ADVERTISEMENT

മാവേലിക്കര ∙ ഡോക്ടേഴ്സ് ദിനത്തിൽ ‘മാവേലിക്കര സംഭവം’ മറക്കാതെ ഡോക്ടർമാർ. ഇന്നലെ മേഖലയിലെ ഭൂരിഭാഗം ഡോക്ടർമാരുടെയും വാട്സാപ് സ്റ്റാറ്റസ്, മാവേലിക്കര ജില്ലാ ആശുപത്രിയിൽ ഡോ.രാഹുൽ മാത്യുവിനു മർദനമേറ്റ സംഭവത്തെ ഓർമിപ്പിച്ചു.

“നോ ഹാപ്പി ഡോക്ടേഴ്സ് ഡേ. കുനിച്ചുനിർത്തി കൂമ്പിന് ഇ‌ടിക്കരുതേ, വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുതേ. ഒരു ഡോക്ടറെ തല്ലിയാലും ഈ നാട്ടിൽ ഒന്നും സംഭവിക്കാനില്ലെന്നു കാണിച്ചു തന്നതാണ് മാവേലിക്കര സംഭവം” തുടങ്ങിയ കമന്റുകൾ സ്റ്റാറ്റസുകളിൽ നിറഞ്ഞു. കൈ ഒടിഞ്ഞു പ്ലാസ്റ്റർ ഇട്ടിരിക്കുന്ന ഡോക്ടർ, നെറ്റിയിൽ മുറിവേറ്റ് ബോക്സിങ് ഗ്ലൗസ് ധരിച്ച ഡോക്ടർ തുടങ്ങിയ ചിത്രങ്ങളും പോസ്റ്ററുകളും ചിലർ സ്റ്റാറ്റസാക്കി.

മേയ് 14ന് ഡോ.രാഹുൽ മാത്യുവിനെ സിവിൽ പൊലീസ് ഓഫിസർ മർദിച്ച സംഭവത്തിൽ പ്രതിഷേധം അടങ്ങിയിട്ടില്ല. കേരള ഗവ.മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) പുറത്തിറക്കിയ ഡോക്ടേഴ്സ് ദിന സന്ദേശത്തിൽ, മാവേലിക്കര സംഭവത്തിലെ കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിച്ച് സമയബന്ധിതമായി ശിക്ഷ വാങ്ങിനൽകണമെന്ന് ആവശ്യപ്പെടുന്നു.

കരുതലൊരുക്കിയവർക്ക് ആദരം

ആലപ്പുഴ ∙ കോവിഡ് കാലത്തും സേവന രംഗത്ത് സജീവമായിരുന്ന ഡോക്ടർമാരെ ആദരിച്ച് ഡോക്ടേഴ്സ് ദിനം ആചരിച്ചു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷനും സംയുക്തമായി നടത്തിയ ദിനാചരണം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. മാവേലിക്കര ജില്ലാ ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറെ മർദിച്ച പ്രതി എത്ര ഉന്നതനായാലും സംരക്ഷിക്കപ്പെടില്ലെന്നു മന്ത്രി പറഞ്ഞു. കാൻസർ രോഗ വിദഗ്ധൻ ഡോ.പി.ജി. ബാലഗോപാലന് ഐഎംഎയും ഫൗണ്ടേഷനും ഏർപ്പെടുത്തിയ പുരസ്കാരം മന്ത്രി വിതരണം ചെയ്തു.

മെഡിക്കൽ കോളജ് ആശുപത്രിയിൽ പക്ഷാഘാത യൂണിറ്റ് സ്ഥാപിക്കാൻ നേതൃത്വമെടുത്ത ഡോ.സി.വി.ഷാജി, സീനിയർ ഡോക്ടർമാരായ എം.കണ്ണൻ, ഗിരിജ മോഹൻ, എൽസി വർക്കി, ഡോ.ആർ.മണികുമാർ എന്നിവരെ എ.എം.ആരിഫ് എംപിയും എച്ച്.സലാം എംഎൽഎയും ചേർന്നു ആദരിച്ചു. പി.പി.ചിത്തരഞ്ജൻ അധ്യക്ഷത വഹിച്ചു. ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.പി.ടി.സഖറിയ, ഡോ.ബി.പത്മകുമാർ, ഡോ.എ.പി.മുഹമ്മദ്, കെ.നാസർ, ഹാജിറ നാസർ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com