ADVERTISEMENT

ചേർത്തല ∙ കടക്കരപ്പള്ളിയിൽ യുവതിയുടെ കൊലപാതകക്കേസിലെ പ്രതി രതീഷിനെ പിടികൂടാൻ പൊലീസിന് നിർണായകമായത് വിദേശത്തു നിന്നു ലഭിച്ച  ഇന്റർനെറ്റ് കോൾ. ശനിയാഴ്ച വൈകിട്ട് ആറരയോടെ പട്ടണക്കാട് എസ്ഐ: ആർ.എൽ. മഹേഷിന്റെ ഒൗദ്യോഗിക നമ്പറിലേക്കാണ് അജ്ഞാതന്റെ വിളി വന്നത്. പ്രതി ചെങ്ങണ്ടയിലെ ബന്ധുവീട്ടിലുണ്ടാകും എന്നു പറയുകയും അവിടുത്തെ നമ്പർ നൽകുകയും ചെയ്തു.

രതീഷിന്റെ ബന്ധുവീടായിരുന്നു ഇത്. ഉടൻ പൊലീസ് അവിടെയെത്തി. പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഓടിച്ചിട്ടാണ് പിടികൂടിയത്. ചെങ്ങണ്ടയിൽ എത്തുന്നതിനു മുൻപ് വേറെ രണ്ടു ബന്ധുവീടുകളിലും രതീഷ് എത്തിയതായി പൊലീസിന് വിവരം ലഭിച്ചു. ചങ്ങനാശേരി, മുത്തൂർ, പത്തനംതിട്ട, കൊല്ലം എന്നിവിടങ്ങളിലെ ബന്ധുവീടുകളിൽ പ്രതിയെത്താൻ സാധ്യതയുണ്ടെന്ന വിവരം ലഭിച്ചതോടെ അവിടെയും മഫ്തിയിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ  നിരീക്ഷണമുണ്ടായിരുന്നു. 

മംഗലാപുരത്തെ സുഹൃത്തിന്റെ അടുക്കലേക്ക് ഇയാൾ കടന്നേക്കാമെന്ന സൂചനയെ തുടർന്ന് അവിടേക്ക് പുറപ്പെടാനും പൊലീസ് ആലോചിച്ചു. രതീഷിന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകൾ, അവരുടെ ഫോൺ വിളികൾ തുടങ്ങിയവ  പരിശോധിക്കുന്നതിനും ക്രമീകരണം ചെയ്തു. പ്രതി സ്കൂട്ടറിൽ കടന്നതിനാൽ പെട്രോൾ ബങ്കുകൾ, ജില്ലാ അതിർത്തിയിലെ സുരക്ഷാ ക്യാമറകൾ തുടങ്ങിയവയും നിരീക്ഷിക്കുന്നുണ്ടായിരുന്നു. എല്ലാവരുടെയും കൂട്ടായ പ്രയത്നത്തിലൂടെയാണ് പ്രതിയെ വേഗം പിടികൂടാനായതെന്നു പട്ടണക്കാട് സിഐ ആർ.എസ്. ബിജുമോൻ പറഞ്ഞു.

സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ താൽക്കാലിക നഴ്സായ ഹരികൃഷ്ണ ഡ്യൂട്ടി കഴിഞ്ഞ് 23നു രാത്രി ചേർത്തല തങ്കിക്കവലയിൽ എത്തിയപ്പോൾ രതീഷ് സ്കൂട്ടറിൽ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. ഒപ്പം ജോലി ചെയ്യുന്ന യുവാവുമായുള്ള ഹരികൃഷ്ണയുടെ അടുപ്പത്തെക്കുറിച്ചു ചോദിച്ച് മർദിക്കുകയും കഴുത്തിൽ കുത്തിപ്പിടിച്ച് ജനലിൽ തലയിടിപ്പിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ ഹരികൃഷ്ണ ബോധരഹിതയായി നിലത്തുവീണു. തുടർന്ന് പീഡിപ്പിച്ച ശേഷം മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നു.

മരണം ഉറപ്പിച്ചശേഷം മൃതദേഹം മറവുചെയ്യാൻ പുറത്തെത്തിച്ചു. അവിടെ വച്ചും ചവിട്ടി. ഇതെത്തുടർന്ന് എല്ലുകൾ ഒടിഞ്ഞിട്ടുണ്ട്. മഴ വരുമെന്നു കരുതി കുഴിച്ചുമൂ‌ടാനുള്ള ശ്രമം ഉപേക്ഷിച്ച് മൃതദേഹം വീണ്ടും മുറിക്കുള്ളിലെത്തിച്ച ശേഷം കടന്നുകളഞ്ഞു. ഇങ്ങനെയാണ് മൃതദേഹത്തിൽ മണൽ പുരണ്ടത്. തലയ്ക്കിടിയേറ്റപ്പോൾ തലച്ചോറിലുണ്ടായ രക്തസ്രാവവും ശ്വാസംമുട്ടിച്ചതുമാണ് മരണകാരണമായി പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.

ഹരികൃഷ്ണയുടെ സംസ്കാരം നടത്തി.ചേർത്തല ഡിവൈഎസ്പി വിനോദ് പിള്ള, പട്ടണക്കാട് സിഐ ആർ.എസ്.ബിജു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതിയെ തെളിവെടുപ്പിനും കൂടുതൽ ചോദ്യം ചെയ്യുന്നതിനുമായി കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് അപേക്ഷ നൽകി. 

ഹരികൃഷ്ണയ്ക്ക് നാടിന്റെ യാത്രാമൊഴി 

ചേർത്തല ∙ ഇന്നലെ ഉച്ചതിരിഞ്ഞ് പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടിലെത്തിച്ച് മൃതദേഹം സംസ്കരിച്ചു. ഹരികൃഷ്ണയുടെ സുഹൃത്തുക്കളും ബന്ധുക്കളും അടക്കം ഒട്ടേറെപ്പേർ അന്ത്യാഞ്ജലി അർപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com