ADVERTISEMENT

മാവേലിക്കര ∙ അനുമതി വാങ്ങാത്തതു ചൂണ്ടിക്കാട്ടി നോട്ടിസ് നൽകിയിട്ടും കെഎസ്ആർടിസി ഡിപ്പോ വളപ്പിൽ ഐഒസി പമ്പിനായി നിർമാണം നടത്തിയതിനെ തുടർന്നു നഗരസഭ സ്റ്റോപ് മെമ്മോ നൽകി. ഇന്നലെ നടന്ന കൗൺസിൽ യോഗത്തിനു ശേഷം നഗരസഭ അധ്യക്ഷൻ കെ.വി.ശ്രീകുമാറിന്റെ നേതൃത്വത്തിൽ കോൺഗ്രസ്, ബിജെപി കൗൺസിലർമാർ സ്ഥലം സന്ദർശിച്ചു. നഗരസഭ സെക്രട്ടറി എ.എം.മുംതാംസ്, എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.

നിർമാണം നടക്കുന്നില്ലെന്ന കെഎസ്ആർടിസി അധികൃതരുടെ അറിയിപ്പിനു വിരുദ്ധമായി ബസ് യാർഡിന്റെ പകുതിയിലേറെ സ്ഥലത്തു കുഴിയെടുത്തു ബേസ്മെന്റ് നിർമാണം നടക്കുന്നതു ശ്രദ്ധയിൽപെട്ടതിനെ തുടർന്നു സ്റ്റോപ് മെമ്മോ നൽകി. പമ്പ് സ്ഥാപിക്കുന്നതിനു നിയമാനുസൃതമായ അനുമതി വാങ്ങണമെന്നും സ്ഥലപരിമിതിയുള്ള ഡിപ്പോയിൽ പമ്പ് കൂടി വരുമ്പോൾ അപകട സാധ്യത വർധിക്കുമെന്നും ഫലത്തിൽ ഡിപ്പോ മാറ്റുന്ന സാഹചര്യം ഉടലെടുക്കുമെന്നും കോൺഗ്രസ്, ബിജെപി കൗൺസിലർമാർ കൗൺസിലിൽ നിലപാടെടുത്തു.

നിർമാണത്തിനു നിയമപരമായ അനുമതി വാങ്ങണമെന്നും എന്നാൽ സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപദ്ധതിയിൽ ഉൾപ്പെട്ട പദ്ധതി അട്ടിമറിക്കാനുള്ള ശ്രമത്തോടു യോജിക്കാനാവില്ലെന്നും എൽഡിഎഫ് കൗൺസിലർമാരും വ്യക്തമാക്കി. ഡിപ്പോ ഇവിടെ നിന്നു മാറ്റില്ലെന്നു എം.എസ്.അരുൺകുമാർ എംഎൽഎ ഫോണിൽ വിളിച്ചു തന്നെ അറിയിച്ചതായി നഗരസഭ അധ്യക്ഷൻ കെ.വി.ശ്രീകുമാർ കൗൺസിലിൽ പറഞ്ഞു. 

കൗൺസിൽ യോഗം ബഹിഷ്കരിച്ച് എൽഡിഎഫ്  

മാവേലിക്കര ∙ കെഎസ്ആർടിസി ഡിപ്പോ വളപ്പിൽ ഐഒസി പമ്പ് സംബന്ധിച്ച വിഷയം ചർച്ച ചെയ്യാൻ ചേർന്ന അടിയന്തിര കൗൺസിൽ യോഗത്തിനിടെ എൽ‍ഡിഎഫ് കൗൺസിലർമാർ ഇറങ്ങിപ്പോയി. ഡയസിലിരിക്കുന്ന ഉപാധ്യക്ഷ ലളിത രവീന്ദ്രനാഥ് കാര്യങ്ങൾ വിശദീകരിക്കണ്ടെന്നും അതിനു അധ്യക്ഷനുണ്ടെന്നും ചൂണ്ടിക്കാട്ടി എൽഡിഎഫ് കൗൺസിലർമാർ ബഹളം വച്ചു.

എന്നാൽ അധ്യക്ഷന്റെ അനുവാദത്തോടെ ഡയസിലിരിക്കുന്നവർക്കു സംസാരിക്കാമെന്നു ഉപാധ്യക്ഷ പറഞ്ഞു. തന്റെ അനുവാദത്തോടെയാണു ഉപാധ്യക്ഷ കാര്യങ്ങൾ വിശദീകരിച്ചതെന്നു അധ്യക്ഷൻ കെ.വി.ശ്രീകുമാർ പറഞ്ഞതിനെ തുടർന്നു ലളിത സംസാരിക്കാൻ തുടങ്ങിയപ്പോൾ എൽ‍ഡിഎഫ് അംഗങ്ങൾ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോകുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com