ADVERTISEMENT

ആലപ്പുഴ ∙ ചെങ്ങന്നൂ‍ർ ഉദയകുമാർ ഇൻഡോർ സ്റ്റേഡിയത്തിന്റെ പണികൾക്കു വേഗം കൂട്ടാനും ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയം നിർമാണം തുടങ്ങാൻ തടസ്സമായ സ്ഥലത്തർക്കം ചർച്ചയിലൂടെ തീർക്കാനും തീരുമാനം. പ്രീതികുളങ്ങര സ്കൂൾ സ്റ്റേഡിയം ഒക്ടോബർ 15ന് ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ മുൻകയ്യെടുത്ത് മന്ത്രി വി.അബ്ദുറഹ്മാന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്തു ചേർന്ന യോഗത്തിൽ ഇവയുൾപ്പെടെ ജില്ലയിലെ പ്രധാന കായിക പദ്ധതികൾ ചർച്ച ചെയ്തു.

ചെങ്ങന്നൂർ സ്റ്റേഡിയം നിർമാണത്തിന്റെ കരാറുകാരന് കുടിശികയുള്ള പണം രണ്ടാഴ്ചയ്ക്കകം നൽകാൻ കിറ്റ്കോയ്ക്കും കിഫ്ബിക്കും നിർദേശം നൽകി. ഇഎംഎസ് സ്റ്റേഡിയം രണ്ടാംഘട്ടം പണിക്കു തടസ്സമായ, സ്ഥലം ഉടമസ്ഥത സംബന്ധിച്ച കേസ് ബന്ധപ്പെട്ട വ്യക്തികളുമായി ചർച്ച ചെയ്ത് പരിഹരിക്കാൻ എംഎൽഎമാരായ എച്ച്.സലാം, പി.പി.ചിത്തരഞ്ജൻ,

നഗരസഭാധ്യക്ഷ സൗമ്യ രാജ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ.ജോസഫ് എന്നിവർ ഉൾപ്പെട്ട സമിതിയെ ചുമതലപ്പെടുത്തി. മെഡിക്കൽ കോളജിൽ സ്പോർട്സ് മെഡിസിൻ വിഭാഗം തുടങ്ങാൻ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് നടപടിയെടുക്കുമെന്ന് കായിക മന്ത്രി അറിയിച്ചു. എംഎൽഎമാരായ എച്ച്.സലാം, പി.പി.ചിത്തരഞ്ജൻ, വി.എസ്.അരുൺ കുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

മറ്റു തീരുമാനങ്ങൾ

∙ അമ്പലപ്പുഴ ഗവ. കോളജ് സ്റ്റേഡിയം നിർമാണത്തിനായി എംഎൽഎയുടെ നേതൃത്വത്തിൽ കോളജ് അധികൃതരുടെയും സ്പോർട്സ് കൗൺസിൽ പ്രതിനിധികളുടെയും യോഗം വിളിക്കും.

∙ റോവിങ് അക്കാദമിയുടെ സ്ഥലമെടുപ്പ്, റോവിങ് ട്രാക്ക് നിർമാണ നടപടികൾ വേഗത്തിലാക്കാൻ ജില്ലാ കലക്ടറുമായി ബന്ധപ്പെട്ട് തുടർ നടപടിയെടുക്കാൻ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റിനെയും സെക്രട്ടറിയെയും ചുമതലപ്പെടുത്തി.

∙ പള്ളിപ്പുറം ഐഎച്ച്ആർഡി സ്റ്റേഡിയം പണി ഉടൻ തുടങ്ങാൻ കായിക ഡയറക്ടർക്ക് നിർദേശം നൽകി.

∙ 2019 – 20 ബജറ്റിൽ പ്രഖ്യാപിച്ച കണിച്ചുകുളങ്ങര എച്ച്എസ്എസ് സ്റ്റേഡിയം, ആര്യാട് പഞ്ചായത്ത് മിനി സ്റ്റേഡിയം എന്നിവയുടെ വിശദ പദ്ധതി രേഖ ഉടൻ തയാറാക്കാൻ കായിക ഡയറക്ടർക്ക് നിർദേശം നൽകി.

∙ ഹരിപ്പാട് ബോയ്സ് എച്ച്എസ്എസ് ഗ്രൗണ്ട് നിർമാണത്തിലെ തർക്കം ഹരിപ്പാട് എംഎൽഎയുമായി ചർച്ച ചെയ്തു പരിഹരിക്കാനും  വിശദ പദ്ധതിരേഖ തയാറാക്കാനും കായിക ഡയറക്ടർക്ക് നിർദേശം നൽകി.

∙ താമരക്കുളം സ്റ്റേഡിയം സംബന്ധിച്ച തർക്കം പരിഹരിക്കാൻ മാവേലിക്കര എംഎൽഎയുടെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ ചീഫ് എൻജിനീയർ, കായിക എൻജിനീയറിങ് വിഭാഗം, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രതിനിധികൾ എന്നിവരുടെ യോഗം വിളിക്കും.

∙ മാവേലിക്കരയിൽ ജില്ലാ ഫിറ്റ്നസ് സെന്റർ തുടങ്ങാൻ ടെൻഡർ പൂർത്തിയായി, വർക്ക് ഓർഡർ നൽകിയെന്നും ഇവിടെയുള്ള കോവിഡ് ചികിത്സാ കേന്ദ്രം അവസാനിച്ചാലുടൻ സെന്റർ പ്രവർത്തനം തുടങ്ങുമെന്ന് കായിക ഡയറക്ടർ അറിയിച്ചു. നടപടിക്ക് എംഎൽഎയെ ചുമതലപ്പെടുത്തി. 

∙ കണിയാംകുളം ജിംനാസ്റ്റിക് സെന്ററിന്റെ സ്ഥലത്ത്  ഹോസ്റ്റൽ കോംപ്ലക്സ് നിർമിക്കാൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ വഴി കായിക ഡയറക്ടർക്ക് ശുപാർശ നൽകാൻ ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറിയോടു നിർദേശിച്ചു.

∙ പുന്നപ്ര എൻജിനീയറിങ് കോളജിൽ പിങ്ക് ഇൻഡോർ സ്റ്റേഡിയം നിർമിക്കുന്നതു ചർച്ച ചെയ്യാൻ എംഎൽഎയുടെ നേതൃത്വത്തിൽ യോഗം ചേരും.

∙ ആലപ്പുഴയിലെ രാജാ കേശവദാസ് നീന്തൽക്കുളത്തിന്റെ ബാക്കി പണികൾ വേഗം തീർക്കാൻ കായിക ഡയറക്ടറോടു നിർദേശിച്ചു. നീന്തൽക്കുളം നവംബർ ഒന്നിന് ഉദ്ഘാടനം ചെയ്യും.

∙ കുട്ടനാടൻ കായിക അക്കാദമി തുടങ്ങാനുള്ള ശുപാർശ ഖേലോ ഇന്ത്യ പദ്ധതിയിലേക്കു സമർപ്പിക്കാൻ കായിക ഡയറക്ടറോടു നിർദേശിച്ചു.

∙ കഴിഞ്ഞ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച കോസ്റ്റൽ റോവിങ് അക്കാദമി ചെത്തിയിൽ തുടങ്ങാനുള്ള നടപടിയെടുക്കാൻ കായിക ഡയറക്ടറെ ചുമതലപ്പെടുത്തി.

ഇഎംഎസ് സ്റ്റേഡിയം: തർക്കം പരിഹരിച്ചാലുടൻ നിർമാണം തുടങ്ങും

സ്ഥലം സംബന്ധിച്ച തർക്കം പരിഹരിച്ചാലുടൻ ഇഎംഎസ് സ്റ്റേഡിയത്തിന്റെ നിർമാണം കായിക വകുപ്പ് ആരംഭിക്കുമെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ ഭാരവാഹികൾ അറിയിച്ചു. നീന്തൽക്കുളവുമായി ബന്ധപ്പെട്ട സാങ്കേതിക വിദഗ്ധരും അക്വാട്ടിക് അസോസിയേഷൻ പ്രതിനിധികളും സ്പോർട്സ് കൗൺസിൽ ഭാരവാഹികളും വകുപ്പുതല ഉദ്യോഗസ്ഥരും ഉൾപ്പെട്ട ഉന്നത സാങ്കേതിക വിദഗ്ധ സമിതി ഇന്ന് യോഗം ചേരും.

തീരദേശ റോവിങ് അക്കാദമി, കുട്ടനാട്ടിൽ വാട്ടർ സ്പോർട്സ് അക്കാദമി എന്നിവയ്ക്കു മുൻകയ്യെടുക്കാൻ ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. പ്രസിഡന്റ് പി.ജെ.ജോസഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.ജി.വിഷ്ണു, സെക്രട്ടറി എൻ.പ്രദീപ് കുമാർ, ടി.ജയമോഹൻ, കുര്യൻ ജയിംസ്, ടി.കെ.അനിൽകുമാർ, പി.കെ.ഉമാനാഥൻ, കെ.കെ.പ്രതാപൻ, ജിതശ്രീ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com