ADVERTISEMENT

തുറവൂർ ∙ കുട്ടിക്കാലം മുതൽ അച്ഛനൊപ്പം കായലിൽ വല വലിക്കാനിറങ്ങിയ ജ്യോതിഷിന് മത്സ്യമേഖലയിലെ വിഷയങ്ങളെ ആസ്പദമാക്കി നടത്തിയ ഗവേഷണത്തിന് പിഎച്ച്‌‍ഡി. എംജി സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ കെ.ടി. ജ്യോതിഷ് അരൂർ കാവലുങ്കൽ പി.എസ്.തങ്കപ്പന്റെയും വിലാസിനിയുടെയും മകനാണ്.ഉപജീവനത്തിനായി അച്ഛനും സഹോദരനുമൊപ്പം വലയിടാൻ പോകുന്ന ജ്യോതിഷിന്, പിഎച്ച്ഡിക്കു വിഷയം കണ്ടെത്താൻ ബുദ്ധിമുട്ടേണ്ടി വന്നില്ല.

ജില്ലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗ ഘടകങ്ങൾ എന്ന വിഷയത്തിലായിരുന്നു ഗവേഷണം. അരൂർ മേഖലയിലെ മത്സ്യ സംസ്കരണശാലകൾ, വ്യവസായ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നു തള്ളുന്ന മാലിന്യം മൂലം കായൽ നശിക്കുന്നതും പരമ്പരാഗതമായി ലഭിച്ചുകൊണ്ടിരുന്ന മത്സ്യങ്ങളുടെ വംശനാശവുമൊക്കെ ഗവേഷണത്തിലുണ്ട്.

മത്സ്യത്തൊഴിലാളികൾക്കു വേമ്പനാട്ടു കായലോരത്ത് വള്ളം ഇറക്കുന്നതിനും അടുപ്പിക്കുന്നതിനുമുള്ള സൗകര്യം ഇല്ലാത്തത്,മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ആരോഗ്യ പ്രശ്നങ്ങൾ, കടബാധ്യതകൾ, തണ്ണീർമുക്കം ബണ്ടിന്റെ പ്രവർത്തനം കാര്യക്ഷമമല്ലാത്തതിനാൽ കായലിൽ ഉപ്പിന്റെ സാന്ദ്രത കുറഞ്ഞ് മത്സ്യസമ്പത്തിനെ ബാധിക്കുന്നത് തുടങ്ങിയവയൊക്കെ പഠനവിഷയമായി. 

അരൂർ, അരൂക്കുറ്റി, അന്ധകാരനഴി എന്നിങ്ങനെ മൂന്നു കേന്ദ്രങ്ങളിൽ നിന്നാണ് വിവരശേഖരണം നടത്തിയത്. അരൂക്കുറ്റിയിൽ 13 വാർഡുകളും പട്ടണക്കാട് പഞ്ചായത്തിലെ 17,18 വാർഡുകളും അരൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളും  ഉൾപ്പെടുത്തി. ഇവിടെയുള്ള 150 മത്സ്യത്തൊഴിലാളികളിൽ നിന്നു ശേഖരിച്ച ചോദ്യങ്ങളാണ് ഗവേഷണത്തിനെടുത്തത്.

നാട്ടകം ഗുഡ് ഷെപ്പേർഡ് കോളജ് ചെയർമാൻ പ്രഫ.ആർ.വി.ജോസിന്റെ മേൽനോട്ടത്തിൽ 9 വർഷംകൊണ്ടാണു പ്രബന്ധം പൂർത്തിയായത്. കേരള സർവകലാശാലയിൽ നിന്നു സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയശേഷമാണു ജ്യോതിഷ് ഗവേഷണമാരംഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com