാത്ത, ആശങ്കകളുടെ സമയത്താണ് ഐസലേഷൻ വാർഡ് ഉൾപ്പെടെ സജ്ജീകരിച്ചത്. 5 വാർഡുകളിലും 2 തീവ്രപരിചരണ വിഭാഗത്തിലുമായി ഒരുക്കിയ 380 കിടക്കകളിൽ ഇതിനകം ചികിത്സിച്ചു സുഖപ്പെടുത്തിയത് 7,500ൽ ഏറെപ്പേരെയാണ്. ചികിത്സാ വിഭാഗത്തിന്റെ മേൽനോട്ടം ഡോ. ജൂബിക്കായിരുന്നു.

ഡോ. ജൂബി ജോൺ.

മനസ്സുലയ്ക്കുന്ന ഓർമകൾ

കോവിഡ് ബാധിച്ചു മരിച്ച 40 വയസ്സുള്ള മകന്റെ ശരീരം അവസാനമായൊന്നു കാണാനും അന്ത്യചുംബനം നൽകാനും കഴിയാതെ മനസ്സിന്റെ കരുത്ത് നഷ്ടപ്പെട്ട റിട്ട. കോളജ് അധ്യാപികയുടെ മുഖം ഡോ. മധുവിന്റെ മനസ്സിൽ നിന്നു മായുന്നില്ല.  ഹരിപ്പാട്ടെ കോവിഡ് ചികിത്സാ കേന്ദ്രത്തിലെ സേവനത്തിനിടെ ഉള്ളുലയ്ക്കുന്ന ഒരുപാട് അനുഭവങ്ങൾക്ക് ഡോ. മധു ജെ.കണ്ടത്തിൽ സാക്ഷിയായി.

ഡോ.ജി.മധു.

കോവിഡ് ബാധിച്ചു മരിച്ച ഇളയ സഹോദരനെയും, സംസ്കാര ദിവസം മരിച്ച അമ്മയെയും ഒന്നു കാണാൻ കഴിയാതെ, മരണഭയത്താൽ മോഹാലസ്യപ്പെട്ട് വാർഡിൽ വീണ ചെറുപ്പക്കാരനും ഭർത്താവും അമ്മയും നഷ്ടപ്പെട്ട യുവതി കോവിഡിന്റെ അസ്വസ്ഥതയിലും ദുഃഖം കടിച്ചമർത്തി കിടന്നപ്പോൾ അവളെ ആശ്വസിപ്പിക്കാൻ വാക്കുകൾ തേടി പരാജയപ്പെട്ടതും നോവായി മനസ്സിലുണ്ടെന്ന് ഡോ. മധു പറയുന്നു.

മസ്തിഷ്കാഘാത ചികിത്സയിലെ മികവ്

മസ്തിഷ്ക ആഘാതം സംഭവിച്ചു നാലര മണിക്കൂറിനകം ആശുപത്രിയിൽ എത്തിച്ചാൽ രോഗിയെ രക്ഷപ്പെടുത്താനുതകുന്ന ആധുനിക സൗകര്യങ്ങൾ ആലപ്പുഴ മെഡിക്കൽ കോളജിലെ ന്യൂറോ മെഡിസിൻ വിഭാഗത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) കഴിഞ്ഞാൽ ഈ സൗകര്യമുള്ള രാജ്യത്തെ ഏക സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയാണ് ആലപ്പുഴ.

ഡോ. സി.വി.ഷാജി

പക്ഷാഘാതം സംഭവിച്ചാൽ ഒരു സെക്കൻഡ് പോലും പാഴാക്കാതെ ആളെ എത്തിക്കുകയാണ് പ്രധാനം. അത്യാഹിത വിഭാഗം റിപ്പോർട്ട് ചെയ്താൽ പിന്നീടുള്ള സ്കാനിങ് ഉൾപ്പെടെ ന്യൂറോ വിഭാഗത്തിലെ ഡോക്ടർമാർ തന്നെ ചെയ്യും. റേഡിയോളജി, ജനറൽ മെഡിസിൻ, പുനരധിവാസ ചികിത്സ തുടങ്ങിയ വിഭാഗങ്ങളും ഒപ്പമുണ്ടാകും.

തലച്ചോറിൽ രക്തം കട്ട പിടിക്കുന്നത് നീക്കം ചെയ്യാനുള്ള 44,000 രൂപ വിലയുള്ള മരുന്ന് വളരെ പെട്ടെന്നു സൗജന്യമായി ലഭിക്കും. തുടർന്ന് ഒരു ദിവസം കൊണ്ട് പൂർണ സുഖം പ്രാപിച്ച് രോഗിക്ക് വീട്ടിലേക്ക് പോകാമെന്നും വകുപ്പ് മേധാവി ഡോ. സി.വി.ഷാജി പറയുന്നു. 2010ൽ ആണ് സംസ്ഥാനത്തെ ചില സ്വകാര്യ ആശുപത്രികളിൽ ഈ ചികിത്സ തുടങ്ങിയത്. സർക്കാർ മേഖലയിൽ ആദ്യമായി 2017ൽ മെഡിക്കൽ കോളജിൽ ആരംഭിച്ച ശേഷം വർഷം 300 രോഗികളെ വരെ ഇവിടെ ചികിത്സിച്ചിട്ടുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com