മരണം ഉറപ്പിച്ച ശേഷവും മൃതദേഹത്തിൽ ചവിട്ടി; നഴ്സ് വധക്കേസിൽ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ്

 കടക്കരപ്പള്ളിയിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ  പൊലീസ് തെളിവെടുപ്പിന്  കൊണ്ടുവന്നപ്പോൾ കാണാൻ  തടിച്ചുകൂടിയവർ. 			           ചിത്രം:മനോരമ
കടക്കരപ്പള്ളിയിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ പൊലീസ് തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ കാണാൻ തടിച്ചുകൂടിയവർ. ചിത്രം:മനോരമ
SHARE

തെളിവെടുപ്പ് ഇന്നും തുടരും, കൊലപ്പെടുത്തിയത് എങ്ങനെയെന്നു പ്രതി വിവരിച്ചു

ചേർത്തല ∙ കടക്കരപ്പള്ളിയിൽ നഴ്സിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. നടപടി ഇന്നും തുടരും. കൊലപ്പെടുത്തിയത് എങ്ങനെയെന്നു പ്രതി വിവരിക്കുകയും ഡമ്മിയിൽ ചെയ്തു കാണിക്കുകയും ചെയ്തു.4 ദിവസത്തേക്കാണ് പ്രതിയെ കസ്റ്റഡിയിൽ ലഭിച്ചത്. 29ന് വൈകിട്ട് തിരികെ കോടതിയിൽ ഹാജരാക്കും.സംഭവം നടന്ന വീട്ടിൽ ഇന്നലെ രാവിലെ പ്രതിയെ എത്തിച്ചു. വിരലടയാള വിദഗ്ധരും  പൊലീസിനൊപ്പം  ഉണ്ടായിരുന്നു.

യുവതിയെ സ്കൂട്ടറിൽ വീട്ടിലെത്തിച്ച് അകത്ത് ഇരുത്തിയ ശേഷം യുവതിയുടെ കൂടെ ജോലി ചെയ്യുന്ന ആളെക്കുറിച്ചു ചോദിക്കുകയും തർക്കമുണ്ടാകുകയും മർദിക്കുകയും ചെയ്തെന്നു പ്രതി വെളിപ്പെടുത്തി. യുവതിയെ പ്രതി കഴുത്തിന് കുത്തിപ്പിടിച്ച് തല ജനലിൽ ഇടിപ്പിച്ചു. ബോധരഹിതയായി നിലത്തു വീണ യുവതിയെ പീഡിപ്പിച്ച ശേഷം മൂക്കും വായും പൊത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പ്രതിയുടെ മൊഴി.

മരണം ഉറപ്പിച്ച ശേഷം മൃതദേഹം മറവു ചെയ്യാൻ മുറ്റത്തേക്ക് ഇറക്കാൻ ശ്രമിച്ചു. നടക്കല്ലിൽ വച്ച മൃതദേഹം കമഴ്ന്നു മണ്ണിൽ വീണു. അപ്പോൾ മുതുകിൽ ആഞ്ഞു ചവിട്ടി.   മഴ ചാറിയതിനാൽ മൃതദേഹം സ്വന്തം ദേഹത്തു ചേർത്ത് വലിച്ചിഴച്ച് വീട്ടിലെ മറ്റൊരു മുറിയിൽ എത്തിച്ച ശേഷം കടന്നുകളയുകയായിരുന്നു. ഇതെല്ലാം പ്രതി വിവരിച്ചു.  ജോലി കഴിഞ്ഞു വന്ന തന്നെ സ്വന്തം വീട്ടിലെത്തിക്കാതെ പ്രതിയുടെ വീട്ടിലെത്തിച്ചത് എന്തിനെന്ന് വീട്ടിലേക്കു കയറുന്നതിനു മുൻപ് യുവതി ചോദിച്ചിരുന്നു.

ഒപ്പം ജോലി ചെയ്യുന്ന ആളെക്കുറിച്ചു സംസാരിക്കാനാണ് എന്നു പറഞ്ഞാണ് മുറിക്കുള്ളിൽ ഇരുത്തിയത്. മൃതദേഹം മറവു ചെയ്യാൻ പുറത്തെത്തിച്ച സമയത്ത് യുവതിയുടെ വീട്ടിൽ നിന്നു പ്രതിയുടെ ഫോണിലേക്കു വിളിച്ചു. യുവതി അന്നു വീട്ടിലേക്കു വരില്ലെന്നു പ്രതി മറുപടി പറഞ്ഞു.  എന്നാൽ, അതിനു ഒരു മണിക്കൂർ മുൻപ് യുവതിയെ വീട്ടുകാർ വിളിച്ചപ്പോൾ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു എന്നു മറുപടി ലഭിച്ചിരുന്നു. ഇത് വീട്ടുകാരിൽ സംശയമുണ്ടാക്കി.

ഒപ്പം ജോലി ചെയ്യുന്നയാളെ യുവതി വിവാഹം കഴിക്കാൻ സമ്മതിക്കില്ലെന്നും അങ്ങനെ ഉണ്ടായാൽ യുവതിയെയും ഒപ്പം ജോലി ചെയ്യുന്നയാളെയും തന്റെ രണ്ടു മക്കളെയും കൊന്നശേഷം നാടുവിടുമെന്നും  പ്രതി നേരത്തെ വീട്ടുകാരോടു പറഞ്ഞിരുന്നതായി പൊലീസ് വ്യക്തമാക്കി. ഇതിന്റെ രേഖകൾ പൊലീസിന് ലഭിച്ചു.

2 വർഷമായി അമിത സ്വാതന്ത്ര്യം എടുത്ത് യുവതിയെ വരുതിയിലാക്കാൻ പ്രതി ശ്രമിച്ചിരുന്നു. സംഭവദിവസം യുവതി വീട്ടിലെത്തിയില്ലെന്ന് അറിഞ്ഞ് ഒപ്പം ജോലി ചെയ്യുന്നയാൾ അയാളുടെ വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞിരുന്നു. ചേർത്തല ഡിവൈഎസ്പി  വിനോദ് പിള്ള, പട്ടണക്കാട് സിഐ ആർ.എസ്.ബിജുമോൻ, എസ്ഐ ആർ.എൽ.മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN alappuzha
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA