ADVERTISEMENT

അടിസ്ഥാന സൗകര്യങ്ങളില്ലാതെ ദുരിതാശ്വാസ ക്യാംപുകൾ 

എടത്വ ∙ വീട്ടിൽ നിന്നിറങ്ങിയപ്പോഴാണ് അവസാനമായി ശുചിമുറിയിൽ പോയത്. സ്കൂളിലെ ശുചിമുറികൾ മുങ്ങിപ്പോയി. സ്ത്രീകളും പുരുഷന്മാരുമടക്കം ജനങ്ങൾ കൂട്ടമായി നിൽക്കുന്നതിനാൽ എവിടെ പോകാനാണ് ഞങ്ങൾ? എങ്ങനെയെങ്കിലും ഇരുട്ടായാൽ മതിയായിരുന്നു – തലവടി ഗവ.വൊക്കേഷനൽ ഹയർ‍‍സെക്ക‍ൻഡറി സ്കൂളിൽ തുടങ്ങിയ ദുരിതാശ്വാസ ക്യാംപിൽ എത്തിയ നാൽപതുകാരി ദുരിതം വിവരിച്ചു. ജീവൻ രക്ഷിക്കാനുള്ള നൊട്ടോട്ടത്തിനിടെ കയ്യിൽ കിട്ടിയവ വാരിയെടുത്ത് പ്രതീക്ഷയുടെ കരതേടി പാഞ്ഞെത്തിയവരാണ് ക്യാംപുകളിൽ കഴിയുന്നത്.

ഒരു വയസ്സുകാരനും എൺപത്താറുകാരിയും അടക്കമുള്ള ജനങ്ങൾ ഒരു കൂരയ്ക്കു കീഴിൽ ഒരു നേരത്തെ ഭക്ഷണത്തിനായി കാത്തുനിൽക്കുന്നു. പലരുടെയും വീടുകൾ മുങ്ങിക്കഴിഞ്ഞു. പലരുടെയും കണ്ണുകളിലൂടെ നോവ് ഒഴുകിപ്പരക്കുന്നു.സ്കൂളുകളിൽ സംഘടിപ്പിക്കുന്ന ദുരിതാശ്വാസ ക്യാംപുകളിൽ‌ എല്ലാ റൂമിലും 3 വീട്ടുകാരെ വീതമാണു പാർപ്പിക്കുന്നത്. അവിടേക്ക് വെള്ളവും വെളിച്ചവും ഇനിയും എത്തിയിട്ടില്ല. ശുദ്ധജലത്തിനായി സമീപത്തെ ടാപ്പുകളിലേക്ക് പാഞ്ഞാലും നിരാശയാണു ഫലം.

 വെളിച്ചത്തിന് മെഴുകുതിരികൾ മാത്രമാണ് ഏക ആശ്രയം. ചെളിവെള്ളത്തിലാണ് അലക്കും കുളിയും. പുഴക്കരയിലെ കുളിക്കു രാത്രിയുടെ മറ തേട‌ി കാത്തിരിക്കുകയാണു സ്ത്രീകൾ. കോവിഡ് പേടിയുള്ളതിനാൽ ഒഴുകിപ്പോയ മാസ്ക്കുകൾക്ക് പകരം നനഞ്ഞൊട്ടുന്ന തോർത്താണ് പലരും ധരിച്ചിരിക്കുന്നത്. ഭക്ഷണത്തിനായും ബുദ്ധിമുട്ടുന്നുണ്ടെന്ന് തലവടി ക്യാംപിലുള്ളവർ പറയുന്നു. അടിസ്ഥാന സൗകര്യങ്ങൾ എത്രയും വേഗം എത്തിക്കണമെന്നാണ് ഇവരുടെ ആവശ്യം.

സാനിറ്ററി നാപ്കിൻ അടിയന്തര ആവശ്യം

ക്യാംപുകളിലെ പെൺകുട്ടികളുടെയും സ്തീകളുടെയും അവസ്ഥ ദുരിതം നിറഞ്ഞതാണ്. ‘ ആർത്തവദിനമാണ്. സകലതും നനഞ്ഞു. മരണപ്പാച്ചിലിനിടയിൽ അടിവസ്ത്രങ്ങൾ എടുക്കാൻ വിട്ടുപോയി. എന്തുചെയ്യണമെന്നറിയില്ല.. ഉപയോഗിച്ചവ കളയാനും മാർഗമില്ല’ – പതിനേഴുകാരി വേദനയോടെ പറയുന്നു.

ഭീഷണിയായി കോവിഡ്

ചക്കുളത്തുകാവിലമ്മ ഓഡിറ്റോറിയത്തിലെ ക്യാംപിൽ 230 പേരാണ് നിലവിൽ എത്തിയിട്ടുള്ളത്. സാമൂഹിക അകലം പാലിക്കാൻ ഇട്ടാവട്ടത്ത് എവിടെ സ്ഥലം എന്നതാണ് ആളുകളുടെ ചോദ്യം. കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ ദുരിതാശ്വാസ ക്യാംപുകളിൽ ആളുകളുടെ എണ്ണം ക്രമീകരിക്കണമെന്ന മുന്നറിയിപ്പെല്ലാം മുന്നിലുണ്ടെങ്കിലും എങ്ങനെ നടപ്പാക്കുമെന്ന ആശങ്കയിലാണ് അധികൃതരും.

ഗർഭസ്ഥശിശു മുതൽ ഗുരുതരരോഗികൾ വരെ

8മാസം ഗർഭിണിയായ സുജിത വെള്ളം ഉയർന്നതിനാൽ നീന്തിയാണ് വീട്ടിൽനിന്നു പുറത്തുകടന്നത്. പെട്ടന്നുള്ള വരവായതിനാൽ പ്രസവത്തിനായി കരുതിയ തുണികളടക്കം ഒന്നും എടുക്കാനും കഴിഞ്ഞില്ല. ക്യാംപിൽ നിന്നു കിട്ടുന്നതു മാത്രമാണ് ഭക്ഷണം. തലവടി ആശുപത്രിയിലെ ഡോക്ടർ വിളിച്ച് പകർന്ന ധൈര്യമാണ് ആശ്രയം. തലേന്നാണ് തന്റെ കടിഞ്ഞൂൽ കൺമണിയുടെ തുണികൾ വയ്ക്കാനായി പുതിയ അലമാര വാങ്ങിയത്. അതു കണ്ടു കൊതി തീർന്നിട്ടില്ല. തിരിച്ചെത്തുമ്പോഴേക്കും എന്തെങ്കിലും മിച്ചമുണ്ടാകുമോയെന്ന് ദൈവത്തിനറിയാം.

ചക്കുളത്തുകാവിലമ്മ ഓഡിറ്റോറിയത്തിലെ ക്യാംപിൽ കഴിയുന്ന സുജിത പറഞ്ഞു നിർത്തി.കാൻസറിനാൽ വല‍ഞ്ഞ് കീമോയിൽ അഭയം തേടുന്ന 82കാരി ഭാർഗവിയും ഹൃദയവാൽവിന് തടസ്സം വന്നതിനാൽ ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ മകൻ അശോകനും (43) ഇതേ ക്യാംപിന്റെ മൂലയിൽ ഒരുമിച്ചുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com