ADVERTISEMENT

ആലപ്പുഴ ∙ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിലെ ജനങ്ങളെ അടിയന്തരമായി ഒഴിപ്പിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റാൻ നടപടി തുടങ്ങി. മന്ത്രിമാരായ കെ.രാജൻ, സജി ചെറിയാൻ, പി.പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിന്റെ തീരുമാനം അനുസരിച്ചാണിത്. ഒഴിപ്പിക്കൽ നടപടികൾക്ക് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിട്ടു.അപകടസാധ്യതാ മേഖലകളിൽനിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ പഞ്ചായത്ത് പ്രസിഡന്റുമാരും ജനപ്രതിനിധികളും വില്ലേജ് ഓഫിസർമാരും സജീവ ഇടപെടൽ നടത്തണം. ജനങ്ങൾ വീട് വിട്ടുപോകാൻ തയാറാകുന്നില്ലെങ്കിൽ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കണം.പൊലീസും അഗ്നിരക്ഷാ സേനയും സർവസജ്ജമാണ്. എൻഡിആർഎഫിന്റെ 2 സംഘങ്ങളുമുണ്ട്. മത്സ്യത്തൊഴിലാളികളുടെ 23 സംഘങ്ങൾ സേവനസന്നദ്ധമാണ്.

ദുരന്തനിവാരണവുമായി ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ 24 വരെ അവധിയെടുക്കരുത്. നിലവിൽ സേവന മേഖലയ്ക്ക് പുറത്തുനിന്നെത്തി മടങ്ങുന്നവർ ഓഫിസിനടുത്തു തന്നെ താമസിക്കണം. ക്യാംപുകളിൽ ശുദ്ധജലം, ഭക്ഷണം, വൈദ്യുതി തുടങ്ങിയവ ഉറപ്പാക്കും. വസ്ത്രങ്ങൾ ഉൾപ്പെടെ അവശ്യ വസ്തുക്കൾ ഉറപ്പാക്കാൻ താൽക്കാലിക ശേഖരണകേന്ദ്രങ്ങൾ തുടങ്ങുന്നതിന്റെ സാധ്യത പരിശോധിക്കാനും മന്ത്രിമാർ നിർദേശിച്ചു.

എംപിമാരായ എ.എം.ആരിഫ്, കൊടിക്കുന്നിൽ സുരേഷ്, എംഎൽഎമാരായ പി.പി.ചിത്തരഞ്ജൻ, എച്ച്.സലാം, യു.പ്രതിഭ, എം.എസ്.അരുൺകുമാർ, ദലീമ ജോജോ, തോമസ് കെ.തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, ജില്ലാ കലക്ടർ എ.അലക്‌സാണ്ടർ, ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവ്, ജില്ലാ വികസന കമ്മിഷണർ കെ.എസ്.അഞ്ജു, എഡിഎം ജെ.മോബി തുടങ്ങിയവർ പങ്കെടുത്തു.

കുട്ടനാട്ടിലെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ ഉത്തരവ്

കുട്ടനാട് മേഖലയിലെ ജനങ്ങളെ സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റാൻ ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ എ.അലക്സാണ്ടർ ഉത്തരവിട്ടു. മന്ത്രിമാരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലെ തീരുമാനം അനുസരിച്ചാണിത്. കുട്ടനാട് മേഖലയിൽനിന്ന് മാറ്റുന്നവരെ അമ്പലപ്പുഴ, ചങ്ങനാശേരി താലൂക്കുകളിലെ കേന്ദ്രങ്ങളിലാകും താമസിപ്പിക്കുക.

ജില്ലാ വികസന കമ്മിഷണർ എസ്.അഞ്ജു (7306953399), സബ് കലക്ടർ സൂരജ് ഷാജി (9447495002), എൽആർ ഡപ്യൂട്ടി കലക്ടർ എസ്.സന്തോഷ് കുമാർ (8547610046), തിരഞ്ഞെടുപ്പ് ഡപ്യൂട്ടി കലക്ടർ ആന്റണി സ്കറിയ (9447787877) എന്നിവർ നടപടികൾ ഏകോപിപ്പിക്കും.ഈ ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ജനങ്ങളെ സുരക്ഷിതകേന്ദ്രങ്ങളിൽ എത്തിക്കാൻ വിവിധ വകുപ്പുകൾ നിർവഹിക്കേണ്ട ചുമതലകളും ഉത്തരവിലുണ്ട്.

കൺട്രോൾ റൂമുകൾ തുറന്നു

ജില്ലയിൽ മൃഗസംരക്ഷണ, ക്ഷീരവികസന മേഖലകളിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കൺട്രോൾ റൂമുകൾ തുറന്നു.

ഫോൺ നമ്പറുകൾ:

∙മൃഗസംരക്ഷണ വകുപ്പ് – 0477-2252635, 0477-2252636
∙ക്ഷീരവികസന വകുപ്പ്: 0477-2252358, 9446239393

പ്രകൃതിക്ഷോഭത്തിൽ മൃഗങ്ങൾ അപകടത്തിൽപെടുകയോ നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്താൽ അതതു പഞ്ചായത്തിലെ മൃഗാശുപത്രികളിലും വിവരമറിയിക്കാം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com